anuraga karikkin vellam reenu

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 32

എഴുത്തുകാരി: റീനു

” ഞാൻ പല്ലുതേപ്പ് ഒക്കെ പൈപ്പിന് ചുവട്ടിൽ ആണ്, എനിക്ക് തൊടിയിൽ കൂടി ഒക്കെ നടന്ന് പല്ലൊക്കെ തേച്ചു കഴിഞ്ഞാലേ എനിക്ക് തൃപ്തി വരൂ, ഇനി കുറച്ചു നേരം കുറെ പണികളുണ്ട്, പച്ചക്കറിക്ക് വെള്ളം ഒഴിക്കലും, റബ്ബർ വെട്ടലും, അങ്ങനെ കുറെ കാര്യങ്ങൾ… എല്ലാം കഴിഞ്ഞു ഞാൻ ഫ്രീ ആകുമ്പോൾ ഒരു 9 മണിയെങ്കിലും ആവും, അതാ ഞാൻ പറഞ്ഞത് കുറച്ചുനേരം കൂടെ പോയി കിടന്നോളാൻ, അപരിചിതത്വം ഇല്ലാതെ പറയുന്നവനെ അവൾ കണ്ണ് ചിമ്മാതെ നോക്കി..

കാപ്പി കുടിച്ചു കഴിഞ്ഞ് അവൻ മെല്ലെ മുറ്റത്തേക്കിറങ്ങി, എന്തുചെയ്യണമെന്നറിയാതെ അവനെ അനുഗമിച്ച ആൻസിയും. പച്ചനിറത്തിലുള്ള ഷീറ്റ് കൊണ്ട് കെട്ടി മറച്ച് അതിമനോഹരമായ ഒരു പൂന്തോട്ടം അവൾക്ക് പുലർകാലത്തിൽ മിഴിവേകിയ ഒരു കാഴ്ചയായി. ചെടികളെല്ലാം നോക്കുകയും വാടിയ ചെടികൾക്ക് വെള്ളം ഒഴിച്ചു കൊടുക്കുകയും ഒക്കെ അവൻ ചെയ്യുന്നത് കൗതുകത്തോടെ കണ്ടിരുന്നു. ഇടയ്ക്കൊരു ചെടിയെ പറ്റി അവൾക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്. ”

ഒരു കാര്യം ചെയ്യ് താൻ ഇവിടെ നിന്ന് ഇതിനു വെള്ളമൊക്കെ നനയ്ക്ക്. ഞാൻ പോയി റബർ വെട്ടിയിട്ട് വരാം. ” അവൾ തലയാട്ടി സമ്മതം അറിയിച്ചപ്പോൾ അവൻ വീടിനോട് തന്നെ ചേർന്നുള്ള ചെറിയ ഒരു മുറിയിലേക്ക് കയറി. അവിടെ നിന്നും മുഷിഞ്ഞ പഴയ ലുങ്കിയും ഉടുത്തു തലയിലൊരു കെട്ടും ഒക്കെ കെട്ടി ഇറങ്ങിവന്നത് കണ്ടു. റബർ വെട്ടാൻ ഉള്ള കത്തിയും ഉണ്ടായിരുന്നു. ” ഞാൻ വരുന്നവരെ ഇവിടെ നിന്ന് നനയ്കണ്ടാട്ടോ, എല്ലാം നനച്ചിട്ട് താൻ കയറി പൊയ്ക്കോ, അപ്പോഴേക്കും അമ്മ ഉണരും… ” ചെറുചിരിയോടെ അവളോട് പറഞ്ഞു അവൻ നടന്നു.

പകലൊന്റെ തിരനോട്ടത്തിനൊപ്പം ആ പുഞ്ചിരി നൽകിയത് മനോഹരം ആയ കാഴ്ച ആയിരുന്നു അവൾക്ക്. ചെടികൾക്ക് വെള്ളം ഒഴിച്ചു കൊണ്ട് ഈ ഇരുന്നപ്പോഴാണ് അകത്തുന്നു ആശ ഇറങ്ങിവന്നത്. ” രാവിലെ ജോലികളൊക്കെ ഏറ്റെടുത്തോ.? ചെറുചിരിയോടെ അരികിൽ വന്ന് ചോദിച്ചു, ” ചേട്ടായി ഏൽപ്പിച്ചിട്ട് പോയതാ,റബ്ബർ വെട്ടാൻ വേണ്ടി പോയി, ചിരിയോടെ പറഞ്ഞു അവൾ. ” ചേട്ടായിക്ക് ഇത്‌ സ്ഥിരം പരിപാടിയാ. ഒരു ആളെ വിളിക്കാൻ പറഞ്ഞാൽ പറ്റില്ല. ടാപ്പിങ് ചേട്ടായിക്ക് തന്നെ ചെയ്യണം, ഭയങ്കര നിർബന്ധം ആണ്.

അതൊക്കെ ഇരിക്കട്ടെ, ആൻസി എന്തിനാ ഇത്ര നേരത്തെ എഴുന്നേറ്റത്..? ഇന്നലെ ഞാൻ അത് പറയാൻ മറന്നു പോയി. ഇവിടെ എല്ലാരും എഴുനെല്കുമ്പോൾ ആറെമുക്കാൽ ഏഴുമണിയോടെ അടുക്കും. രാവിലെ എഴുന്നേൽകുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. ” ഞാൻ പണ്ടുമുതലേ അഞ്ചര ആകുമ്പോഴേക്കും ഉണരും. ഉറക്കം വരില്ല പിന്നെ കിടന്നാൽ, അമ്മച്ചി എന്തിയെ..? ” എഴുന്നേറ്റ് മുഖം ഒക്കെ കഴുകുന്നെ ഉള്ളു. ഞാൻ കാപ്പി ഇട്ടു നിങ്ങളെ പോയി നോക്കിയപ്പോൾ ആരെയും കണ്ടില്ല.

എനിക്ക് തോന്നി അലക്സ് ചേട്ടായി ആൻസിയെ വിളിച്ചോണ്ട് പോയതായിരിക്കും.” ” അയ്യോ ചേട്ടായി എന്നോട് കുറച്ചു നേരം കൂടി കിടന്നോളാൻ പറഞ്ഞതാ, ഞാൻ നിർബന്ധിച്ചു ചേട്ടായിടെ കൂടെ ഇറങ്ങിയത് ആണ്. അതിന് ആശ ഒന്ന് ചിരിച്ചു. ” പിന്നെ ഇനി ആൻസി ചേട്ടായി. എന്ന് വിളിക്കേണ്ട ഞാനും ജീനയും ഒക്കെ വിളിക്കുന്നതല്ലേ, അല്ലെങ്കിലും ഭർത്താവിനെ ആരും അങ്ങനെ ചേട്ടായി എന്നൊന്നും വിളിക്കാറില്ല. ഇച്ചായന്ന് വിളിച്ചാൽ മതി. ചിരിയോടെ ആശ പറഞ്ഞു.. ” പെട്ടെന്ന് ഞാൻ മാറ്റി വിളിക്കുമ്പോൾ എന്ത് വിചാരിക്കും…? മടിയോടെ അവൾ ചോദിച്ചു. ”

എന്ത് വിചാരിക്കാൻ..? ഇനിയിപ്പോ അങ്ങനെ വിളിച്ചാൽ മതി, അല്ല ആൻസിക്ക് ഇഷ്ടം ചേട്ടായി എന്ന് വിളിക്കാൻ ആണെങ്കിൽ അങ്ങനെ വിളിച്ചോ…. ആശ തിരുത്തി. ” അങ്ങനെയല്ല ചേച്ചി, എനിക്കും ഇഷ്ടം ഇച്ചായൻ എന്ന് വിളിക്കാന് ആണ്. പക്ഷേ ആൾക്ക് ഇഷ്ടമായില്ലെങ്കിലോ എന്ന് കരുതിയ, ” അങ്ങനെ ഒന്നും ഇല്ല. സത്യം പറഞ്ഞാൽ നമ്മൾ എന്ത് വിളിക്കുന്നു എന്ന് ചേട്ടായി ശ്രദ്ധിക്കാർ പോലുമില്ല. ആശ പറഞ്ഞു. ആശയ്ക്ക് ഒപ്പം അടുക്കളയിലേക്ക് ചെന്നപ്പോൾ അമ്മച്ചി അവിടെ ഗോതമ്പു ദോശയ്ക്ക് ഉള്ള മാവ് കലക്കുക ആണ്. ” മോൾ എഴുന്നേറ്റോ..?

വാത്സല്ല്യത്തോടെ ചോദിച്ചു. “ആൻസി എന്നും നേരത്തെ ഉണരും എന്ന്” ആശ ആണ് പറഞ്ഞത്. ” സണ്ണി ഉറക്കമാണോഡി ആശയോട് അവർ ചോദിച്ചു ” ഇച്ചായൻ നല്ല ഉറക്കം ആണ്. ഇന്ന് വീട്ടിലേക്ക് പോണം എന്ന് പറഞ്ഞു കൊണ്ട് ഇരിക്കുവാ. ആശ പറഞ്ഞു ” കല്യാണം കഴിഞ്ഞ് പിറ്റേദിവസം നിങ്ങൾ അങ്ങ് പോയാൽ എങ്ങനെയാ… ഒരാഴ്ചയും കൂടെ കഴിയട്ടെ, ഗ്രേസി പറഞ്ഞു. ” ഒരാഴ്ചയോ…! അതൊന്നും നടക്കുന്ന കാര്യമേ അല്ല. ഇപ്പോൾ തന്നെ അവിടെ അമ്മച്ചിക്ക് തീരെ വയ്യ.

