അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 3
എഴുത്തുകാരി: റീനു
ഒരുപാട് വലുതൊന്നും അല്ലെങ്കിലും അലക്സ് ചേട്ടാ യുടെ കഷ്ടപ്പാട് കൊണ്ട് സമ്പന്നം തന്നെയായിരുന്നു പാലമുറ്റത്ത് വീട്, നല്ല വീതിയുള്ള ഒറ്റനില വീട്, അതിനോട് ചേർന്നുകിടക്കുന്ന 40 സെൻറ് സ്ഥലം, അവിടെ മുഴുവൻ പച്ചക്കറികളാണ്, ഇതെല്ലാം ചേട്ടായിയുടെ കരവിരുത് ആണ് എന്ന് ജീന പറഞ്ഞിട്ടുണ്ട്… പുള്ളി വീട്ടിലുള്ള സമയത്ത് എല്ലാം പറമ്പിലിറങ്ങി ജോലികൾ ചെയ്യുമത്രേ, വാഴയും ചേനയും കപ്പയും എന്നുവേണ്ട ഒരു വീട്ടിലേക്കുള്ള എല്ലാ കാര്യങ്ങളും ആ പറമ്പിൽ ഉണ്ട്…. അതിന്റെ അരികിൽ വൃത്തിയായി ഒരുക്കിയ ഒരു പൂന്തോട്ടം, അവിടെ ഹാങ്ങ് ചെയ്തുവച്ചിരിക്കുന്ന ചെടികൾക്ക് ഒപ്പം പഴയ നാട്ടുചെടികൾ വരെയുണ്ട്, എല്ലാം വൃത്തിയായി നോക്കുന്നുണ്ട്….
ഒരു ഇന്നർ ബനിയനും കാവി കൈലിയും ഉടുത്തു കൊണ്ട് ചെടികൾക്ക് വെള്ളം നനച്ചു കൊണ്ടിരിക്കുന്ന ആളെ ഒട്ടൊരു അത്ഭുതത്തോടെയാണ് നോക്കിയത്…. പെട്ടെന്ന് ചുണ്ടുകൾ മന്ത്രിച്ചു… അലക്സ് ചേട്ടായി…! ഞങ്ങളെ തലയിൽ കെട്ടിയ തോർത്തോടെ അരികിലേക്ക് വന്നിരുന്നു ആൾ…. നല്ല ഒത്ത വണ്ണവും അതിനൊത്ത നീളവുമുണ്ട് ആൾക്ക്, ഇരുനിറത്തിൽ ഒത്തൊരു ആണൊരുത്തൻ …. ” ആഹാ, ഔസേപ്പച്ചായൻ രാവിലെ ഇറങ്ങിയോ… കയറി വന്നാട്ടെ… ഞങ്ങളെ കണ്ടതോടെ തലയിലെ തോർത്തൂരി തോളിൽ ഇട്ടു…. ” അമ്മച്ചി പറഞ്ഞിരുന്നു വരുന്നുണ്ടെന്ന്, കയറി വാ…..അമ്മച്ചിയെ രണ്ടു ചായ ഇങ്ങോട്ട് എടുത്തോ….? കൈ കഴുകി അകത്തേക്ക് കയറുന്നതിന്റെ ഇടയിൽ വിളിച്ചു പറയുകയും ചെയ്യുന്നുണ്ട്…… ”
ചായ ഒന്നും വേണ്ട അലക്സ്സെ കുടിച്ചിട്ട് ഇറങ്ങിയത് ആണ്… ചാച്ചൻ പറഞ്ഞു…. ” ഏതായാലും ഒരെണ്ണം കൂടെ കുടിച്ചു എന്ന് വച്ചു ഒന്നും സംഭവിക്കാൻ പോകുന്നില്ല അച്ചായാ, കേറി വാ കൊച്ചേ…. വെളിയിൽ തന്നെ ഒതുങ്ങി നിന്ന എന്നെ ചേട്ടായി വിളിച്ചപ്പോൾ പഴയ ചൂരലുമായി നിൽക്കുന്ന ഓർമ്മ ആയിരുന്നു മനസ്സിലേക്ക് വന്നത്….. എങ്കിലും ഒന്ന് പുഞ്ചിരിച്ചു കാണിച്ചു അകത്തേക്ക് ഞാൻ കയറി…. ” ഇന്നലെ അമ്മച്ചി പറഞ്ഞിരുന്നു…. സത്യം പറഞ്ഞാൽ ഞാൻ അങ്ങനെ റെക്കമെന്റഷൻ ഒന്നും ചെയ്യാറില്ല….. പക്ഷേ ഇപ്പോൾ അച്ചായന്റെ കാര്യം ആകുമ്പോൾ ഞാനെങ്ങനെ ആണ് ഒരു മടി പറയുന്നത്……
