anuraga karikkin vellam reenu

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 14

എഴുത്തുകാരി: റീനു

പുറത്തു നിന്നും സണ്ണിയുടെ വിളിയാണ് ഓർമ്മകളിൽ നിന്നും തിരികെ കൊണ്ടുവന്നത്….. ഒന്ന് എഴുന്നേറ്റ് മുഖം നന്നായി കഴുകി തുടച്ചു….. താൻ പോലുമറിയാതെ കണ്ണിൽ നിന്നും പൊടിഞ്ഞ മിഴിനീർ…. അലക്സ് പിന്നെ മെല്ലെ മുറി ലക്ഷ്യമാക്കി നടന്നു…. മുറി തുറന്നപ്പോൾ സണ്ണി വെളിയിൽ നിൽപ്പുണ്ട്… ” എന്നാ അളിയാ….!! ആകാംഷയോടെ ചോദിച്ചു… ” ആശുപത്രിയിൽ നിന്ന് വിവരമറിഞ്ഞു…..! ” എന്തായി…? ” അപകടനില തരണം ചെയ്തു, ബോധം തെളിഞ്ഞിട്ടുണ്ട്…. ഇപ്പോൾ കുഴപ്പമൊന്നുമില്ല….!

കുറച്ചു ബ്ലഡ് വേണമെന്നേ ഉള്ളു….. അത് ഞാൻ സംഘടിപ്പിച്ച് കൊടുത്തിട്ടുണ്ട്….. നമുക്ക് അവിടെ വരെയൊന്നു പോയാലോ അലക്സ്‌…. സണ്ണി ചോദിച്ചു… ” അതിനെന്താ പോകണം…. പോയെ പറ്റു….. ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് പോകാം…. ” ശരി താൻ ചെല്ല്….! സണ്ണി മുറിയിൽ നിന്ന് ഇറങ്ങിയപ്പോൾ കുളിക്കാൻ ആയി അലക്സ്‌ പോയി… കുളികഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് മുറിയിൽ ജീന നിൽക്കുന്നത് കണ്ടത്…. കാര്യമറിയാതെ പെട്ടെന്ന് അവളുടെ മുഖത്തേക്ക് നോക്കി… ” എനിക്ക് ചേട്ടായിയോട് ഒരു കാര്യം പറയാനുണ്ട്…. മടിച്ചു മടിച്ചു പറഞ്ഞവൾ… ” എന്താ….? ഗൗരവം ഏറിയ സ്വരം എത്തി…. ”

ഞാൻ കാരണമല്ലേ ചേട്ടായിയും ഇ ങ്ങനെ…. അതിനവൻ ഒന്നും മിണ്ടിയില്ല…. കുറച്ച് നേരം മൗനം അതിന്റെ ആധിപത്യം സ്ഥാപിച്ചു മുറിയിൽ നിറയെ….. ” സത്യം പറ നീ അന്ന് വിളിച്ചതാരെയാണ്….? മൗനത്തിന്റെ മതിൽകെട്ട് ഭേദിച്ചവൻ ചോദിച്ചു… ” അത് പറയാൻ വേണ്ടിയാണ് ഞാൻ വന്നത്….. അനന്തു…..! ” അനന്തുവോ….? ” മ്മ്… ഞാൻ അനന്തു ആയി കുറച്ചു നാളുകൾ ആയി ഇഷ്ടത്തിലായിരുന്നു, ഗൾഫിൽ പോവാണ് അവിടേക്ക് വരണം കാണാമെന്നു പറഞ്ഞു…. അവളുടെ വെളിപ്പെടുത്തലിൽ നെഞ്ചു ഒന്ന് ഉലഞ്ഞു അവന്റെ…. ” അവിടെ വച്ചാണോ നിങ്ങൾ സാധാരണ കാണുന്നത്….? ”

അല്ല അന്ന് അവൻ അവിടെ വരാം എന്ന് പറഞ്ഞത്…. ” ഞാന് വരുന്ന കാര്യം അവനറിയാമായിരുന്നോ…? ” ഞാൻ ആൻസിയുടെ കൈയ്യിൽ നമ്പർ കൊടുത്തിട്ട് വിളിച്ചു പറയാൻ പറഞ്ഞിരുന്നു…. കുറച്ചു നേരം ഒന്നും സംസാരിക്കാതെ അവൻ നിന്നു… ” അവൻ നിന്നെ ചതിക്കില്ല എന്ന് നിനക്ക് വിശ്വാസം ഉണ്ടോ..? ” ഉണ്ടായിരുന്നു…. പക്ഷെ…. ഇപ്പോൾ എല്ലാം കൂടി കൂട്ടിവായിക്കുമ്പോൾ എനിക്കങ്ങനെ തോന്നുന്നില്ല, അവൻ ആയിരുന്നു ഞാൻ അവിടെ എത്തണം എന്ന് നിർബന്ധം. ഞാൻ അവിടെ വരാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ ഇനി തമ്മിൽ സംസാരിക്കുന്ന് പോലും പറഞ്ഞു… മറ്റ് എവിടെയെങ്കിലും വച്ച് കാണാം എന്ന് പറഞ്ഞപ്പോഴും കേട്ടില്ല….. ”