ഞാൻ ഇല്ലെങ്കിൽ ഒരു കാര്യങ്ങളും നടക്കില്ല. ഞങ്ങൾ എന്ന് വന്നതാണ് എന്നാണ് അമ്മച്ചി പറയുന്നത്. പിള്ളേരുടെ സ്കൂൾ. ഇവിടുത്തെ കാര്യങ്ങളെല്ലാം ഇപ്പൊ തന്നെ അവതാളത്തിൽ ആയിട്ടുണ്ടാവും. ഇന്ന് പോയില്ലെങ്കിലും നാളെ എന്താണെങ്കിലും ഞങ്ങളു പോകും. ഞാൻ സണ്ണിച്ചായനോട് പറഞ്ഞിട്ടുണ്ട് നാളെ രാവിലത്തേക്ക് പോകാമെന്ന്. പിന്നെ ഇനി ഞാനെന്തിനാ, പുതിയ മോള് വന്നില്ലേ…? ആൻസിയെ നോക്കി ആശ ചോദിച്ചു ” അതിന് ആൻസി ഇവിടെ പുതിയ മോൾ ഒന്നുമല്ലല്ലോ.

ജീനയുടെ കൂടെ വരുന്ന കാലം മുതലേ അവൾ എൻറെ മോളല്ലേ…? ചെറുചിരിയോടെ ഗ്രേസി അത് പറഞ്ഞപ്പോൾ ആൻസിയും പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ” അമ്മച്ചി ഒരു രസം കേട്ടോ..? രാവിലെ തന്നെ കെട്ടിയോനും കെട്ടിയോളും കൂടെ ചെടി നനയ്ക്കൽ ആയിരുന്നു എന്ന്. എന്നിട്ട് ചേട്ടായി റബ്ബർ വെട്ടാൻ പോകുകയും ചെയ്തു. ഈ കൊച്ചിനെ പൂന്തോട്ടം ഏല്പിച്ചു. ഞാൻ നോക്കിയപ്പോൾ ഹോസും പിടിച്ചു നിൽക്കുവാ. ” അവൻ ആയതുകൊണ്ട് അതിൽ വലിയ പുതുമയൊന്നും വേണ്ട.നീ വേഗം ആ മുട്ടയുടെ തോട് പൊളിച്ചേ, പിള്ളേര് എഴുന്നേറ്റ് വരുമ്പോൾ വെറും വയറ്റിൽ ഇത്തിരി മുട്ട കൊടുത്താൽ നല്ലത് ആണ്. ഗ്രേസി പറഞ്ഞപ്പോൾ ആൻസിയാണ് അത് ചെയ്യാൻ വേണ്ടി ചെന്നത്.

ആ സമയം കൊണ്ട് എല്ലാവർക്കും ചായ ഇടുകയായിരുന്നു ആശ. ” ജീന എന്തിയെ.? ആശയാണ് ചോദിച്ചത്. ” എഴുന്നേറ്റിട്ടില്ല ഞാൻ ആദ്യം കുറെ വിളിച്ചതാ, അപ്പോഴെല്ലാം കുറച്ചു നേരം കൂടി കിടക്കട്ടെ അമ്മച്ചി എന്ന് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ഗ്രേസി പറഞ്ഞു. ” അവൾ ജോലി ഒന്നും നോക്കുന്നില്ലേ ആശ ചോദിച്ചു. ” അലക്സ് പറഞ്ഞത് ആണ് ഉടനെ ഒന്നും നോക്കേണ്ടെന്ന്. അതുകൊണ്ട് അവിടെ തന്നെ നിൽക്കുന്നത്. ” ആൻസി ജോലിക്ക് പോകുന്നില്ലേ..? ആശ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു. ” പോകണം എന്നാണ് എൻറെ ആഗ്രഹം.