എനിക്ക് പരിചയമുള്ള രണ്ടുമൂന്ന് ആൾക്കാരോട് ഞാൻ പറയാം, പിന്നെ തൽക്കാലം ഞാൻ വേണമെങ്കിൽ നമ്മുടെ ജോണി ഡോക്ടറുടെ ക്ലിനിക്കിൽ ഒരു ജോലി ശരിയാക്കി കൊടുക്കാം, ഒരുപാട് ശമ്പളം ഒന്നും കാണില്ല…. പിന്നെ വണ്ടിക്കൂലി ഒന്നും ചെലവാക്കേണ്ട കാര്യമില്ലല്ലോ, ഇവിടെ അടുത്ത് അല്ലേ, രാവിലെ ഒമ്പത് മണിയാവുമ്പോൾ പോയാൽ മതി, 7.30 ആകുമ്പോൾ തിരിച്ചു പോകാം, ഒരു പതിനായിരം രൂപ എന്താണെങ്കിലും കിട്ടും, ” അയ്യോ അത് കിട്ടുവാണെങ്കിൽ വലിയ ഉപകാരമായിരുന്നു അലക്സെ, നമ്മുടെ മുറ്റത്ത് തന്നെ പതിനായിരം രൂപ കിട്ടും എന്ന് വെച്ചാൽ ഒരുപാട് സഹായം ഉണ്ട്…. എനിക്ക് ഒത്തിരി കടം ഉണ്ട്…. ഇവളെ പഠിപ്പിക്കാൻ എടുത്തതും അല്ലാതെയും, ” എനിക്ക് മനസ്സിലായി….!
കൊച്ച് ഏതായാലും സർട്ടിഫിക്കറ്റിന്റെ ഒക്കെ ഒരു കോപ്പി എൻറെ കൈയ്യിൽ തന്നേക്ക്, പിന്നെ നമ്മുടെ ഇവിടെ അടുത്ത് പുതിയൊരു ആശുപത്രി തുടങ്ങുന്നുണ്ട്…. പകുതി സർക്കാരിന്റെയും പകുതി മാനേജ്മെൻറ് ആണ്…. അവിടേക്ക് ഞാൻ നിൻറെ സർട്ടിഫിക്കറ്റ് കൊടുത്തേക്കാം,കിട്ടാതിരിക്കില്ല കിട്ടാൻ വേണ്ടി എന്നെക്കൊണ്ട് പറ്റുന്ന കാര്യങ്ങളൊക്കെ ഞാൻ ചെയ്തോളാം…അത് പോരെ അച്ചായാ…? ചാച്ചന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു…. ” പിന്നെ വെളിയിൽ ഒക്കെ ആണെങ്കിൽ നമുക്ക് നോക്കാം,ഡൽഹിയിലോ അതല്ലങ്കിൽ ഇനി തിരുവനന്തപുരത്തോ എറണാകുളത്തോ വേണമെങ്കിൽ ആശുപത്രിയിൽ നോക്കാം…. ”
അത് ഇവിടെ ചാച്ചനും അമ്മയും ഒറ്റയ്ക്ക് അല്ലേ, അതുകൊണ്ടാ ഞാൻ അതിനെപ്പറ്റി ഒന്നും ചിന്തിക്കാതെ ഇരിക്കുന്നത്…. ഞാൻ ആളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു… ” എങ്കിൽ പിന്നെ ഇതിനെപ്പറ്റി ചിന്തിക്കാം…. ഒരു ഒന്നര വർഷത്തിനുള്ളിൽ ആശുപത്രിയുടെ കാര്യങ്ങൾ ശരിയാകും, അപ്പോഴേ അവിടെ ജോലി കിട്ടിയാൽ സ്ഥിരമായിരിക്കും…. അതുവരെ ജോണി ഡോക്ടറോട് ഞാൻ പറഞ്ഞോളാം…. നീ നാളെ തൊട്ട് തന്നെ പോകാൻ തയ്യാറായിരുന്നോ….. അലക്സ് ചേട്ടായി അങ്ങനെ പറഞ്ഞപ്പോൾ വല്ലാത്തൊരു സന്തോഷം ആയിരുന്നു തോന്നിയത്….. തൊട്ടടുത്ത് തന്നെ അത്രയും രൂപ ശമ്പളത്തിൽ ഒരു ജോലി ലഭിക്കുക എന്ന് വെച്ചാൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം ആ പതിനായിരം രൂപയ്ക്ക് ഒരു ലക്ഷത്തിന് വിലയായിരുന്നു….. ”
ഇന്നലെ അമ്മച്ചി കാര്യം പറഞ്ഞപ്പോഴാണ് ഞാൻ അത് പെട്ടെന്ന് ഓർത്തത്, കഴിഞ്ഞ ദിവസം ആ പാർട്ടിയുടെ മീറ്റിങ്ങിന് വന്നപ്പോൾ ജോണി ഡോക്ടർ എന്നോട് പറഞ്ഞത് ഡിസ്പെൻസറി ലേക്ക് ഒരു നഴ്സിനെ വേണമെന്ന്, ഫ്രഷർ ആണെങ്കിലും കുഴപ്പമില്ല എന്ന് പറഞ്ഞു, ഞാൻ ആരോടെങ്കിലും പറയാൻ വേണ്ടി ഇരുന്നപ്പോഴാണ് ഇന്നലെ അമ്മച്ചി ഇവളുടെ കാര്യം പറഞ്ഞത്, പിന്നെ നിങ്ങൾക്ക് തന്നെ കിട്ടട്ടെ എന്ന് വിചാരിച്ചു…. ” വലിയ ഉപകാരം അലക്സെ, ചാച്ചൻ കൈകൂപ്പി പോയിരുന്നു… ” എന്താണ് അച്ചായാ ഇതൊക്കെ, എന്ത് ഉപകാരമാണ്..? ജോൺ ഡോക്ടർ ആവശ്യക്കാരൻ ആയിരുന്നു നിങ്ങളും ആവശ്യക്കാരാണ് രണ്ട് ആവശ്യക്കാരെ തമ്മിൽ കൂട്ടിമുട്ടിക്കുക മാത്രമല്ലേ ഞാൻ ചെയ്തുള്ളു, അതിന് എന്തിനാ ഈ ഉപകാരം എന്നൊക്കെ പറയുന്നത്…..
അപ്പോഴേക്കും സൂസമ്മച്ചിയും വന്നിരുന്നു ചായയുമായി…. എന്നെ കണ്ട് ഒന്ന് നിറഞ്ഞു പുഞ്ചിരിച്ചു, ” ജീന എവിടെ…? ” ഉണർന്നിട്ടില്ല മോളെ, സമയം 10 മണി ആണ് കണക്ക്, അതിൻറെ കൂടെ നാളെയോ മറ്റന്നാളോ ചെന്നൈക്ക് പോകാൻ ഇരിക്കല്ലേ, ഇനി അവിടെ പോയി ഉറങ്ങാൻ പറ്റില്ല അതുകൊണ്ട് ഞാൻ ഇവിടെ കിടന്നു ഉറങ്ങിക്കോട്ടെ എന്നും പറഞ്ഞു കിടക്കുവാ…. ഞാൻ വിളിക്കാം… ” വേണ്ട അമ്മച്ചി, ഞാൻ പിന്നെ ഫോണിൽ വിളിച്ചോളാം… അപ്പച്ചൻ പതിയെ ചായ കുടിച്ചപ്പോൾ ഞാൻ ചായ കുടിച്ചിരുന്നു, ” എങ്കിൽ പിന്നെ ഞങ്ങൾ ഇറങ്ങിക്കോട്ടേ അലക്സ്, ” ആയിക്കോട്ടെ അച്ചായാ… ജോയിൻ ചെയ്യാൻ ഉള്ള കാര്യം ഞാൻ അറിയിക്കാം…
