anuraga karikkin vellam reenu

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 1

എഴുത്തുകാരി: റീനു

 ⛪️കുരിശടയാളം വഴിയായി നിങ്ങൾ സംരക്ഷിതരായി തീരട്ടെ…✝️ അച്ഛൻറെ ആശീർവാദവും കഴിഞ്ഞ് പള്ളിയിൽ നിന്നും നേരെ ഇറങ്ങിയ സമയത്താണ് ജീന ഓടിവന്ന് കെട്ടിപിടിച്ചത്….. ” ആൻസി എനിക്ക് ജോലി കിട്ടി…. തലയിലെ നെറ്റ് ശരിക്ക് ഇട്ടുകൊണ്ട് അവൾ പറഞ്ഞു… ആ സന്തോഷം മുഴുവൻ ആ മുഖത്ത് കാണാം… ” ആണോ…? നിൻറെ ചേട്ടായിയുടെ റെക്കമെന്റെഷൻ ആണോ…? അതോ കഴിഞ്ഞ ദിവസം പറഞ്ഞ ഇന്റർവ്യൂ ആണോ….? ആൻസി ചോദിച്ചു….! ” അത്‌ അല്ലെ രസം, എനിക്ക് വേണ്ടി ഒരു ചെറു വിരൽ പോലും അനക്കാൻ ചേട്ടായി തയ്യാറല്ല…..

വലിയ രാഷ്ട്രീയക്കാരൻ ആണെന്ന് പറഞ്ഞിട്ട് എന്താ കാര്യം, നമ്മുടെ കുടുംബത്തിന് ഒരു ഗുണവും ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ഈ രാഷ്ട്രീയം ഒക്കെ എന്നാണ് അമ്മച്ചി ചോദിക്കുന്നത്….. ഇപ്പോൾ ഞാൻ ഇൻറർവ്യൂ അറ്റൻഡ് ചെയ്ത് കിട്ടിയത് ആണെടി…. നിന്നോട് ഞാൻ ഇൻറർവ്യൂ അറ്റൻഡ് ചെയ്യാൻ പറഞ്ഞത് അല്ലേ….? അങ്ങനെ ആയിരുന്നേൽ നമ്മുക്ക് ഒന്നിച്ചു പോകാമായിരുന്നു….. ജീന നിരാശയോടെ പറഞ്ഞു…… ” എനിക്ക് അല്ലെങ്കിലും ഇവിടുന്ന് മാറി നിൽക്കാൻ ഒന്നും പറ്റില്ലല്ലോ….. കാറ്റിൽ ഉലയുന്ന വെള്ള ഷോൾ ശരിക്ക് തോളിലേക്ക് ഇട്ടുകൊണ്ട് അവൾ പറഞ്ഞു… ” നീ പിന്നെ നാട്ടിലേ ജോലി നോക്കി ഇരിക്കാണോടീ, നല്ല ശമ്പളം വേണമെങ്കിൽ നമ്മുടെ കേരളം വിട്ട് എവിടേക്കെങ്കിലും പോയാൽ അല്ലേ പറ്റൂ, ഇവിടെ ഇപ്പോൾ എത്ര രൂപ കിട്ടുമെന്ന് ആണ് നീ വിചാരിക്കുന്നത്….?

ജീന ചോദിച്ചു… ” എത്ര ആണെങ്കിലും സാരമില്ല, നിനക്കറിയാലോ വീട്ടിലെ കാര്യങ്ങളൊക്കെ…. എങ്ങനെയാടി ഞാൻ മാറി നിൽക്കുന്നത്…. ഞാൻ ഒന്നും മാറി നിന്നാൽ ആരുണ്ട് വീട്ടിൽ…. ചാച്ചൻ ആണെങ്കിൽ വയ്യ, അമ്മച്ചിക്ക് ആണെങ്കിൽ ഒരു കാര്യവും ഒറ്റയ്ക്ക് ചെയ്യാനുള്ള കഴിവും ഇല്ല, പിന്നെ ഉള്ളത് എബി ആണ്… അവൻ കൊച്ചല്ലേ…. അവൻ ഒരു പത്താം ക്ലാസ്സ്‌ ആകുന്നതുവരെയെങ്കിലും ഇങ്ങനെയൊക്കെ അങ്ങ് പോയാൽ മതി എനിക്ക്…… ആൻസി പറഞ്ഞു…. ” അതൊക്കെ സത്യം ആണ്…. ഒന്നാമത്തെ നീ ബിസി എടുത്തിട്ടില്ല, ജനറൽ അല്ലേ, അതുകൊണ്ട് ഇനി ഇവിടെ എവിടേലും കിട്ടിയാലോ 10,000 രൂപയിൽ കുറവ് ആയിരിക്കില്ലേ ശമ്പളം…..

