anuraga karikkin vellam reenu

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 4

എഴുത്തുകാരി: റീനു

താനും പോകാൻ തയ്യാറായി… ആ സമയത്താണ് അലക്സ് ചേട്ടായി തന്നെ കണ്ടത്, ചിരിച്ചു കാണിച്ചു, കൈയ്യാട്ടി അടുത്തേക്ക് വിളിച്ചു…. ഞാൻ മെല്ലെ അരികിലേക്ക് ചെന്നു…. ” അച്ചായൻ വീട്ടിൽ ഇല്ലേ…? ചേട്ടായി ചോദിച്ചു… ” ഇല്ല ചാച്ചൻ ജോലിക്ക് പോയി, ” നാളെ തൊട്ടു ആശുപത്രിയിൽ പോകേണ്ടത് ആണ്…. ഡോക്ടർ പറഞ്ഞിട്ടുണ്ട്, അച്ചായന് സന്തോഷം ആയിട്ടുണ്ടാവും… ചെറു ചിരിയോടെ അലക്സ്‌ പറഞ്ഞു ..! ” ഒരുപാട്….! ഞാൻ ചേട്ടായിയെ കാണാൻ വരാൻ വേണ്ടി ഇരിക്കുകയായിരുന്നു….. അല്പം ഭവ്യതയോടെ തന്നെ പറഞ്ഞു… ” അതിൻറെ ആവശ്യമൊന്നുമില്ല, പിന്നെ ഒരുപാട് ജോലി ഒന്നും ഉണ്ടാവില്ല, നമുക്ക് വേറെ എവിടെയെങ്കിലും നോക്കാം, എങ്കിൽ പിന്നെ കൊച്ച് ചെല്ല്, ” ചേട്ടായി വീട്ടിലേക്ക് കയറുന്നില്ലേ….?

ഒരു ഗ്ലാസ് ചായ കുടിച്ചിട്ട്….. ” വേണ്ട സമയം ഇല്ലാത്തോണ്ട് ആണ്, ഇപ്പോൾ തന്നെ ഞാൻ സമയമുണ്ടായിട്ട് വന്നതല്ല, ഇത്‌ നമ്മുടെ പയ്യൻ ആണ്…. അവന്റെ ഒരു അത്യാവശ്യ കാര്യത്തിന് വരാതിരുന്നാൽ ശരിയാവില്ലല്ലോ, എനിക്ക് ട്യൂഷൻ സെന്ററിൽ പോകണം, പിന്നെ പാർട്ടി ഓഫീസിൽ ഒരു മീറ്റിംഗ് ഉണ്ട്…. അതുകൊണ്ട് ആണ്, മറ്റൊരിക്കൽ വരാം, വാച്ചിൽ നോക്കികൊണ്ട് ചേട്ടായി പറഞ്ഞു…..!! ” ശരി ചേട്ടായി…. വളരെ സമാധാനത്തോടെ ആയിരുന്നു ചേട്ടായിക്ക് മറുപടി നൽകിയത്, പിറ്റേദിവസം പതിവിലും നേരത്തെ എഴുന്നേറ്റ് എല്ലാ ജോലികൾക്കും അമ്മയ്ക്കൊപ്പം കൂടി, എനിക്ക് ചോറും കറിയും ഉണ്ടാക്കാൻ അമ്മച്ചിക്കും ഒരു പ്രത്യേക സന്തോഷം ആയിരുന്നു അന്നത്തെ ദിവസം,

സ്റ്റൗ ഓണാക്കി വാഴയില വാട്ടിയതും അതിലേക്ക് നല്ല കുത്തരി ചോറ് വിളമ്പി, ഒരു ഉണ്ട ചമ്മന്തി വെച്ചു, പിന്നെ പുറകെ കുറച്ചു പയർ മെഴുക്കുപുരട്ടി, 2 ചാള വറുത്തത്, അതോടൊപ്പം നരിങ്ങാ അച്ചാർ, എല്ലാം കൂടി അമ്മച്ചി കെട്ടി തന്നു, ഒരു പഴയ മിനറൽവാട്ടർ കുപ്പിയിൽ വെള്ളം കൂടി എടുത്തു, എല്ലാം കൂടി ഒരു കവറിൽ ആക്കി ബാഗിൽ എടുത്ത് വെച്ചു…… പിന്നെ നേരെ പോയി കുളിക്കാനായി, കുളി കഴിഞ്ഞ് ഇറങ്ങിയപ്പോൾ പഴയൊരു കോട്ടൺ ചുങ്കിടി ചുരിദാർ ആണ് കയ്യിൽ തടഞ്ഞത്, കൂട്ടത്തിൽ നല്ലതെന്നു തോന്നുന്നതുകൊണ്ട് മെറൂണും ചാണകപച്ചയും ഇടകലർന്ന ആ കോട്ടൺ ചുരിദാർ ആണ് അണിഞ്ഞത്….