അവൻ ഈ നാട്ടുകാരൻ അല്ലേ… ” അല്ല, അവന്റെ അമ്മാവന്റെ വീടാണ് ഇവിടെ…. മേലെടത്ത് രാഘവന്റെ മരുമകൻ ആണ്…. ” ശരി….! ഞാൻ അന്വേഷിച്ച് കൊള്ളാം….. ഇപ്പോൾ ഞാൻ അതിനു പറ്റുന്ന ഒരു മാനസികാവസ്ഥയിലല്ല, നീ ചെല്ല്….! അലക്സിന്റെ തണുപ്പൻ പ്രതികരണം ജീനയിൽ വല്ലാത്തൊരു അമ്പരപ്പാണ് ഉണ്ടാക്കിയിരുന്നത്…. സാധാരണ ഇങ്ങനെ ഒരു വിവരം കേൾക്കുമ്പോൾ അലക്സ് ആ നിമിഷം തന്നെ തന്നെ ഉപദ്രവിക്കും എന്നായിരുന്നു ജീന വിചാരിച്ചിരുന്നത്…. അവൾക്ക് പരിചയമുള്ള അലക്സ് അങ്ങനെയായിരുന്നു…. ദേഷ്യപ്പെട്ട് തന്നെ തല്ലുകയോ വഴക്കു പറയും, അല്ലെങ്കിൽ എല്ലാവരെയും വിളിച്ചുകൂട്ടി ഒരു വലിയ പ്രശ്നം ഉണ്ടാകും എന്ന് കരുതി….

അങ്ങനെ എന്തെങ്കിലും ഉണ്ടായാലും അതിനെ നേരിടാൻ സജ്ജമായിരുന്നു അവൾ നിന്നിരുന്നത്….. ” ചേട്ടായി ഞാനും കൂടെ വരട്ടെ….! അവളെ കാണാൻ അവളുടെ കാലുപിടിച്ച് മാപ്പ് പറയണം….! മനസ്തപാത്തോടെ അവൾ പറഞ്ഞു…. ” അവളുടെ ഉള്ള സമാധാനം തകർക്കാൻ അല്ല ഇപ്പൊൾ അങ്ങോട്ട് പോകുന്നത്……! എന്തെങ്കിലും ഉണ്ടോ എന്ന് അറിയാൻ വേണ്ടി, ഇപ്പോൾ നിന്നെ കണ്ടാൽ അത് ശരിയാകില്ലമ്…. വിവരങ്ങളൊക്കെ അറിഞ്ഞിട്ട് ഞാൻ പറയാം….. നീ അപ്പോൾ ചെന്നു കണ്ടാൽ മതി…. പിന്നെ എന്നോട് പറഞ്ഞ കാര്യം ഇപ്പോൾ നീ മറ്റാരോടും പറയാൻ നിൽക്കണ്ട….! അമ്മച്ചിയോട് പോലും… ശാന്തമായി അലക്സ്‌ പറഞ്ഞു… ” ഇല്ല….! ”

ഞാൻ വരുമ്പോഴേക്ക് അവൻറെ നമ്പറും ഡീറ്റെയിൽസും എടുത്തു വെച്ചേക്കണം……. കാണണം എനിക്ക് അവനെ, ” ശരി ചേട്ടായി…. സംഭവം കഴിഞ്ഞപ്പോൾ മുതൽ അവനെ വിളിക്കാൻ നോക്കുന്നതാണ് ജീന…. അവൻ പലവട്ടം ഫോൺ ഒഴിവാക്കി വിടുകയായിരുന്നു….. ഇടയ്ക്ക് വാട്സാപ്പിൽ ഓൺലൈനിൽ കാണുമെങ്കിലും അവൾ മെസ്സേജ് അയക്കുന്ന സമയം തന്നെ അവൻ ഓഫ്‌ലൈൻ ആകുമായിരുന്നു….. അവന്റെ ഒഴിഞ്ഞു മാറ്റവും അതോടൊപ്പം സംസാരിക്കുമ്പോഴുള്ള ഭയവും ഒക്കെയാണ് സംശയത്തിലേക്ക് അവളെയും കൊണ്ട് ചെന്ന് ആക്കിയത്….. കുളിച്ചു റെഡിയായി അലക്സ് ഇറങ്ങിയപ്പോഴേക്കും സണ്ണിയും കാത്തുനിൽക്കുന്നുണ്ടായിരുന്നു…. ”

