anuraga karikkin vellam reenu

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 27

എഴുത്തുകാരി: റീനു

പിറ്റേന്ന് ആഘോഷത്തോടെ ആയിരുന്നു ആ വീട് ഉണർന്ന്…. രാവിലെ ബന്ധുക്കളെ കൊണ്ട് നിറഞ്ഞിരുന്നു ആൻസിയുടെ വീട്…. വാട മുല്ല നിറത്തിലുള്ള കല്ലുകൾ പതിപ്പിച്ച ജോർജറ്റിൻറെ സാരിയായിരുന്നു വിവാഹനിശ്ചയത്തിന് ആയി അവൾ തിരഞ്ഞെടുത്തിരുന്നത്…. മിതമായ ഒരുക്കങ്ങളിൽ അവൾ അതിസുന്ദരിയായി തിളങ്ങി… പള്ളിയിലെത്തി അച്ഛൻറെ ആശീർവാദങ്ങളും ഫോട്ടോഗ്രാഫറുടെ നിർദേശങ്ങൾക്ക് അനുസരിച്ച് അലക്സിന് ഒപ്പം നിൽക്കുമ്പോഴും ഹൃദയമിടിപ്പ് വർദ്ധിക്കുന്നത് ആൻസി അറിയുന്നുണ്ടായിരുന്നു…

ഇടയ്ക്കിടെ പാറി എത്തുന്ന അവന്റെ നോട്ടങ്ങൾ അതിൻറെ അർത്ഥം തിരയുന്നുണ്ടായിരുന്നു അവൾ…വാട മുല്ല നിറത്തിലുള്ള കുർത്തയും വീതിയുള്ള ഗോൾഡൻ കരയുള്ള മുണ്ട് ആയിരുന്നു അലക്സ്… ആ തിരക്കുകൾക്കിടയിൽ നിന്ന് ഓരോരുത്തർക്കും നിർദ്ദേശങ്ങൾ കൊടുക്കുന്നുണ്ടായിരുന്നു അവൻ…. വിവാഹനിശ്ചയം ആണെന്നുള്ള യാതൊരുവിധ ചിന്തയുമില്ലാതെ ഓരോ കാര്യങ്ങളും ഉത്തരവാദിത്വത്തോടെ നിന്ന് ചെയ്യുകയായിരുന്നു അവൻ…

വീട്ടിലെ എല്ലാ കാര്യങ്ങൾക്കും നിർദേശം കൊടുക്കുകയും സഹോദരിമാർക്ക് ഉപദേശങ്ങൾ നൽകുകയും ഒക്കെ ചെയ്യുന്ന അലക്സിനെ കണ്ടപ്പോൾ ഒരു നിമിഷം അവൾക്ക് അത്ഭുതമാണ് തോന്നിയത്…. എല്ലാ കാര്യങ്ങളിലും അവൻറെ ഒരു നോട്ടം എത്തുന്നുണ്ട്. ഔസേപ്പിനോടും ഗ്രേസിയോടും എബിയോടും പോലും പലകാര്യങ്ങളും പറയുന്നുണ്ട്…. ഇടയ്ക്കിടെ ആ നോട്ടം തന്റെ മുഖത്തേക്കു പാറിവീഴുന്നുണ്ട്….

ഭക്ഷണം കഴിച്ചോ എന്ന് ഇതിനോടകം രണ്ടുവട്ടം തന്നോട് ചോദിച്ചു കഴിഞ്ഞു, എല്ലാവരോടും ഒരു മടുപ്പ് ഇല്ലാതെ വളരെ സ്നേഹത്തോടെ തിരക്കുകൾക്കിടയിൽ നിന്ന് സംസാരിക്കുന്നുണ്ട് താൻ ആണെങ്കിൽ കുറച്ച് സമയം കൊണ്ട് തന്നെ ഫോട്ടോഗ്രാഫർമാരുടെ ഗോഷ്ടികൾ കണ്ട് മനം മടുത്തു പോയിരുന്നു…. ചിരിക്കാൻ പോലും മറന്നു പോകുന്നു എന്ന അവസ്ഥ…. അവൻ അങ്ങനെയല്ല, വളരെ ക്ഷമയോടെ എല്ലാവരോടും വീണ്ടും സംസാരിക്കുന്നുണ്ട്, ഒരു കൗതുകത്തോടെ ആയിരുന്നു അവൾ നോക്കി നിന്നത്….

