anuraga karikkin vellam reenu

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 21

എഴുത്തുകാരി: റീനു

കുറച്ച് സമയം വേണം, ആ സമയം തരില്ലേ…? അവളുടെ മുഖത്തേക്ക് നോക്കി അങ്ങനെ ചോദിക്കുമ്പോഴും അവളുടെ മറുപടി എന്താകും എന്നുള്ള സംശയം അവനിലും ഉണ്ടായിരുന്നു… ?????????? “സമയമെടുക്കുന്നത് ഒന്നും ഒരു ബുദ്ധിമുട്ടുമില്ല…..! പക്ഷേ ചേട്ടായി പൂർണ്ണമനസ്സോടെ ആയിരിക്കണം എന്നെ വിവാഹം കഴിക്കുന്നത്…. ഒരിക്കലും എന്നോട് ഉള്ള സഹതാപത്തിന്റെ പേരിൽ ആകരുത്, അത്‌ എനിക്ക് നിർബന്ധമുണ്ട്…!

ഉറച്ച വാക്കുകൾ ആയിരുന്നു അവളുടെ…! ” ഈ ലോകത്തെ ഏറ്റവും മോശമായ വികാരമാണ് ആൻസി സഹതാപം എന്നു പറയുന്നത്….ആർക്കും ആരുടെയും സഹതാപം ആവശ്യമില്ല, പകരം ആവശ്യമുള്ളത് സംരക്ഷണമാണ്, ആൻസിയൊടെ ഞാനെന്തിനാണ് സഹതപിക്കുന്നത്. എല്ലാവരും പറയുന്നതു പോലെ നമ്മൾക്കിടയിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ.? അങ്ങനെ ആയിരുന്നെങ്കിൽ നമ്മൾ മോശപ്പെട്ട രീതിയിൽ എന്തെങ്കിലും ആയിരുന്നു അവിടെ ചെയ്തിരുന്നതെങ്കിൽ സഹതപിക്കുന്നതിന് ഒരു കാരണം ഉണ്ട്…

ആ കുറ്റബോധത്തിൽ എനിക്ക് ആൻസിയേ വിവാഹം കഴിക്കാമായിരുന്നു…. ഞാൻ മൂലം മാനം നഷ്ടപ്പെട്ട ഒരു പെണ്ണ്, ആ രീതിയിലെങ്കിലും, പക്ഷേ ഇവിടെ അതിനൊന്നും പ്രസക്തി ഇല്ല, വന്നുപോയ പേര് നമുക്ക് രണ്ടുപേർക്കും ഉണ്ട്…. നമ്മൾക്ക് ഉറപ്പുണ്ട് നമ്മുടെ തെറ്റല്ല, അപ്പോൾ ഞാൻ എന്തിൻറെ പേരിലാണ് തന്നോട് സഹതാപം കാണിക്കേണ്ടത്, ഒരു വിഷമം ഉണ്ടായിരുന്നു, അത്‌ ഇപ്പോൾ താൻ പറഞ്ഞപ്പോൾ തീർന്നു, സഹതാപം അല്ല വേദനയുണ്ട്, തന്റെ അവസ്ഥയിലല്ല നിറകണ്ണുകളോടെ എൻറെ മുമ്പിൽ നിന്ന് ആൻസിയുടെ അച്ഛൻറെ അവസ്ഥയിൽ, അദ്ദേഹത്തിന് മുൻപിൽ എനിക്ക് ചെയ്യാൻ സാധിക്കുന്നത് ഇത്രയും ചെറുത് ആണല്ലോ എന്നുള്ള ഒരു വേദന….