നീ കഴിക്കുന്നില്ലേ മോനെ….? സുസന്ന വിളിച്ചു ചോദിച്ചു… ” വേണ്ട അമ്മച്ചി….. വന്നിട്ട് ആവട്ടെ….. അത്രയും പറഞ്ഞ് ആരോടും ഒന്നും സംസാരിക്കാതെ സണ്ണിയ്ക്കൊപ്പം വണ്ടിയിലേക്ക് കയറുമ്പോൾ അലക്സിന്റെ മനസ്സിൽ പല ചോദ്യങ്ങളും സംശയങ്ങളും ആയിരുന്നു കിടന്നിരുന്നത്…… ഇത് പൂർണമായും തനിക്കുവേണ്ടി വിരിച്ച വല ആയിരുന്നു എന്ന് അലക്സിന് മനസ്സിലായി….. അതിൽ പെട്ടത് താൻ ആയിരുന്നു….. ജീന ആയിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ അവർക്ക് മുന്നിൽ കിട്ടിയത് ആൻസിയെ…. എന്ത് കാര്യത്തിലാണെങ്കിലും ഒരു പെൺകുട്ടിയുടെ ജീവിതമാണ് നശിച്ചത്…… അത്‌ അലക്സ് പൊറുക്കില്ല……

ആരോടാണെങ്കിലും എന്ന് മനസ്സിൽ അടിവരയിട്ട് കുറിച്ചിരുന്നു അലക്സ്‌….. ഹോസ്പിറ്റലിലേക്ക് ചെന്നപ്പോൾ തന്നെ കണ്ടിരുന്നു സർവ്വം തകർന്നിരിക്കുന്ന മൂന്ന് ആത്മാക്കളെ…. നിസ്സഹായനായ അച്ഛൻറെ തോളിൽ ചാരി കിടപ്പുണ്ട് അമ്മയും മകനും….. അകത്ത് ഒരു പെൺകുട്ടി ജീവനുമായി മല്ലിട്ട് കിടക്കുന്നു…. അലക്സിനെ കണ്ടപ്പോഴേക്കും അയാൾ എഴുന്നേറ്റിരുന്നു…. ” ഞാനറിഞ്ഞില്ല ഇച്ചായ രാവിലെ ആണ് ഞാൻ അറിഞ്ഞത്….കൊച്ചിങ്ങനെ ഒരു ബുദ്ധിമോശം കാണിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല…. അയാളുടെ കൈയ്യിൽ പിടിച്ചവൻ പറഞ്ഞു…. ” അവളെ പിന്നെ എന്ത് ചെയ്യാനാ അലക്സ്‌…. ഇനി എന്തിനാ അവിടെ ജീവിക്കുന്നെ…..

ആറുമണി കഴിഞ്ഞാൽ പിന്നെ വീടിൻറെ മുറ്റത്ത് ആൾക്കാരാ, ഓരോരുത്തർ കുടിച്ചിട്ട് വന്നു കൂക്കുവിളികളും അസഭ്യം പറയുകയും ചെയ്യും…. പരിചയമുള്ളവരെ പോലും അവളെ മറ്റൊരു കണ്ണോടെ നോക്കുന്നത്… ആരൊക്കെയോ എന്തൊക്കെയോ അനാവശ്യം പറഞ്ഞിട്ടുണ്ട് എൻറെ കൊച്ചിനോട്….. ഇല്ലേൽ എന്റെ കൊച്ചിന്റെ മനസ്സ് ഇങ്ങനെ തകരില്ല…. ഇല്ലേൽ എന്റെ കൊച്ച് മരിക്കാൻ വേണ്ടി തോന്നുകയാണോ..? എനിക്ക് ആകെയുള്ള സമ്പാദ്യം കുടുംബം മാത്രമാണ്…. നാണം കെട്ട് ജീവിക്കേണ്ടി വന്ന ഇവറ്റകൾക്ക് എല്ലാം കുറച്ചു വിഷം മേടിച്ചു കൊടുത്തു ഞാൻ ചാകും….. തകർന്നു പോയി അയാൾ …. ” അച്ചായൻ ഇങ്ങനെ തളർന്നു പോകല്ലേ….