മുടി നന്നായി ഒന്ന് പിന്നിയിട്ടു, ഒരു കറുത്ത പൊട്ടും തൊട്ടു. ചെറിയൊരു മുത്തു കമലും കൂടി ഇട്ട് കണ്ണു നല്ല വൃത്തിയായി എഴുതിയ ശേഷം കർത്താവിൻറെ രൂപത്തിനു മുന്നിൽ ചെന്ന് മുട്ടുകുത്തി പ്രാർത്ഥിച്ചു… അപ്പോഴേക്കും ഒരു പ്രാർത്ഥന പുസ്തകവുമായി അമ്മച്ചി വന്നു, ജോലിക്ക് കയറുന്നതിനു മുമ്പുള്ള പ്രാർത്ഥനയാണ്, അത്‌ ചൊല്ലാൻ അമ്മച്ചി പറഞ്ഞപ്പോൾ അതും പ്രാർത്ഥിച്ചാണ് ഇറങ്ങിയത്, അമ്മച്ചിയുടെ കാൽ തൊട്ടു അനുഗ്രഹം വാങ്ങിയപ്പോൾ ആ മിഴികൾ നനഞ്ഞിരുന്നു….. ചാച്ചനും ഉണ്ടായിരുന്നു, ചാച്ചനോട് അനുഗ്രഹത്തിനായി കാലിലേക്ക് വീഴാൻ തുടങ്ങിയതും എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു നെറ്റിയിൽ ഒരു ഉമ്മ തന്നെയായിരുന്നു ചാച്ചൻ മറുപടി പറഞ്ഞത്….. ”

എൻറെ മോൾക്ക് എപ്പോഴും ചാച്ചന്റെ അനുഗ്രഹം ഉണ്ടാകുമെന്ന്, കവല വരെ പോകുമ്പോൾ എബിയൊടെ ഒരുപാട് വർത്തമാനങ്ങൾ പറഞ്ഞാണ് പോയത്, ബസ്സിലേക്ക് കയറുമ്പോൾ എന്നെ കയറ്റി ഇരുത്തിയതിനു ശേഷമാണ് എബിയും പോയത്, ബസ് വിടാൻ തുടങ്ങിയപ്പോൾ സ്റ്റീരിയോയിൽ ഗാനം ഒഴുകി എത്തി… ? അല്ലിയാമ്പൽ കടവിലന്ന് അരയ്ക്കുവെള്ളം, അന്ന് നമ്മളൊന്നായി തുഴഞ്ഞില്ലേ കൊതുമ്പുവള്ളം, നമ്മുടെ നെഞ്ചിലാകെ “അനുരാഗ കരിക്കിൻ വെള്ളം. “? പെട്ടന്നാണ് പുറത്ത് ബൈക്കിൽ ഇരിക്കുന്ന അലക്സ്‌ ചേട്ടായിയെ കണ്ടത്…. ആരോടോ ഫോണിൽ സംസാരിക്കുവാണ്, എന്നെ കണ്ടപ്പോൾ ചിരിച്ചിട്ട് ഒന്ന് കൈവീശി…..