ഒരു പക്ഷേ നല്ലൊരു മരുമകനെ ആഗ്രഹിച്ച ആ മനുഷ്യന്റെ മുൻപിലേക്ക് സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളിൽ ആയി ഞാൻ എത്തിപ്പെടുക ആണല്ലോ എന്നുള്ള വേദന….! അവൻ ഒന്ന് നിർത്തി… ” ഇവിടെ സഹതാപത്തിന്റെ ആവശ്യം എനിക്കാണ് ആൻസി, ഈ ലോകത്തിലെ ഏറ്റവും അധമമായ വികാരമാണ് സഹതാപം…! ആൻസിയുടെ മനസ്സറിഞ്ഞ് സ്ഥിതിക്ക് ബാക്കി കാര്യങ്ങൾ ഞാൻ അപ്പച്ചനോട് സംസാരിച്ചു കൊള്ളാം, എങ്ങനെ പോകും..? കൊണ്ടുവിടണോ….?

നിറചിരിയോടെ ചോദിച്ചു അലക്സ്‌. ” വേണ്ട ഞാൻ പൊയ്ക്കോളാം ചേട്ടായി, ” പിന്നെ നാളെ മുതൽ ജോലിക്ക് പോകുന്ന കാര്യം മറക്കണ്ട….. വൈകിട്ട് തന്നെ ഡോക്ടറെ വിളിച്ചു പറയണം, നാളെ മുതൽ ഒരു പുതിയ തുടക്കമാവട്ടെ എല്ലാ അർത്ഥത്തിലും ഇത്…. ” ശരി…! ഒരു നിറഞ്ഞ പുഞ്ചിരി അവന് സമ്മാനിച്ച് തിരികെ നടക്കുമ്പോൾ അവൾ സ്വപ്നം കാണുകയായിരുന്നു പുതിയൊരു പുലരിയെ പറ്റി…. ഒരിക്കൽ പോലും പ്രതീക്ഷിച്ചിട്ടില്ലാത്ത ഒരു ജീവിതത്തെ പറ്റി…. വിധി ഒരു തേരാളി തന്നെയാണ്, അതിൻറെ തേരോട്ടം ഇങ്ങനെ തുടരുകയാണ്….

നമുക്ക് പരിചിതമല്ലാത്ത പലയിടത്തും അത്‌ കൊണ്ടെത്തിക്കുന്നു… നമ്മൾ കണ്ടിട്ട് പോലുമില്ലാത്ത ഊടുവഴികളിലൂടെ അത് നമ്മെ എവിടേയ്ക്കോ കൊണ്ടുചെന്ന് എത്തിക്കുന്നു…. ഒരിക്കൽ പോലും പ്രതീക്ഷിക്കാത്ത ജീവിത പാതകളിലൂടെ അത് നമ്മെ നയിക്കുന്നു… ചിലപ്പോൾ ഒരു മഴതുള്ളി മതി നമ്മുക്ക് സന്തോഷിക്കാൻ, ആ മഴതുള്ളി ആണ് അലക്സ്‌, വിധി എന്ന് തേരാളിയുടെ പടയോട്ടത്തെ പറ്റി ആയിരുന്നു ആ നിമിഷം അവൾ ചിന്തിച്ചിരുന്നത്….! ??????????

തിരികെ വീട്ടിലെത്തുമ്പോൾ പതിവിലും ഉത്സാഹം തോന്നിയിരുന്നു ഓരോ കാര്യങ്ങൾക്കും…. എന്താണ് മനസ്സിന്റെ ഈ തുള്ളി ചാട്ടത്തിന് കാരണം എന്ന് പലവട്ടം അവൾ ചോദിച്ചു നോക്കി… ഇത്രയും പെട്ടെന്ന് തന്നെ ആ ആണൊരുത്തൻ ഹൃദയത്തിൽ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞോ എന്ന്…. അവനോർമ്മകൾ അല്ലതെ മറ്റൊരു ചിന്തയും വരുന്നില്ല ഹൃത്തിൽ…. പ്രകടമായ മാറ്റം വീട്ടിലുള്ളവർക്കു മനസ്സിലായി തുടങ്ങിയിരുന്നു, കാരണം അറിയില്ലെങ്കിലും മകളുടെ മാറ്റത്തിൽ അവർ സന്തോഷിച്ചു…