അലക്സ്‌ എന്ന് തങ്കലിപികളിൽ കൊത്തിയ മോതിരം വലം കൈയിലെ മോതിരവിരലിൽ അണിഞ്ഞ നിമിഷം അവൻ തൻറെ മേലുള്ള പകുതി അധികാരം നേടി എന്ന് അവളോർക്കുക ആയിരുന്നു…… ആ നിമിഷം തന്നെ മിഴികൾ തമ്മിൽ കോർത്തിരുന്നു….. ഹൃദയത്തിൽ ഉദിച്ച മഴവില്ലിന്റെ ഏഴ് വർണ്ണങ്ങൾ കൊണ്ട് അവൾ മനസ്സിൽ അലക്സിന്റെ പേര് കൊത്തിവച്ചു….! ഒരു പുഞ്ചിരി അവൾക്ക് പാകത്തിന് അവന്റെ ചൊടിയിലും വിരിഞ്ഞു…..

ഫോട്ടോ എടുക്കുവാൻ ഫോട്ടോഗ്രാഫർ പറഞ്ഞപ്പോൾ അല്പം മടിയോടെ എങ്കിലും തൻറെ തോളിൽ അവൻറെ കരങ്ങൾ പറഞ്ഞപ്പോൾ ശരീരത്തിലേക്ക് ഒരു മിന്നൽ വീണ്ടുമെത്തുന്നത് ആൻസി അറിഞ്ഞിരുന്നു….. പരിചയമില്ലാത്തവരെ ഓരോരുത്തരെയും തനിക്ക് പരിചയപ്പെടുത്തി തന്നിരുന്നു….. ചടങ്ങുകളെല്ലാം കഴിഞ്ഞു വീട്ടിലേക്ക് പോകുന്നതിനു മുൻപ് അപ്പച്ചന് അടുത്തുവന്ന് എല്ലാ കാര്യങ്ങളും ശരിയായ രീതിയിൽ ആണോ എന്ന് ചോദിക്കുവാൻ മറന്നില്ല, എല്ലാ കാര്യങ്ങളിലും ഉത്തരവാദിത്വത്തോടെ ഓടിനടക്കുന്നു ആ മിഴികൾ….

ഇടയ്ക്ക് തന്റെ മിഴികളെ പുണരുന്നുണ്ട് അവ….! ഒരാഴ്ച കൂടി കഴിഞ്ഞാൽ താൻ അവൻറെ ഭാര്യയാണ് എന്ന ആ ഒരു ചിന്ത അവളിൽ സമ്മിശ്ര വികാരങ്ങളാണ് ഉണ്ടാക്കിയത്, അരികത്തു ഉണ്ടേലും കനവിൽ ആണ് കൂടുതൽ അവൻ നിറയുക…! ഹൃദയതന്ത്രി മീട്ടുക ആണവൻ ..! സന്തോഷവും അതോടൊപ്പം പരവേശവും എല്ലാ അവളിൽ നിറയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു, തിരികെ വീട്ടിലേക്ക് വന്നപ്പോഴേക്കും ആളും ആരവും ഒരല്പം ഒതുങ്ങിയിരുന്നു, തലേദിവസത്തെ ക്ഷീണം ഉള്ളതുകൊണ്ട് തന്നെ ഓരോരുത്തരും അവരവരുടേതായ വിശ്രമ സ്ഥാനങ്ങൾ കണ്ടുപിടിച്ചു കഴിഞ്ഞു…..

തിരികെ മുറിയിലേക്ക് എത്തി വലംകൈയ്യിൽ ചേർത്തു കിടക്കുന്ന ആ സ്വർണ്ണ ലിപികളാൽ എഴുതിയ വാക്കുകളിലേക്ക് നോക്കി, തൻറെ ഹൃദയത്തിൻറെ ഉടയോൻ പേര്….! ഇനിമുതൽ എന്നും തന്നെ ജീവിതം തെളിഞ്ഞു നൽകേണ്ട ഒരു പേര്….! ഒരു നിമിഷം ആ ഒരു വൻ മനസ്സിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു, ഉള്ളിൽ അനുരാഗത്തിന്റെ മുകുളങ്ങൾ വിടരുന്നത് അവൾ അറിഞ്ഞു..! എന്നും ബഹുമാനത്തോടെ മാത്രം നോക്കിയിട്ടുള്ള ഒരുവൻ, ആദ്യം അധ്യാപകനായി പിന്നെ സുഹൃത്തിന്റെ ജേഷ്ഠൻ ആയി ഇപ്പോഴിതാ തൻറെ ഹൃദയത്തിൻറെ ഉടയോനും ആയിരിക്കുന്നു….!