ജീന വേദനയോടെ പറഞ്ഞു… ” അതേടി അതാണ് പ്രശ്നം….. ലോൺ അടക്കാൻ തന്നെ വേണം 8000 രൂപ, പിന്നെ 2000 രൂപ ആയിരിക്കും കൈയ്യിൽ കിട്ടുക, ആൻസിയുടെ വിഷാദം നിറഞ്ഞ മുഖം കാൺകെ ജീനയ്ക്ക് സങ്കടം തോന്നി…. ” നീ ഒരു കാര്യം ചെയ്യ്, നാളെ ചാച്ചനെ കൂട്ടി ചേട്ടായിയെ ഒന്ന് കണ്ടു നോക്ക്…. ഞങ്ങൾക്കൊക്കെ എന്തെങ്കിലും ചെയ്യാനെ ചേട്ടായിക്ക് ബുദ്ധിമുട്ട് ഉള്ളു….. നാട്ടുകാർക്ക് വേണ്ടി എന്ത് കാര്യം ചെയ്യാനും യാതൊരു മടിയില്ല….. എൻറെ കൂട്ടുകാരി ആണെന്ന് പറഞ്ഞാൽ ചിലപ്പോൾ ഒന്നും ചെയ്യില്ല, നിന്നെയും നിന്റെ അവസ്ഥയും ഒക്കെ നന്നായി അറിയാല്ലോ, ഞാൻ അമ്മച്ചിയോടു കാര്യം പറയാം…. ചേട്ടായി വിചാരിച്ചാൽ കിട്ടുമെടി…. ”

അത്‌ ശരിയാ…. പക്ഷെ സത്യം പറഞ്ഞാൽ എനിക്ക് ചേട്ടായിയെ കാണുമ്പോൾ പേടിയാണ്….. ചിരിയോടെ ആൻസി പറഞ്ഞു… ” പേടിയോ…? എന്തിന്…? ” നമ്മൾ ട്യൂഷന് പോയ സമയത്തെ കാര്യം ഓർമ്മ വരും, എന്തൊരം അടിച്ചിട്ടുണ്ട് എന്നെ…. ” അതൊക്കെ പഠിക്കാൻ വേണ്ടി അല്ലേ….. നീ ഒന്ന് ചാച്ചനെ കൂട്ടി വാടി…. ” കഴിഞ്ഞദിവസം ചാച്ചൻ എന്നോട് പറഞ്ഞായിരുന്നു, അലക്സ്‌ ചേട്ടായി വിചാരിച്ചാൽ എവിടെയെങ്കിലും ഒരു ചെറിയ ജോലി എങ്കിലും കിട്ടാതെ ഇരിക്കില്ല എന്ന്…. ” അതാ ഞാൻ പറഞ്ഞത്, നീ ചാച്ചനെയും കൊണ്ട് ഒന്നു വന്നാൽ മതി എന്ന്…. ഞാൻ അമ്മയോട് പറഞ്ഞേക്കാം, അമ്മ പറഞ്ഞോളും ചേട്ടായിയോട് അതിന്റെ തഞ്ചത്തിൽ…. ”