സണ്ണി ആശ്വസിപ്പിച്ചു…. ” ഒന്നിച്ച് അങ്ങ് പോയാൽ അത്രയ്ക്ക് കുഴപ്പമൊന്നുമില്ലല്ലോ….. ” ഞാൻ അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല…… അലക്സ്‌ ഇടറി തുടങ്ങി… ” അലക്സിനെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല…..എൻറെ അവസ്ഥ പറഞ്ഞെന്നേയുള്ളൂ, ” എന്നെക്കൊണ്ട് പറ്റുന്ന എന്ത് സഹായവും ഞാൻ അച്ചായന് വേണ്ടി ചെയ്യാം…. അല്ലാതെ ഇപ്പോൾ ഞാൻ എന്താ ചെയ്യാ…. ” എന്റെ കൊച്ചിന്റെ ജീവിതം പോയില്ലേ അലക്സ്…! ” ഇനിയിപ്പോ നമ്മൾ എന്ത് ചെയ്തിട്ടും ആരെങ്കിലും വിശ്വസിക്കോ… ഓരോരുത്തരോടും പറഞ്ഞോണ്ട് നടക്കാൻ പറ്റൂമോ…? സംഭവിച്ചത് ഇത്‌ ആയിരുന്നു എന്ന്…. എൻറെ മുൻപിൽ ഇനി ഒരു മാർഗ്ഗം മരണം മാത്രം ആണ്. അവൾക്ക് എങ്ങനെ ധൈര്യം തോന്നിയത് എന്ന് എനിക്ക് അറിയില്ല…..

ഇപ്പൊൾ എനിക്കും തോന്നുന്നുണ്ട്….! ഇടർച്ചയോടെ അയാൾ പറഞ്ഞു….! ” പച്ചക്കറിക്ക് അടിക്കുന്ന എന്തെങ്കിലും ഒന്ന് മേടിച്ചു ആരുമറിയാതെ ഭക്ഷണത്തിൽ ചേർത്ത് കഴിച്ചാലോന്ന് ആലോചിക്കുന്നു…. എന്തിനാ ഇങ്ങനെ ജീവിക്കുന്നത്….! ” അച്ചായൻ വേണ്ടത് കാര്യങ്ങളൊക്കെ ആലോചിക്കാതെ ഇരിക്കുക… പരിഹാരമില്ലാത്ത എന്ത് പ്രശ്നം ആണ് ഉള്ളത്…..! സണ്ണിയാണ് പറഞ്ഞത് ” ഒരു പെൺകൊച്ചിന് ഒരു മാനക്കേട് വന്നുപോയാൽ പിന്നെ അത് മാറ്റാൻ ഒരുപാട് കാലം എടുക്കും…. ഒരു പെങ്കൊച്ചിന്റെ അപ്പച്ചൻ ആയാലേ ആ വിഷമം മനസ്സിലാവുകയുള്ളൂ….

ഇത്രകാലവും അവൾക്ക് വേണ്ടി ഞാൻ ഒന്നും സമ്പാദിച്ചിട്ടില്ല….ആകെപ്പാടെ ഉള്ള സമ്പാദ്യം സൽപ്പേര് മാത്രമായിരുന്നു…… എൻറെ കൊച്ച് തെറ്റിന്റെ വഴിയിലൊന്നും പോവുകയില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു….. അതുകൊണ്ട് ഇന്നുവരെ അവളുടെ ജീവിതത്തെ ഓർത്ത് എനിക്കൊരു പ്രയാസം വന്നിട്ടില്ല….. ഇപ്പോഴും അവളും അലക്സും അറിഞ്ഞു കൊണ്ട് അല്ലല്ലോ, എന്നാലും ഇത്രയും കാലം ഉണ്ടായിരുന്ന ഒരു സമാധാനം അത് എനിക്ക് ഇപ്പൊ ഇല്ല…. തെച്ചാലും മയിച്ചാലും പോകാത്ത ഒരു പേരല്ല ഇത്…. അവൾ അങ്ങനെ ചെയ്തതിൽ ഞാൻ അവളെ ഒന്നും പറയില്ല…. എന്തായിരുന്നു അവൾ ചെയ്യേണ്ടത്….? എല്ലാവരുടെയും വൃത്തികെട്ട നോട്ടങ്ങളും അശ്ലീലവും കണ്ട് മിണ്ടാതിരിക്കണം ആയിരുന്നോ..?