ജോലിക്ക് പോകും എന്ന് ആദ്യം പറഞ്ഞത് ചാച്ചനോട് ആയിരുന്നു. ആ മുഖത്ത് സന്തോഷം കളിയാടുന്നത് കണ്ടു… കുറച്ചു സമയങ്ങൾക്ക് ശേഷം ആണ് മുറ്റത്തൊരു കാർ വന്നത്, പരിചിതമായ വണ്ടി ആയതു കൊണ്ട് അല്പം പ്രതീക്ഷയോടെയാണ് പുറത്തേക്ക് വന്നത്… ഹൃദയം മുറവിളി കൂട്ടി തുടങ്ങിയിരുന്നു…. ആ വാഹനത്തിന്റെ ശബ്ദം കർണ്ണ തന്ത്രികളിൽ പ്രതിധ്വനി തീർത്തു…. പക്ഷേ കാറിൽ നിന്നും ഇറങ്ങിയത് സണ്ണിച്ചായൻ ആയിരുന്നു എന്ന് കണ്ട മാത്രയിൽ ഒരു നിമിഷം മുഖത്തെ ചമ്മൽ മാറ്റാൻ ഒരു പുഞ്ചിരിക്ക് വഴിവെച്ചു…. ഉടനെ തന്നെ ചാച്ചനും അകത്തു നിന്നും ഇറങ്ങി വന്നിരുന്നു… ”

സണ്ണിയോ….? എന്താ പതിവില്ലാതെ, കയറി വായോ… ചാച്ചൻ ഉത്സാഹത്തോടെ ക്ഷണിച്ചപ്പോൾ ഞാനും പതിയെ അകത്തേക്ക് പിൻവാങ്ങിയിരുന്നു… ” എന്താണ് സണ്ണി പതിവില്ലാതെ, ” അമ്മച്ചി പറഞ്ഞു വിട്ടതാ… കാര്യങ്ങൾക്ക് ഒരു നീക്കുപോക്ക് വേണ്ടേ, ഉച്ചയ്ക്ക് അലക്സ് വീട്ടിൽ വന്നപ്പോൾ അമ്മച്ചി സംസാരിച്ചിരുന്നു, അലക്സിന് എതിർപ്പൊന്നുമില്ല…. ആൻസിക്ക് സമ്മതമാണോന്ന് അറിയാൻ വന്നതാ… അമ്മച്ചി വലിയ പ്രതീക്ഷയിലാ, ഇവിടുന്ന് ഒരു മറുപടി കിട്ടിയാൽ ധൈര്യമായി മുന്നോട്ടു പോകാമല്ലോ….. പ്രതീക്ഷയോടെ ചാച്ചൻ തന്റെ മുഖത്തേക്ക് നോക്കി….

സണ്ണി ഇരിക്കെ, ഞാനിപ്പോ വരാം…. അകത്തേക്ക് കയറി വരുന്ന ചാച്ചന്റെ ഭാവം കണ്ടപ്പോൾ തന്നെ മനസ്സിലായിരുന്നു എന്നോട് ചോദിക്കാൻ ഉള്ള വരവാണെന്ന്, ” എന്താ മോളെ ചാച്ചൻ അവരോട് പറയേണ്ടത്….? മോൾക്ക് ഇഷ്ടമല്ലെങ്കിൽ ഈ നിമിഷം തന്നെ ചാച്ചൻ താല്പര്യമില്ലെന്ന് പറഞ്ഞേക്കാം, ” എനിക്ക് സമ്മത കുറവ് ഒന്നുമില്ലെന്ന് ഞാൻ ഇന്നലെ തന്നെ പറഞ്ഞല്ലോ ചാച്ചാ, ” ഉറപ്പാണല്ലോ ചാച്ചന്റെയും അമ്മയുടെയും അവസ്ഥ ഓർത്ത് കൊച്ചു സമ്മതിക്കുന്ന അല്ലല്ലോ… അങ്ങനെയൊരു ചിന്ത പോലെ എൻറെ മോൾക്ക് വേണ്ട, ഉള്ളതൊക്കെ വിറ്റ് പറക്കിട്ട് ആണെങ്കിലും നിനക്ക് ഇഷ്ടമല്ലെങ്കിൽ ഇഷ്ടമുള്ള കല്യാണം ചാച്ചൻ നടത്തും, അതിനുള്ള ആരോഗ്യം കർത്താവ് ഇപ്പോഴും എനിക്ക് തന്നിട്ടുണ്ട്…!