ഞാൻ ചാച്ചനോട്‌ ഒന്ന് പറഞ്ഞിട്ട് നിന്നെ വൈകിട്ട് വിളിച്ചു പറയാം….. ” നീ വിളിച്ചത് തന്നെ…. ഇനി അങ്ങോട്ട് വിളിച്ചാലോ…? അതെങ്ങനെയാ നിൻറെ ഫോണിൽ ഒന്നു വിളിച്ചാൽ കിട്ടണ്ടേ, ഇന്ന് തന്നെ നീ രാവിലെ പള്ളിയിൽ ഏത് കുർബാനയ്ക്ക് ആണ് വരുന്നത് എന്ന് അറിയാൻ വേണ്ടി ഞാൻ എത്ര വട്ടം വിളിച്ചു എന്ന് അറിയോ…? ജീന കയ്യിൽ ഇരുന്ന സ്മാർട്ട് ഫോൺ കാണിച്ചു കൊണ്ട് പറഞ്ഞു… ” അത് പഴയ നോക്കിയ ഫോൺ ആണടീ, റബർബാൻഡ് ഇട്ടു കെട്ടി വെച്ചിരിക്കുന്നു…. ചില സമയത്ത് അതിന് റെയിഞ്ച് ഒന്നും കാണില്ല…. അതുകൊണ്ടല്ലേ, എനിക്ക് നിന്നെ പോലൊരു ചേട്ടായി ഇല്ലാതെ പോയില്ലേ നല്ല ഫോൺ ഒക്കെ വാങ്ങി തരാൻ…. ”

എന്തൊക്കെ പറഞ്ഞാലും അപ്പച്ചൻ മരിച്ചതിൽ പിന്നെ ചേട്ടായി എന്തോരം കഷ്ടപ്പെട്ടു, ചെയ്യാത്ത ജോലി ഒന്നും ഇല്ല… അവസാനം ആണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്, ” ഇതൊക്കെ എനിക്ക് അറിയില്ലെടി…. ഞാൻ ചെല്ലട്ടെ, അമ്മ ഒറ്റയ്ക്ക് ഉള്ളൂ…. ” ശരി…. നീ ഏതായാലും എന്നെ വൈകിട്ട് വിളിക്കണേ, ” മിസ്കാൾ അടിച്ചാൽ മതിയൊ….? ” എന്റെ എടി മതി ഞാൻ തിരിച്ചു വിളിച്ചോളാം…. ജീനയോട് യാത്ര പറഞ്ഞു ആ നാട്ടുവഴിയോരത്ത് കൂടെ ആൻസി മെല്ലെ നടക്കാൻ തുടങ്ങി….മനസ്സിന് ഒരു ആത്മവിശ്വാസം കൈവരുന്നത് പോലെ അവൾക്ക് തോന്നി….. ഈ നാട്ടിലെ അറിയപ്പെടുന്ന ഒരു രാഷ്ട്രീയക്കാരനാണ് ജീനയുടെ ചേട്ടൻ അലക്സ്‌… പാർട്ടി ഓഫീസിലും മറ്റും ഇരിക്കുന്നത് കാണുമ്പോൾ തന്നെ ആളൊട് ആൾക്കാർക്ക് ഒക്കെ ഒരു ബഹുമാനമുണ്ട്….

തൻറെ കൂടെ പഠിച്ച ആളാണ് ജീന….ആ നാട്ടുവഴിപാതകൾ താണ്ടി കവലയിലേക്ക് ചെന്നപ്പോൾ തന്നെ കണ്ടു ഇറച്ചി കടയുടെ മുൻപിൽ നിൽക്കുന്ന ചാച്ചനെ…. ഞായറാഴ്ച ആയതുകൊണ്ട് ബീഫ് വാങ്ങാൻ വന്നതാണ്, കൂട്ടത്തിൽ കപ്പയുടെ ഒരു കെട്ടും കൈയിലിരിക്കുന്നത് കണ്ടു…. ഓടിച്ചെന്ന് കവർ വാങ്ങി, തിരികെ പോകുന്നത് മുൻപ് ചാച്ചന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു… ” ഞാൻ നിൽക്കണോ ചാച്ചാ…? ” വേണ്ട മോൾ പൊക്കോ,കുറച്ചു കഴിഞ്ഞിട്ട് എത്തിക്കോളാം…. അങ്ങനെ ചാച്ചൻ പറഞ്ഞപ്പോൾ പിന്നെ അവിടെ നിന്നില്ല, ഞായറാഴ്ച ചായക്കടയിൽ നിന്ന് ഒരു ചായയൊക്കെ കുടിച്ച് ചാച്ചൻ വരാറുള്ളൂ….