അച്ചായന്റെ നമ്പർ തന്നേക്കൂ, ” മോളെ നമ്പർ പറഞ്ഞു കൊടുക്ക്….. ഞാൻ പറഞ്ഞു കൊടുത്തപ്പോൾ പെട്ടെന്ന് ചേട്ടായി അരികിലിരുന്ന് ഫോണെടുത്ത് നമ്പർ സേവ് ചെയ്തിരുന്നു…. ഒരു ചിരിയോടെ ഞാനും നന്ദിസൂചകമായി ആ മുഖത്ത് നോക്കി ഇറങ്ങി…. ” നമ്മുടെ ജീനയെ പോലൊന്നുമല്ല, നല്ല അടക്കവും ഒതുക്കവും ഒക്കെ ഉള്ള ഒരു കൊച്ച് ആണ് അത്…. അതിനെ എങ്ങനെയെങ്കിലും നീയൊന്നു രക്ഷിക്കാൻ നോക്ക്, ” ആശുപത്രി വരുവാണെങ്കിൽ അവിടെ ജോലി മേടിച്ചു കൊടുക്കാം… ഫോണിൽ നോക്കി അവൻ പറഞ്ഞു…. ” അവൾ രക്ഷപ്പെട്ടാൽ ആ കുടുംബം രക്ഷപ്പെടുമെടാ. സൂസൻ പറഞ്ഞു… ” അത് തന്നെയാണ് ഞാൻ ഉദ്ദേശിക്കുന്നത് അമ്മച്ചി, വേഗം കഴിക്കാൻ എടുക്ക് ഞാൻ പോയി കുളിക്കട്ടെ, എനിക്ക് തിരുവനന്തപുരത്ത് ഒരു മീറ്റിംഗ് ഉള്ളതാ….
അതും പറഞ്ഞ് അലക്സ് അകത്തേക്ക് കയറി പോയിരുന്നു…. സന്തോഷത്തോടെ ആയിരുന്നു അമ്മച്ചിയൊടെയും എബിയോടും വന്ന് വിശേഷങ്ങൾ എല്ലാം പറഞ്ഞത്…. അതിനുശേഷം എബിയെ സ്കൂളിൽ വിടാൻ ഒപ്പം പോവുകയും ചെയ്തു…. 11 മണിയോടെ ജീന വിളിച്ചു…. കാര്യം l പറഞ്ഞപ്പോൾ അവൾക്ക് സമാധാനമായി…. ” ചേട്ടായിയോടെ പറഞ്ഞാൽ നിനക്കും കൂടി അവിടെ ഒരു ജോലി വാങ്ങിച്ചു തരില്ലേ, പിന്നെ നാലും മൂന്ന് ഏഴ് പേര് വരുന്ന ഡിസ്പെൻസറിയിൽ രണ്ടു നഴ്സുമാരുടെ ആവശ്യം ഉണ്ടോ…? എനിക്ക് അല്ലേലും ഇവിടെ നിൽക്കാൻ വയ്യ, എനിക്ക് എങ്ങനെയെങ്കിലും ചാക്കോ മാഷിന്റെ കീഴിൽ നിന്ന് രക്ഷപെട്ടാൽ മതി……
അതിന് ചെന്നൈയിലോ ബാംഗ്ലൂരിലോ പോയി രക്ഷപ്പെടാനുള്ള തത്രപാടിലാണ് ഞാൻ…. ” ചാക്കോ മാഷോ…? ” അതേടി, ഇവിടെ നടക്കുന്നത് പീഡനം അല്ലേ മോളേ…. രാവിലെ എഴുന്നേൽക്കണം അഞ്ചുമണിക്ക് പ്രാർത്ഥിക്കാൻ ഇരിക്കണം, എന്നെ ഇവിടെ പിടിച്ചു ജയിലിൽ ഇട്ടേക്കുവാ….. ” പക്ഷേ ഞങ്ങളൊടോക്കെ സംസാരിച്ചപ്പോൾ ചേട്ടായി നല്ല സോഫ്റ്റ് ആയിരുന്നല്ലോ, ” അങ്ങനെ ഒക്കെ സംസാരിക്കുന്നുണ്ട്, ഇങ്ങോട്ട് വന്നിട്ട് അറിയണം…. ഇന്ന് മുഴുവൻ പറഞ്ഞിരുന്നത് നിന്നെ പോലെയാണോ ആ കുട്ടി എല്ലാവരോടും എടുത്തുചാടി സംസാരിക്കുമോ, ആവശ്യത്തിനുമാത്രം സംസാരം, വിനയം എന്നൊക്കെ പറഞ്ഞ് തുടങ്ങിയില്ലേ….. അതൊക്കെ പോട്ടേ നീ എന്താണ് എന്നെ വിളിക്കാതെ പോയത്…..