” എന്തിനാ ചാച്ചൻ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്, വിവാഹത്തെ പറ്റി അങ്ങനെ പ്രത്യേകിച്ച് സങ്കല്പങ്ങൾ ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല… ഇതിപ്പോ ചേട്ടായി ആകുമ്പോൾ അറിയാവുന്ന ആൾ അല്ലേ, നമ്മുടെ നാട്ടിൽ തന്നെ, ചാച്ചൻ, അമ്മച്ചി ഒക്കെ എന്നും കണ്ടു കൊണ്ട്… എനിക്ക് അതിലും വലിയ സന്തോഷം ഒന്നും ഇല്ല, കറുപ്പ് വീണ് കൺതടങ്ങൾ വിടരുന്നത് കണ്ടപ്പോൾ അവളുടെ മനസ്സിലും ഒരു സമാധാനം നിറഞ്ഞിരുന്നു…. തിരികെ പുറത്തേക്കിറങ്ങി വന്ന ഔസേപ്പ് കുറച്ചുകൂടി ഉത്സാഹവാൻ ആണെന്ന് സണ്ണിക്കും തോന്നിയിരുന്നു…. ”

ഞങ്ങൾക്കെല്ലാവർക്കും സമതം ആണ് സണ്ണി, ബാക്കി കാര്യങ്ങൾ എന്താണെന്ന് വെച്ചാൽ നിങ്ങൾ തീരുമാനിച്ചാൽ മതി….! പിന്നെ കുറച്ച് സാവകാശം വേണം ഒരു കല്യാണം അല്ലേ, എൻറെ കൊച്ചിന് വേണ്ടി ഞാനായിട്ട് ഒന്നും ഉണ്ടാക്കിയിട്ടില്ല…. എന്തെങ്കിലും ഒക്കെ ഒന്ന് അവൾക്കു വേണ്ടി ചെയ്യാനുള്ള ഒരു സമയം, ” അച്ചായൻ എന്താ ഉദ്ദേശിക്കുന്നത് സ്ത്രീധനം ആണോ…? ” അങ്ങനെ ഒന്നും പറയാൻ പറ്റുകയില്ല, എങ്കിലും ഒരു പെങ്കൊച്ചിനെ പറഞ്ഞു വിടുമ്പോൾ അതിൻറെ ആയിട്ടുള്ള ചില ചിട്ടവട്ടങ്ങൾ ഒക്കെ ഇല്ലേ… ”

ചിട്ടവട്ടങ്ങൾ ഒക്കെ ഉണ്ടാക്കിയത് ആരാ ഇച്ചായ നമ്മുടെ സമൂഹം തന്നെയല്ലേ, അലക്സ് അങ്ങനെ എന്തെങ്കിലും വാങ്ങുമെന്ന് അച്ചായന് തോന്നുന്നുണ്ടോ…? ‘ അലക്സ്‌ ഒന്നും പറഞ്ഞില്ലെങ്കിലും അത് ചെയ്യുക എന്നുള്ളത് എൻറെ കടമയല്ലേ, ” ഒരു കടമയും ഇല്ല… അവൻ എന്നോട് പറഞ്ഞത് ഇത്‌ മാത്രമാ, പന്തലിൽ കൊച്ച് ഇറങ്ങുമ്പോൾ പ്രത്യേകിച്ച് ഒന്നും വേണ്ടാന്ന്, ഒരു ഇടതുപക്ഷ മുന്നണിയിൽ വിശ്വസിക്കുന്നവൻ ആഡംബരത്തിൽ മതിമറക്കുമെന്ന് തോന്നുന്നുണ്ടോ….? ഇതിപ്പോ പള്ളിൽ വെച്ച് കെട്ടാം എന്ന് പറഞ്ഞ് തന്നെ എന്തോ ഭാഗ്യം….