ഞാനും ചിരിച്ചു മെല്ലെ വണ്ടി ചലിച്ചു…. ക്ലിനിക്കിന്റെ മുൻപിലേക്ക് ഇറങ്ങിയപ്പോൾ ഒരു വിറയൽ തോന്നിയിരുന്നു, ഇതുവരെ എങ്ങും ജോലി ചെയ്ത് എക്സ്പീരിയൻസ് ഇല്ലാത്തതു കൊണ്ടാകും നേരെ ഡോക്ടറുടെ ക്യാബിനുള്ളിലേക്ക് ആണ് കയറിയത്, രോഗികൾ ഒന്നും വന്നു തുടങ്ങിയിട്ടില്ല…. ഡോക്ടർ മാത്രമേ ഉണ്ടായിരുന്നുള്ളൂ, പ്രായം ചെന്ന ആളാണ്…. എന്നെ കണ്ടു മനസിലാകാതെ നോക്കുന്ന ഡോക്ടറുടെ മുഖത്തേക്ക് നോക്കി ഞാൻ പറഞ്ഞു…! ” ഞാൻ അലക്സ് ചേട്ടായി പറഞ്ഞിട്ട്, ” ഓഹ് അലക്സ്‌ പറഞ്ഞു….കയറി വരൂ… പറഞ്ഞപ്പോൾ തന്നെ ഡോക്ടർ വിളിച്ചു, ബാഗിൽ കരുതിയിരുന്ന സർട്ടിഫിക്കറ്റുകൾ ഒക്കെ കയ്യിലേക്ക് എടുത്തു കൊടുത്തു,

ഒക്കെ നോക്കിട്ട് ഡോക്ടർ തിരികെ തന്നു… ” ഇതിന്റെ ഒന്നും ആവശ്യമില്ല, ആദ്യം കുറച്ചു ബുദ്ധിമുട്ട് ഒക്കെ കാണും, ഒരു സിസ്റ്റർ കൂടിയുണ്ട്, കുറച്ച് പ്രായം ഉള്ള ആളാ, അവരോട് ചോദിച്ചു കാര്യങ്ങൾ ഒക്കെ പഠിക്കണം….. രണ്ടു പേരുടെ ആവശ്യമേ തൽക്കാലം ഈ ക്ലിനിക്കിൽ ഉള്ളൂ, ഇപ്പൊൾ തൽക്കാലം രോഗികളെ ഒന്നും നോക്കാൻ ആയിട്ട് നിൽക്കേണ്ട, മരുന്ന് എടുത്തു കൊടുക്കുക, ഇഞ്ചക്ഷൻ അങ്ങനെ ചെറിയ കാര്യങ്ങളൊക്കെ ചെയ്താൽ മതി….! പതുക്കെ കൂടുതലായിട്ട് ചെയ്യാം, പിന്നെ ഇവിടെ ഒരുപാട് രോഗികൾ ഒന്നും വരാറില്ല, അറിയാമല്ലോ അത്യാവശ്യകാർ മാത്രമേ വരാറുള്ളൂ, കുറച്ചുകൂടി നേരത്തെ വരണം… ഒരു 8.30 ആകുമ്പോഴേക്കും പോന്നോളൂ, 9 മണിക്ക് തുടങ്ങും ട്രീറ്റ്മെന്റ്….

പിന്നെ ഒരു മണി ആകുമ്പോൾ ലഞ്ച് ബ്രേക്ക്, പിന്നെ വീണ്ടും തുടങ്ങുന്നത് മൂന്ന് മണിക്ക് ആണ് ,വീട്ടിൽ പോയി കഴിക്കണമെങ്കിൽ അങ്ങനെ ചെയ്യാം അതല്ല, ഭക്ഷണം കൊണ്ടുവരുകയാണെങ്കിൽ അങ്ങനെ, അത്‌ പിന്നെ 7 മണി വരെ ഉണ്ടാവും, ആ സമയത്ത് ഒറ്റയ്ക്ക് പോകാൻ ബുദ്ധിമുട്ട് ഉണ്ടോ…? ” ഇല്ല ഡോക്ടർ, അച്ഛൻ ഒരു ഹോട്ടല് ആണ് ജോലി ചെയ്യുന്നത്, ആ ബസ്സിൽ തന്നെ അച്ഛൻ ഉണ്ടാവും, അതുകൊണ്ട് കുഴപ്പം ഇല്ല, ” അപ്പോൾ കുഴപ്പം ഇല്ല, കാര്യങ്ങൾ ഒക്കെ ലീലാമ്മ സിസ്റ്ററിനോട് ചോദിച്ചാൽ മതി…. കാര്യങ്ങളൊക്കെ പറഞ്ഞു തരും, എക്സ്പീരിയൻസ് ഇല്ലാത്ത ഒരാളെ സാധാരണ ഞാൻ നിർത്താറില്ല, ഇത് ഇപ്പോൾ അലക്സ്‌ പറഞ്ഞതുകൊണ്ട് എനിക്ക് തള്ളിക്കളയാൻ പറ്റില്ല….