ഹൃദയം വീണ്ടും മറ്റൊരാൾക്ക് വേണ്ടി തുടികൊട്ടി യത് അവളറിഞ്ഞു…! വിവാഹത്തിന് ഒരാഴ്ച കൂടി ഉള്ളതുകൊണ്ട് ലീവ് എടുത്തിരുന്നില്ല അവൾ, വീട്ടിൽ ഇരുന്നിട്ട് പ്രേത്യകിച്ച് കാര്യം ഇല്ലാരുന്നു… ബന്ധുക്കൾ എന്ന് പറയാൻ ഒരുപാട് പേര് ഉണ്ടെങ്കിലും അടുപ്പമുള്ളവർ കുറച്ചേ ഉള്ളു, അവരൊക്കെ വിവാഹത്തിന് തലേന്ന് എത്തു, വലിയ തിരക്കുകൾ ഒന്നും ഇല്ലാത്ത കൊണ്ട് പിറ്റേന്ന് മുതൽ ഡിസ്പെൻസറിയിൽ പോകണം എന്ന് തീരുമാനിച്ചിരുന്നു, രാവിലെ പോകാനായി ഒരുങ്ങിയപ്പോൾ ഗ്രേസി ആണ് ഓടിവന്ന് ചോദിച്ചത് പോവുകയാണോ എന്ന്….

ഒരുപാട് ദിവസം ലീവ് എടുത്തു അതുകൊണ്ടുതന്നെ പോകാതിരിക്കാൻ പറ്റില്ല എന്ന് അമ്മച്ചിയോട് പറഞ്ഞിരുന്നു…! ഭക്ഷണം ഒന്നും ആയിട്ടില്ല എന്ന ആകുലത ആയിരുന്നു ആ മുഖത്ത്… അത്‌ സാരം ഇല്ലെന്നും പുറത്തു നിന്ന് വാങ്ങിക്കൊള്ളാം എന്നും പറഞ്ഞു മുഖത്തോരുമ്മ കൊടുത്തൂ നടന്നപ്പോൾ എബിയും ഉണ്ടായിരുന്നു കൂടെ നടന്നു വരാൻ, പുലരിമഞ്ഞു നനച്ച ആ ഇടവഴികളിൽ കൂടി നടന്നപ്പോൾ കുട്ടിക്കാലത്ത് ഒരുപാട് കാര്യങ്ങൾ അവനു പറയാനുണ്ടായിരുന്നു, ആദ്യമായാണ് അവൻ അങ്ങനെയൊക്കെ സംസാരിക്കുന്നത്…

ഒരു പക്ഷെ ഇനിയെന്നാണ് അവനോടൊപ്പം ഇങ്ങനെ പഴംകഥകൾ ഒക്കെ പറഞ്ഞു നടക്കാൻ പറ്റുന്നത് എന്നായിരുന്നു അവനും ഓർത്തത്…. ഒരുപക്ഷേ ആ ഒരു ഓർമ്മയിൽ ആയിരിക്കും തങ്ങളുടെ കഴിഞ്ഞുപോയ ഒരു കാലഘട്ടം തന്നെ തന്നോട് സംസാരിച്ചത്, പക്വതയുള്ള ഒരു ആണിനെ പോലെ തോന്നിയിരുന്നു അവനെ കണ്ടപ്പോൾ… ആ നിമിഷം തൻറെ ചിറകിൻ കീഴിൽ ഒതുങ്ങിനിന്ന ആ കൊച്ചു പയ്യൻ ഉത്തരവാദിത്വമുള്ള ഒരു പുരുഷനെ പോലെ സംസാരിക്കുന്നത് ഒട്ടൊരു കൗതുകത്തോടെ നോക്കി അവൾ….

തന്നെ ബസ് കയറ്റി വിട്ടതിന് ശേഷമാണ് അവൻ സ്കൂളിലേക്ക് പോയത്, ബസ്സിൽ ഇരിക്കുമ്പോഴും പലവിധ ചിന്തകളായിരുന്നു….. ഡിസ്പെൻസറിയിൽ അന്ന് നല്ല തിരക്കുള്ള ദിവസമായിരുന്നു, വലിയ തിരക്കോടേ എന്തൊക്കെയോ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു….. അതിനിടയിലാണ് ഷർട്ടിൽ ചോരയുമായി പ്രിയമുള്ളൊരാൾ കയറി വരുന്നത് കണ്ടത്…. ഒരു നിമിഷം ഹൃദയം ഒന്ന് പിടഞ്ഞു…. ഭയം സിരകളെ ആവരണം ചെയ്തു…. അലക്സിന്റെ മുഖത്തെ പരിഭ്രമം അവളെ ഒരിക്കൽ കൂടി പേടിപ്പിച്ചു…..