ചേട്ടയിയോട് അല്ല ഇച്ചായനോട്‌ അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല. ആൻസി നാക്കു കടിച്ചു പറഞ്ഞു. ” ചേട്ടായി എന്നാ പറയാനാ, പോകണമെങ്കിൽ പോവണം. വേണ്ടന്ന് ചേട്ടായി പറയില്ല. അല്ലേ അമ്മച്ചി….? ആശ ഗ്രേസിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു. ” പിന്നല്ലാതെ ഇത്ര അടുത്ത് കിട്ടുന്ന ജോലി എന്നാത്തിനാ വേണ്ടെന്ന് വയ്ക്കുന്നത്. എന്താണെങ്കിലും ജോലിക്ക് പോകണം എന്ന് തന്നെയാണ് എൻറെ അഭിപ്രായം. അലക്സിനും അത് സന്തോഷമാകുകയെ ഉള്ളൂ. എങ്കിലും അവനോട് ചോദിച്ചേക്ക്. ഗ്രേസി പറഞ്ഞപ്പോൾ ചിരിയോടെ ആൻസി തലയാട്ടി. ഒരു ഗ്ലാസ് ചായ ആൻസിക്ക് നേരെ വച്ചുനീട്ടിയ ആശ. “ഇച്ചായൻ വന്നിട്ട് ഞാൻ കുടിച്ചോളാം. ”

അത്‌ പറയാൻ മറന്നു പോയി.. അവന് കുടിക്കില്ല മോളേ, കട്ടൻ ചായയൊ കാപ്പിയോ മാത്രമേ കുടിക്കൂ,പാൽ ഒന്നും ഇഷ്ടം അല്ല, ആൻസി അറിയുകയായിരുന്നു അവൻറെ ഓരോ ഇഷ്ടാനിഷ്ടങ്ങളും. ” അതുപോലെ രാവിലെ പാലപ്പമോ വെള്ളേപ്പമോ വല്ലോം ആണെങ്കിൽ കഴിക്കും, ഇല്ലെങ്കിൽ തിരിഞ്ഞു നോക്കുക പോലുമില്ല, ഇഷ്ടങ്ങൾ ഒക്കെ മനസ്സിൽ ആക്കി വെച്ചോ. ചെറുചിരിയോടെ ആശ അത് പറഞ്ഞപ്പോൾ ഒന്ന് പുഞ്ചിരിച്ചു ആൻസി. ” ജീനയ്ക്ക് ഞാൻ കൊണ്ട് കൊടുക്കാം, ആൻസി പറഞ്ഞു. ” അതൊന്നും വേണ്ട വേണമെങ്കിൽ വന്നു കുടിക്കട്ടെ, അങ്ങനെ കിടക്കുന്നിടത് കൊണ്ടുപോയി ചായ കുടിക്കേണ്ട കാര്യമൊന്നുമില്ല. ഗ്രേസി ആണ് പറഞ്ഞത്.

ആ പുഞ്ചിരിയിൽ എല്ലാരും പങ്കുചേർന്നു.. അപ്പോഴേക്കും എഴുന്നേറ്റ് പാടെ ജീന അടുക്കളയിലേക്ക് കയറി വന്നു.. ” വന്നല്ലോ തമ്പുരാട്ടി പള്ളിയുറക്കം കഴിഞ്ഞു. ആശയാണ് പറഞ്ഞത് ” നിൻറെ നാത്തൂൻ നിനക്ക് ചായ കൊണ്ട് മുറിയിലേക്ക് വരാൻ തുടങ്ങിയിരുന്നു. ഞാനാണ് തടഞ്ഞത്. ഗ്രേസി പറഞ്ഞു ” ആകപ്പാടെ അവൾക്ക് ആണ് ഈ വീട്ടിൽ എന്നോട് ഇഷ്ടം. നിങ്ങളെല്ലാവരും കൂടി പറഞ്ഞു അവൾക്ക് എന്നോടുള്ള ഇഷ്ടം കളയരുത്. എല്ലാവരും ചിരിച്ചിരുന്നു. ” പിന്നേ ഇന്ന് തൊട്ട് നീ അല്ല, ചേട്ടന്റെ ഭാര്യ ആണ്. അതുകൊണ്ട് ചേച്ചിന്നു വിളിക്കണം. ആശ ഓർമിപ്പിച്ചു. ” ഓ.. തമ്പ്രാട്ടി. ജീന പറഞ്ഞു. അപ്പോഴാണ് പൈപ്പിൻ ചുവട്ടിൽ നിന്ന് മുഖം കഴുകുന്ന ആളെ ആൻസി കണ്ടത്. പ്രിയപ്പെട്ട ഒരാളെ കണ്ടതിനാൽ ഹൃദയം ഒന്ന് മിടിച്ചത് അവളറിഞ്ഞു. അരികിലേക്ക് ഓടിയെത്താൻ മനസ്സ് വെമ്പൽ കൊണ്ടു….. കാത്തിരിക്കൂ..❤️

ഇതിനു മുന്നത്തെ പാർട്ടുകൾവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Similar Posts

Leave a Reply

Your email address will not be published. Required fields are marked *