അതുകൊണ്ട് മാത്രം, ഡോക്ടർ പറഞ്ഞു…. ” എനിക്കറിയാം ഡോക്ടർ,വളരെ വേഗത്തിൽ തന്നെ ഞാൻ പഠിച്ചെടുത്തോളാം, ” വേഗത്തിൽ ഒന്നും പഠിക്കേണ്ട, നന്നായിട്ട് ഒക്കെ പഠിച്ചാ മതി, ” ഒക്കെ ഡോക്ടർ… ഒരു ചിരിയോടെ ഡോക്ടർ പറഞ്ഞപ്പോൾ തന്നെ പകുതി സമാധാനം തോന്നിയിരുന്നു, ആ സിസ്റ്ററിന്റെ അടുത്തേക്ക് ചെന്നപ്പോൾ തന്നെ ആ സിസ്റ്റർ ഒരു പ്രേത്യേക സ്വഭാവകാരിയാണ് എന്ന് മനസിലായി…. എന്തുണ്ടെലും വെട്ടിത്തുറന്നു പറയും, ആദ്യം ചെയ്ത ചില തെറ്റുകൾ ഒക്കെ ആളെ ചൊടിപ്പിച്ചു എന്ന് മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി…. പിന്നെ പിന്നെ എന്തെങ്കിലും തെറ്റുകൾ ചെയ്യുമ്പോൾ മുഖത്തടിച്ചതു പോലെ പുള്ളിക്കാരി പറയാൻ തുടങ്ങി,

ആദ്യമൊക്കെ വേദന തോന്നുമെങ്കിലും പിന്നീട് എല്ലാം മറന്നതുപോലെ സ്നേഹപൂർവമുള്ള സിസ്റ്ററുടെ വാക്കുകൾ കേൾക്കുമ്പോൾ വല്ലാത്ത സമാധാനം തോന്നുമായിരുന്നു, ചിലരുടെ രീതി അതാണല്ലോ എന്നോർത്ത് സമാധാനിച്ചു….. ഉച്ചയ്ക്ക് കഴിക്കാൻ ഇരിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ഉണ്ടാവും സിസ്റ്ററിന് പറയാൻ, ചില ദിവസങ്ങളിൽ മാത്രമേ ആൾ എന്നോടൊപ്പം കഴിക്കാറുള്ളൂ, അല്ലാത്ത ദിവസങ്ങളിൽ ഒക്കെ വീട്ടിലേക്ക് പോകും, കുട്ടികൾക്ക് സ്കൂളിൽ പോകേണ്ടാത്ത ദിവസങ്ങളിൽ മാത്രമാണ് ആഹാരം കൊണ്ട് വരാറുള്ളത്, ചിലപ്പോൾ തിരക്കുപിടിച്ച ജോലിക്കിടയിൽ ആഹാരം ഉണ്ടാക്കാൻ പറ്റിയില്ലെങ്കിൽ കുട്ടികൾക്ക് കൊടുക്കുന്നതും കൊണ്ടാണ് സിസ്റ്റർ വരാറുള്ളത്, കൂടുതലും സിസ്റ്റർ ഉച്ചയ്ക്ക് വീട്ടിൽ പോയാണ് ഭക്ഷണം കഴിക്കുന്നത്,