അമ്മച്ചി പറയുന്നത് പാർട്ടി ഓഫീസിൽ വെച്ച് കല്യാണം നടത്താമെന്ന് പറഞ്ഞില്ലല്ലോ, ഞാനിപ്പോൾ നേരെ അച്ഛന്റെ അടുത്തേക്ക് പോകുന്നത്…. മനസ്സമ്മതം കല്യാണമൊക്കെ ഒരുപാട് താമസമില്ലാതെ ചെയ്യുന്നത് അല്ലേ നല്ലത്, പിന്നെ ധ്യാനവും അങ്ങനെ കുറെ കാര്യങ്ങൾ ഉണ്ടല്ലോ.. അച്ചായനും കൂടി എൻറെ കൂടെ ഇങ്ങ്‌ പോന്നേ, നമുക്ക് ഒരുമിച്ച് ഒരു തീരുമാനമെടുക്കാം.. ഇതിനൊന്നും അലക്സ് വരികയില്ല, അവനെ പാർട്ടി എന്നൊക്കെ പറഞ്ഞു നടക്കുന്നുണ്ട്…. നമ്മുടെ വികാരിയച്ചനും ചെറിയൊരു എതിർപ്പുണ്ട് ഇവനോട്, അതുകൊണ്ട് എന്താണെങ്കിലും അവിടെ വന്നു അച്ഛനോട് ഒന്നു സംസാരിക്ക് അച്ചായൻ, അച്ചായൻ കൂടി പോന്നെ, സണ്ണി പറഞ്ഞു…!

അയാൾ നല്ല ഉത്സാഹവാൻ ആയിരുന്നു…! ” മോളെ ഷർട്ട് ഇങ്ങ് എടുത്തേ, ചാച്ചൻ വിളിച്ചുപറഞ്ഞപ്പോൾ ഷർട്ടുമായി അവൾ ഉമ്മറത്തേക്ക് വന്നിരുന്നു, ” ആൻസിക്ക് എതിർപ്പൊന്നും ഇല്ലല്ലോ അല്ലേ…! ഒരിക്കൽ കൂടി അവളുടെ മുഖത്തേക്ക് നോക്കി സണ്ണി ചോദിച്ചപ്പോൾ, ചൊടിയിൽ വിരിഞ്ഞ പുഞ്ചിരി തന്നെയായിരുന്നു സണ്ണിക്കുള്ള മറുപടി എന്ന് തോന്നി….!ഹൃദ്യമായ ഒരു ചിരി വിടർന്നു… യാത്ര പറഞ്ഞ് സണ്ണിക്കൊപ്പം ആൻസിയും ഒപ്പം ഇറങ്ങിയപ്പോഴേക്കും അമ്മച്ചിയുടെ മുഖവും എബിയുടെ മുഖവും എല്ലാം സന്തോഷത്താൽ നിറയുന്നത് കണ്ടിരുന്നു….

എത്ര പെട്ടെന്നാണ് പ്രകാശം കെട്ടുപോയ ഒരു വീട്ടിൽ അതിമനോഹരമായ ഒരു ദിനം വീണ്ടും വന്നണഞ്ഞത്…. ആ പഴയ സന്തോഷത്തിലേക്ക് വീട് കൂപ്പുകുത്തുന്നത് ഒരു കൗതുകത്തോടെ അവൾ കണ്ടു… അതിനു കാരണക്കാരനായ ഒരുവനെ ഏറെ ഇഷ്ടത്തോടെ ഒന്നോർത്തു…..?…കാത്തിരിക്കൂ..?

ഇതിനു മുന്നത്തെ പാർട്ടുകൾവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Similar Posts