അലക്സിന് അറിയൂമോ…? ബന്ധുക്കൾ പോലും അവളെ ഇപ്പോൾ മറ്റൊരു കണ്ണോടയെ നോക്കുന്നത്…. വെന്തുരുകിയ ഈ കഴിഞ്ഞ കാലങ്ങളിൽ എന്റെ കുഞ്ഞു ജീവിച്ചത്….. ഒട്ടും താങ്ങാൻ പറ്റാതെ വന്നപ്പോൾ ആയിരിക്കും അവൾ അങ്ങനെ ചെയ്തത്….. നിസ്സഹായതയോടെ അയാൾ പറഞ്ഞപ്പോൾ ആ കണ്ണുകളിൽ നിന്നും നീർ പൊടിഞ്ഞത് അലക്സ് കണ്ടിരുന്നു…. ഒരു നിമിഷം എന്ത് പറയണം എന്ന് പോലും അലക്സിന് അറിയില്ലായിരുന്നു…. ” പള്ളിയിൽ ആരൊക്കെയൊ വന്നിരുന്നു….. എന്തിനാണ് എന്ന് അറിയോ….? എന്തെങ്കിലും സംഭവിച്ചു പോയാൽ പള്ളിയിൽ അടക്കില്ല എന്ന് പറയാൻ വേണ്ടി….

ചെയ്തത് ആത്മഹത്യ അല്ലേ, പോരാത്തതിന് ദുർനടപ്പും…. എൻറെ കൊച്ചു മരിക്കണമെന്ന് എല്ലാവരും ആഗ്രഹിച്ചു എന്ന് തോന്നുന്നു…. ഒറ്റദിവസംകൊണ്ട് എല്ലാവർക്കും വെറുക്കപ്പെട്ടവൾ ആയി മാറി…. ” അവൾ തെറ്റൊന്നും ചെയ്തിട്ടില്ല, അത് ദൈവത്തിന് നന്നായി അറിയാം…. അലക്സ്‌ പറഞ്ഞു… “ദൈവം അങ്ങനെ ഒരാൾ ഉണ്ടായിരുന്നെങ്കിൽ എൻറെ കൊച്ചിനെ ഇങ്ങനെ ഒരു ഗതി വരുമായിരുന്നോ…? എല്ലാ ദിവസവും മുട്ടിപ്പായി നിന്നെ പ്രാർത്ഥിക്കുന്നതും ജപമാല ചൊല്ലുന്നത് ഓകെ ഈ ദൈവത്തിനു മുൻപിൽ അല്ലേ…? എന്നിട്ടും എല്ലാവരുടെയും മുൻപിൽ എൻറെ കൊച്ചിനെ നാണം കെടുത്തിയില്ലേ…..

പണമോ സ്വർണമോ ഒന്നുമില്ലെങ്കിലും ആകെ അവൾക്കുണ്ടായിരുന്നു സമ്പാദ്യം അഭിമാനമായിരുന്നു, അത്‌ നഷ്ടമായി…. അഭിമാനം നഷ്ടപ്പെട്ട ഒരു നിമിഷം പോലും ജീവിക്കരുത് എന്ന് ഒരിക്കൽ ഞാനവളോട് പറഞ്ഞിട്ടുണ്ട്…. അതുകൊണ്ടായിരിക്കും എൻറെ കൊച്ച് അങ്ങനെ ചെയ്തത്, രക്ഷപ്പെട്ടു എന്ന് കേട്ടപ്പോൾ എനിക്ക് വലിയ സന്തോഷം ഒന്നും തോന്നിയില്ല…. എന്തെങ്കിലും പറ്റുമായിരുന്നെങ്കിൽ കൂടെ ഞങ്ങൾക്ക് ഒന്ന് പോകാമായിരുന്നു…… ” ഞാൻ എന്തു പറഞ്ഞു അച്ചായനെ സമാധാനിപ്പിക്കാൻ ആണ് എന്ന് എനിക്കറിയില്ല….

ഞാൻ എന്ത് പറഞ്ഞാലും അത് ആശ്വാസമാകുമെന്ന് തോന്നുന്നില്ല…… ” ഞാൻ, ഞാൻ…. അവളെ കല്യാണം കഴിച്ചാൽ എല്ലാ പ്രശ്നവും മാറും….. ഒരു നിമിഷം അലെക്സിന്റെ ആ ചോദ്യത്തിൽ സണ്ണി അടക്കം എല്ലാവരും ഞെട്ടിയിരുന്നു… ആ വൃദ്ധന്റെ മുഖത്തും ആ പകപ്പ് പ്രകടമായിരുന്നു…… കാത്തിരിക്കൂ..❤️

ഇതിനു മുന്നത്തെ പാർട്ടുകൾവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Similar Posts