എന്നാൽ അടുത്ത നിമിഷമാണ് അലക്സിന്റെ വണ്ടിയിൽ നിന്നും മറ്റൊരാളെ ഇറക്കുന്നത് കണ്ടത്, ” എന്താ…..എന്തു പറ്റി…? അല്പം ആകുലതയോടെ ആണ് അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചത്, ” ഒരു ആക്സിഡൻറ്….! ചോര കുറേ പോയി….!ഫസ്റ്റ് ഐഡ് ആയി എന്തെങ്കിലും ഒരു മരുന്ന് കൊടുക്കണം, അത് കഴിഞ്ഞിട്ട് മെഡിക്കൽ കോളേജിലേക്ക് പോകാനാ…. അത് കേട്ടപ്പോഴാണ് വർധിച്ച ഹൃദയം മിടുപ്പ് ഹൃദയം പൂർവ്വ സ്ഥിതിയിലേക്ക് വന്നത്, അപ്പോഴേക്കും ഡോക്ടർ വന്നിരുന്നു…. ” എന്തുപറ്റി അലക്സ്…. ആളോട് ഡോക്ടർ ചോദിച്ചു… ”

ഒരു ആക്സിഡണ്ട് കേസ് ആണ് ഡോക്ടറെ എന്തെങ്കിലും ഒരു ഫസ്റ്റ് എയ്ഡ് ചെയ്താൽ ഇപ്പോൾ തന്നെ മെഡിക്കൽ കോളേജിലേക്ക് പറഞ്ഞു വിടാമായിരുന്നു, ഡോക്ടർ അയാളെ നോക്കുകയും ആവശ്യമുള്ള കാര്യങ്ങൾ ആൻസിയോട് പറയുകയും ചെയ്തു…. അതെല്ലാം അവൾ ചെയ്ത സമയം കൊണ്ട് തന്നെ അലക്സിനെ ആംബുലൻസ് വിളിച്ചിരുന്നു…. ആംബുലൻസിൽ അയാളെ കൊണ്ടുപോകുന്നതിന് ആവിശ്യം ഉള്ള സൗകര്യം എല്ലാം ചെയ്തു കൊടുത്തതിനു ശേഷം അവളെ ഒന്ന് നോക്കി ചിരിച്ചു അലക്സ്‌ ഡോക്ടറുടെ മുറിയിലേക്ക് കയറി പോകുന്നത് കണ്ടിരുന്നു…..

ലീലാമ്മ സിസ്റ്റർ നേരത്തെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ പോയിരുന്നു…. ഭക്ഷണം കൊണ്ടുവരാഞ്ഞ കാര്യം അവരുടെ പറയാനും പോയില്ല…. അലക്സ് മുറിയിൽ നിന്ന് ഇറങ്ങിയിട്ട് വേണം ഡോക്ടറോട് ചോദിച്ചിട്ട് എന്തെങ്കിലും വാങ്ങാൻ, അങ്ങനെ ചിന്തിച്ചുകൊണ്ടിരുന്നു നിമിഷമായിരുന്നു അലക്സ് മുറിയിൽ നിന്നും ഇറങ്ങി വന്നത്…. തന്റെ മുഖത്തേക്ക് നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചിരുന്നു.. ” ഭക്ഷണം കഴിക്കുന്നില്ലേ…?. വാച്ചിൽ നോക്കി ആദ്യം ചോദിച്ചത് അതാണു. ” ഭക്ഷണം ഇന്ന് കൊണ്ടുവന്നില്ല….!

ഇന്നലെ തിരക്കായത് കൊണ്ട് ഞാൻ പോകുന്നില്ല എന്നാണ് അമ്മച്ചി വിചാരിച്ചത്,എന്തെങ്കിലും വാങ്ങണം…. ” സമയം 2:00 ആകാൻ പോകുന്നു, ഇനി എപ്പോൾ വാങ്ങാനാ, ആകുലത നിറഞ്ഞ ചോദ്യം. ” ചേട്ടായി പോയിട്ട്, ഡോക്ടറോട് ചോദിക്കാം എന്ന് കരുതി വരുന്നു….. അപ്പോഴേക്കും ക്യാമ്പിനിൽ നിന്നും ഡോക്ടറും ഇറങ്ങി വന്നിരുന്നു, ” ഡോക്ടർ ഞങ്ങൾ ഒന്ന് പുറത്ത് പോയിട്ട് വരാം… പെട്ടന്ന് അലക്സ് അത് പറഞ്ഞപ്പോൾ ഒരു നിമിഷം ഞെട്ടി പോയി അവൾ ..

പിന്നെ പോവണോ വേണ്ടയോ എന്നുള്ള ചിന്തയിലായിരുന്നു അവളും…. പെട്ടെന്ന് അനുവാദത്തിന് എന്നതു പോലെ ഡോക്ടറുടെ മുഖത്തേക്ക് അവൾ നോക്കി, ” ചെല്ലടോ തന്റെ വുഡ്‌ബി അല്ലേ വിളിക്കുന്നത്, ഡോക്ടർ പറഞ്ഞപ്പോൾ ആ മുഖത്ത് നാണം വിരിയുന്നതും അലക്സ്‌ ഒരു നിമിഷം കൗതുകത്തോടെ കണ്ടിരുന്നു, ?.…കാത്തിരിക്കൂ..?

ഇതിനു മുന്നത്തെ പാർട്ടുകൾവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Similar Posts