അത്‌ പതിവാണ്, ഇതാണ് നമ്മുടെ നായിക ആൻസി, അവളുടെ ചാച്ചൻ ഔസേപ്പച്ചൻ ഒരു പാവം മനുഷ്യൻ, ഒരു ഹോട്ടലിലെ സപ്ലൈയർ ആണ്…. വലിയ വരുമാനം ഒന്നുമില്ലാത്ത കുടുംബം, ആ ഒരു വരുമാനത്തിൽ മാത്രം ആണ് കുടുംബം പോകുന്നത്…. ഒരു അനിയൻ ഉണ്ട്, ഏഴാം ക്ലാസുകാരനായ എബി… പിന്നെ മിണ്ടപ്രാണി ആയ അമ്മച്ചിയും…. അമ്മച്ചിക്ക് സംസാരിക്കാനുള്ള കഴിവില്ല,പ്രാരാബ്ധങ്ങളും ദുഃഖങ്ങളും ഏറെയാണെങ്കിലും ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്ന ഒരു കുടുംബം തന്നെയാണ്…. അതു തന്നെയാണ് അവരുടെ ജീവിതത്തിലെ വിജയവും….. എബി കുട്ടൻ ആണെങ്കിൽ സൺഡേസ്കൂൾ ഒക്കെ കഴിഞ്ഞ് വരികയുള്ളൂ അതുകൊണ്ട് വീട്ടിലേക്ക് ചെന്നപ്പോഴേക്കും അമ്മച്ചി അടുത്ത കുർബാനയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്….

അപ്പവും മുട്ടക്കറിയും എടുത്ത് വെച്ചിട്ടുണ്ട് എന്ന് ആംഗ്യ ഭാഷയിൽ പറഞ്ഞു…. സമയം ഒരുപാട് ആയി എന്നും പൊയ്ക്കൊള്ളാൻ പറഞ്ഞിട്ട് കപ്പ മേശയുടെ മുകളിലേക്ക് വച്ചതിനുശേഷം മുറിയിലേക്ക് പോയിരുന്നു ആൻസി…. വേഷമൊക്കെ മാറി തിരികെ വന്ന് അടുക്കളയിൽ നിന്നും ഒരു പ്ലേറ്റ് എടുത്തു, നല്ല തേങ്ങാപ്പാൽ ഒഴിച്ച് മുട്ടക്കറിയും കൂട്ടി പാലപ്പം അതിവേഗത്തിൽ കഴിച്ചു…. ഞായറാഴ്ച മാത്രം കിട്ടുന്ന ഒരു സന്തോഷം ആണിത്, എല്ലാദിവസവും വലിയ വിഭവങ്ങൾ ഒന്നും ഉണ്ടാകാറില്ല…. എങ്കിലും ഞായറാഴ്ച ദിവസം ഇഷ്ടപ്പെട്ട വിഭവങ്ങളാൽ സമ്പന്നമാണ് അടുക്കള…. അത് കഴിഞ്ഞ് നേരെ ഉമ്മറത്തേക്ക് വന്നു… പുറത്തു കൂടെ പോകുന്ന കാഴ്ചകളിൽ ഒക്കെ കണ്ണോടിച്ചു കൊണ്ട് ഭക്ഷണം കഴിക്കാൻ തുടങ്ങി….