നീ ഉറക്കമല്ലേ എന്ന് കരുതി, ” ഉറക്കമൊഴിച്ച് ഞാൻ രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റു പ്രാർത്ഥനയും ജപമാലയും ഒക്കെ കഴിഞ്ഞ് ഒരു അഞ്ചാരയ്ക്ക് പിന്നെയും കിടന്നതാ…. പഠിക്കുന്ന കാലത്തായിരുന്നു ഇതിൻറെ ഭീകര വേർഷൻ ഒക്കെ കണ്ടിരുന്നത്…… രാത്രി 12 മണി വരെ ഇരുത്തി പഠിപ്പിക്കും, എന്നിട്ട് പോകും, വീണ്ടും മൂന്നു മണിയാവുമ്പോൾ വരും…. ജീന പറയുന്നത് കേട്ടപ്പോൾ ചിരി വന്നു… ” ആ പിന്നെ ചേട്ടായി പറഞ്ഞു മറ്റന്നാൾ മുതൽ ജോയിൻ ചെയ്തോളാൻ എന്ന്…. ആദ്യത്തെ മാസം 8000 രൂപ തരും, മൂന്ന് മാസം കഴിയുമ്പോൾ പതിനായിരം രൂപ കിട്ടും…. ” അത് മതിടെ, അടുത്ത് ഇത്രയും ശമ്പളത്തിൽ, എനിക്കത് സ്വർഗ്ഗം ആണ്… ” പിന്നെ നീ മറ്റെ ജോലിയുടെ കാര്യം ഇടയ്ക്കിടയ്ക്ക് ചേട്ടായിയെ ഓർമിപ്പിച്ചു കൊണ്ടിരിക്കണം….
ആൾക്ക് നല്ല മറവിയുള്ള കൂട്ടത്തിലാണ്, ” എപ്പോഴും ബുദ്ധിമുട്ടിക്കുന്നത് പോലെ ആവോ…? അത് മോശല്ലേ… ” എന്ത് മോശം..? നിന്നോട് ഉറപ്പു പറഞ്ഞതല്ലേ…? വാങ്ങിത്തരാം എന്ന് കാണുമ്പോൾ,ഒന്ന് ചിരിച്ചു കാണിച്ചു, എന്തേലും അടുത്തു ചെന്ന് ഒന്ന് സംസാരിച്ചാൽ മതി, നിന്നെ മറക്കാതെ ഇരുന്നോളും… ” ഓ അങ്ങനെ…! അത് വേണമെങ്കിൽ ഞാൻ ചെയ്തോളാം… ” ശരിയടി ബ്രേക്ക്ഫാസ്റ്റ് കഴിക്കട്ടെ, പിന്നെ വിളിക്കാം… അവൾ വച്ചതും അപ്പോൾ തന്നെ ഫോൺ എടുത്തു ചാച്ചനെയും വിളിച്ചു പറഞ്ഞു…. ചാച്ചനും സന്തോഷമായി, അങ്ങനെ മറ്റന്നാൾ മുതൽ ജോലി ചെയ്യുന്ന കാര്യം സ്വപ്നം കണ്ടു ഞാനും നടന്നു…. അന്നത്തെ ജോലികൾക്ക് എല്ലാം ഒരു പ്രത്യേക താളമുണ്ടായിരുന്നു, വലിയ സമാധാനം മനസ്സിൽ നിറഞ്ഞത് കൊണ്ടുള്ള ഒരു പ്രത്യേക താളം….