ഭക്ഷണം കഴിച്ച പാത്രം കഴുകി വെച്ച് കവറിൽ നിന്നും കപ്പ എടുത്തു, അമ്മച്ചി വരുമ്പോഴേക്കും പകുതി ജോലി തീർത്തു വയ്ക്കാം എന്ന് കരുതി…. കപ്പയുടെ തൊലി പൊളിച്ച് നന്നായി അരിഞ്ഞു….. ഇനി ഇപ്പോൾ വേവിച്ചാൽ മാത്രം മതി…. ശേഷം നേരെ ഹോളിലേക്ക് ചെന്ന് ടിവി ഓണാക്കി…. കുറച്ച് കഴിഞ്ഞപ്പോൾ അപ്പച്ചൻ കയറിവരുന്ന ശബ്ദം ഒരു ചുമയൊടെ കേട്ടു…. ഉടനെ പുറത്തേക്കിറങ്ങി ചെന്നു…. കൈയ്യിൽ ഉണ്ടായിരുന്ന കറുത്ത പ്ലാസ്റ്റിക് കവർ എൻറെ കയ്യിൽ തന്നിട്ട് അപ്പച്ചൻ ചിരിയോടെ ചോദിച്ചു, ” പള്ളിയിൽ ആരൊക്കെ ഉണ്ടായിരുന്നു മോളെ….. ” എല്ലാരും ഉണ്ടായിരുന്നു…. ചാച്ചൻ പോകുന്നില്ലേ പള്ളിയിൽ. ”

ഉണ്ട് വൈകുന്നേരത്തെ കുർബാനയ്ക്ക് പൊയ്ക്കോളാം…. മേരിക്കുട്ടി പോയോ….? ” കുറച്ചു നേരം ആയല്ലോ പോയിട്ട്, ഇപ്പോൾ അമ്മച്ചിയും എബിയും കൂടി വരുമായിരിക്കും അവന്റെ സൺഡേസ്കൂൾ കൂടെ കഴിഞ്ഞിട്ടേ വരൂ… ചാച്ചനു കഴിക്കാൻ എടുക്കട്ടെ….. ” ആഹ്…. എടുക്ക് മോളെ… ആൻസി തന്നെയാണ് എല്ലാം വിളമ്പി കൊടുത്തത്….. ജീന പള്ളിയിൽ വച്ച് എന്നോട് പറഞ്ഞ കാര്യവും പറയാൻ മറന്നിരുന്നില്ല… ” അത് ശരിയാ ആ കൊച്ചു പറഞ്ഞതുപോലെ, അലക്സ് വിചാരിച്ചാൽ ഈ നാട്ടിൽ തന്നെ ഏതെങ്കിലും ഒരു പ്രൈവറ്റ് ആശുപത്രിയിൽ എങ്കിൽ നിനക്ക് ജോലി ശരിയാക്കാൻ പറ്റും…. ഇപ്പൊൾ നഴ്സിംഗ് കഴിഞ്ഞ് സർട്ടിഫിക്കറ്റും വാങ്ങിയിട്ട് ആറുമാസം ആകുന്നില്ലേ, ”

പക്ഷേ നാട്ടിലെങ്ങും വലിയ ശമ്പളം കാണില്ല ചാച്ചാ… ” തൽക്കാലം ഒരു രണ്ടുവർഷം ഇങ്ങനെയൊക്കെ പോട്ടെ മോളെ…. അത് കഴിഞ്ഞിട്ട് നമുക്ക് നമ്മുടെ ജോണിയുടെയെ മറ്റോ പറഞ്ഞു നിനക്ക് ഗൾഫിലേക്ക് മറ്റോ എന്തെങ്കിലും നോക്കാം, ” അതിനൊക്കെ ഒരുപാട് ഇംഗ്ലീഷ് ഒക്കെ പഠിക്കണം, എന്തെങ്കിലുമൊക്കെ ടെസ്റ്റ് എഴുതണം, അതിനുമാത്രം ബുദ്ധി ഒന്നും എനിക്കില്ല ചാച്ചാ… ” എങ്കിൽ പിന്നെ നമ്മുടെ കുടുംബം എങ്ങനെ രക്ഷപ്പെടാൻ ആണ് മോളെ…. ” ഞാൻ വിചാരിക്കുന്നത് വല്ല പിഎസ്‌സിയെ മറ്റോ പഠിച്ചു ഇവിടെ ഏതെങ്കിലും ഗവൺമെൻറ് ആശുപത്രി കേറണം എന്നാണ്….. ” മോൾ എന്താണെങ്കിലും സമയം കിട്ടുമ്പോൾ ഒക്കെ പഠിക്കണം, അതിനെപ്പറ്റി ഒന്നും വലുതായിട്ട് എനിക്ക് അറിയില്ല…. വല്ല ബുക്ക്‌ വേണേൽ ചാച്ചൻ വാങ്ങിച്ചോണ്ട് വരാം… ”