പിറ്റേന്ന് രാവിലെ ഉണർന്ന് നോക്കുമ്പോഴാണ് തൊട്ടപ്പുറത്തെ സൂരജ് ചേട്ടൻറെ വീട്ടിൽ കുറച്ച് ആളുകളെ കാണുന്നത്, അവിടേക്ക് എല്ലാവരും പോവുന്നത് കണ്ട് ഞാനും അമ്മച്ചിയും പോയി, അപ്പോൾ ഒരു പെൺകുട്ടിയുടെ കഴുത്തിൽ മാലയിട്ട് സൂരജ് ഏട്ടൻ നിൽക്കുന്നുണ്ട്, തൊട്ടരികിലായി അലക്സ് ചേട്ടായിയും കണ്ടു….. ചേട്ടായിക്ക് ഒപ്പം പാർട്ടിയിൽ ഉള്ളതാണ് സൂരജ് ചേട്ടനും, ചുവന്ന നിറത്തിലുള്ള മാല ഒക്കെയാണ് ഇട്ടിരിക്കുന്നത് വിവാഹം കഴിഞ്ഞതാണ് എന്ന് പെട്ടെന്ന് തന്നെ മനസ്സിലായി, ഉടനെ കാറിൽ വന്ന രണ്ടു പേർ വീട്ടിലേക്ക് കയറുകയും ആ പെൺകുട്ടിയുടെ കയ്യിൽ പിടിച്ച് ബലമായി കാറിൽ കയറ്റാൻ നോക്കുകയും ഒക്കെ ചെയ്യുന്നുണ്ട്…
ഉടനെ മുണ്ടൊക്കെ മടക്കി കുട്ടി അലക്സ് ചേട്ടായി ഇടയിൽ കയറുന്നതും എന്തോ പറയുന്നത് കേട്ടു, പിന്നെ പെൺകുട്ടിയെ വലിച്ചു കയറ്റാൻ തുടങ്ങിയപ്പോൾ അല്പം ബലമായി തന്നെ അലക്സ് ചേട്ടായിയുടെ അവരുടെ കൈപിടിച്ച് മാറ്റുകയും അതിനുശേഷം ദേഷ്യത്തോടെ സംസാരിക്കുകയും ചെയ്യുന്നത് കണ്ടു…. കാറിൽ കയറി പോകുന്നതിനു മുൻപേ അമ്പത്തിനടുത്ത് പ്രായം വരുന്ന അയാൾ ചേട്ടായിയുടെ മുഖത്തുനോക്കി വെല്ലുവിളിക്കുന്നത് കേട്ടു.. ” നീ ചെവിയിൽ നുള്ളികോഡാ, എൻറെ കൊച്ചിനെ ഇവിടെ ഈ അന്യമതക്കാരനെ കൊണ്ട് കെട്ടിച്ചു കൊടുത്തതിന് നിനക്ക് ഇട്ടു ഞാൻ നല്ലൊരു പണിതരും, ആ പെൺകുട്ടിയുടെ അച്ഛനാണ് അതൊന്ന് മനസ്സിലായിരുന്നു, പ്രണയ വിവാഹമാണെന്നും മനസ്സിലായി…
കുറച്ച് സമയം അവിടേക്ക് തന്നെ ആയിരുന്നു എല്ലാവരുടെയും ശ്രദ്ധ, പ്രശ്നങ്ങൾ ഒഴിഞ്ഞപ്പോൾ സൂരജ് ചേട്ടൻറെ അമ്മ വിളക്ക് കൊടുത്ത് ആ പെൺകുട്ടിയെ ആരതി ഉഴിഞ്ഞു…. രണ്ടു പേരും അകത്തേക്ക് കയറി കഴിഞ്ഞപ്പോൾ കാഴ്ചക്കാർ എല്ലാം മെല്ലെ പിൻവാങ്ങി…. താനും പോകാൻ തയ്യാറായി… ആ സമയത്താണ് അലക്സ് ചേട്ടായി തന്നെ കണ്ടത്, ചിരിച്ചു കാണിച്ചു, കൈയ്യാട്ടി അടുത്തേക്ക് വിളിച്ചു…. ഞാൻ മെല്ലെ അരികിലേക്ക് ചെന്നു…….. തുടരും…❤️