ചേട്ടായിയെ കാണാൻ ഞാൻ ഒറ്റക്ക് എങ്ങനെ ആണ് പോവുന്നത്….. ചാച്ചനും കൂടി വരാമോ…? ” ഞാനും കൂടി വരാം …. ഏതായാലും ആ കൊച്ചു പറഞ്ഞ സ്ഥിതിക്ക് ഒന്ന് പോയി കാണുന്നത് നല്ലതാ….. അലക്സ് രാവിലെ അവിടെ കാണും, ട്യൂഷൻ സെൻറർ ഒക്കെ ഉള്ളതുകൊണ്ട് നേരത്തെ പോകും…. പോവുകയാണെങ്കിൽ 7 മണിക്ക് മുൻപേ പോണം, മോളെ തിരികെ വീട്ടിൽ ആക്കിയിട്ട് വേണം എനിക്ക് കടയിൽ പോകാൻ…. പിന്നെ മോളെ സർട്ടിഫിക്കറ്റ് എടുത്തുവെച്ചോണെ…. ചാച്ചൻ അത്‌ പറഞ്ഞ സന്തോഷത്തിൽ നേരെ അടുക്കളയിലേക്കു ചെന്ന് ഇറച്ചി ചെറുതായി നുറുക്കി വെള്ളത്തിലിട്ടു…. അതിനുശേഷം മുറിയിലേക്കു ചെന്നു പഴയ പെട്ടിയൊക്കെ തട്ടി കുടഞ്ഞു സർട്ടിഫിക്കറ്റ് എല്ലാം എടുത്തു വച്ചു……

പിന്നെ ഭദ്രമായി വച്ച പഴയ നോക്കിയ ഫോണിൽ നിന്ന് വളരെ പണിപെട്ട് ജീനയുടെ നമ്പർ ഡയൽ ചെയ്തു, രണ്ട് ബെല്ലടിച്ചപ്പോൾ തന്നെ അപ്പുറത്തുനിന്നും ഫോൺ കട്ട് ചെയ്തത് അറിഞ്ഞു…. നിമിഷങ്ങൾക്കുള്ളിൽ ഫോൺ തിരിച്ചു വിളിച്ചു…. ” എടീ നാളെ ഞാനും ചാച്ചനും കൂടി അവിടേക്ക് വന്നാൽ നിൻറെ ചേട്ടായി അവിടെ കാണൂമോ…? ” നാളെ രാവിലെ വരന്നാൽ കാണാം…. ഞാൻ അമ്മയോട് പറഞ്ഞിട്ടുണ്ട് അമ്മച്ചി പറഞ്ഞു നിങ്ങൾ വന്നാൽ മതി…. എല്ലാ കാര്യങ്ങളും ശരിയാക്കിത്തരാമെന്ന് അമ്മച്ചി ഏറ്റിട്ടുണ്ട്… ” എന്നാൽ ഞാൻ നാളെ വരുന്നതിനുമുമ്പ് നിനക്ക് മിസ്കോൾ അടിക്കാം…. ” ശരി അടിക്ക്… ഫോൺ കട്ട് ചെയ്തപ്പോൾ വലിയൊരു ആശ്വാസമായിരുന്നു തോന്നിയിരുന്നത്…. കാത്തിരിക്കൂ..?

Similar Posts