അപ്പോഴൊക്കെ ഒറ്റയ്ക്ക് ഒന്നരമണിക്കൂറോളം ഞാൻ തന്നെ ഇരിക്കും, ആ സമയങ്ങളിൽ അവിടെയെല്ലാം വൃത്തിയാക്കി മനോഹരമാക്കാൻ ശ്രമിക്കാറുണ്ട്, ഒരാഴ്ച കൊണ്ട് തന്നെ ലീലാമ്മ സിസ്റ്ററും ഡോക്ടർമായും ഒക്കെ നല്ലൊരു ബന്ധം ഉണ്ടായിരുന്നു….. അത് വളരെ സഹായകരമായി തോന്നി, ലീലാമ്മ സിസ്റ്റർ ഇതിനിടയിൽ വിശേഷങ്ങൾ ചോദിക്കുകയും ഒക്കെ ചെയ്യും, ഇടയ്ക്ക് ജീന വിളിയ്ക്കും അവൾക്ക് അവിടെ ചെറിയതോതിൽ കഷ്ടപ്പാട് ആണെന്നാണ് പറഞ്ഞത്, അവർ വലുതായി ജോലി ചെയ്യിപ്പിക്കുമെന്നും എന്നാൽ അതിനുള്ള ശമ്പളവും ഇല്ല എന്നും, നിന്നെപ്പോലെ അവിടെ ജോലിക്ക് കയറിയാൽ മതിയായിരുന്നു എന്ന് ഇടക്കൊക്കെ പറയും,

അതെല്ലാം മൂളി കേട്ട് താൻ ചിരിക്കും, ഇടയ്ക്ക് പുറത്തുവച്ച് ഒക്കെ കാണുമ്പോൾ അലക്സ് ചേട്ടായിയുടെ ഒരു പുഞ്ചിരി അല്ലെങ്കിൽ ഒരു കൈവീശൽ അതിൽ ആ നന്ദി പ്രകടനം അവസാനിച്ചിരുന്നു, അങ്ങനെ ജോലി കിട്ടിയ ഒരു മാസം പൂർത്തിയായി…. അന്ന് ശമ്പളം കയ്യിലേക്ക് ലഭിക്കുമ്പോൾ വലിയ സന്തോഷമായിരുന്നു തോന്നിയത്, ജീവിതത്തിൽ ആദ്യമായി ആണ് ഇത്രയും തുക ശമ്പളം വാങ്ങുന്നത്. അടുത്ത മാസം മുതൽ ലോൺ അടച്ചു തുടങ്ങണം, ഈ മാസം ഇതു മുഴുവൻ അച്ഛൻറെ കയ്യിൽ കൊടുക്കണം, അങ്ങനെയാണ് ആദ്യം ചിന്തിച്ചത്…..പിന്നെ ഓർത്തു എല്ലാർക്കും എന്തേലും വാങ്ങി ബാക്കി കാശ് കൊടുക്കാം എന്ന്…..

ആദ്യം തന്നെ ഒരു കടയിലേക്ക് ആണ് കയറിയത്, അമ്മയ്ക്ക് നല്ലൊരു സാരി എടുത്തു, എബിക്ക് നല്ലൊരു ജീൻസും ഷർട്ടും, ചാച്ചന് എന്തു വാങ്ങും എന്നതായിരുന്നു ഒരു ചോദ്യചിഹ്നമായി നിന്നത്…. ഒരു നല്ല ഷർട്ടും മുണ്ടും തന്നെ വാങ്ങി, ഏറ്റവും കൂട്ടത്തിൽ വിലയുള്ളത് നോക്കിയാണ് ഷർട്ട് എടുത്തത്…. ചാച്ചൻ നല്ലൊരു ഷർട്ട് കണ്ടിട്ടുപോലുമില്ല, വലിയ സന്തോഷത്തോടെയാണ് വീട്ടിലേക്ക് പോയത്….. കവലയിൽനിന്നും ചിക്കനും കപ്പയും വാങ്ങാൻ മറന്നില്ല, എല്ലാം അമ്മച്ചിയുടെ കയ്യിൽ കൊടുത്തപ്പോൾ അമ്മച്ചി മുഖത്തേക്ക് നോക്കി പതിവില്ലാത്ത ശീലം എന്താണെന്ന് രീതിയിൽ…. ഒന്നും ഇല്ല എന്ന് പറഞ്ഞ് ഒരു ആയിരം രൂപയുടെ നോട്ട് എടുത്ത് അമ്മച്ചിയുടെ കയ്യിൽ വെച്ചുകൊടുത്തു, ശമ്പളം കിട്ടിയത് ആണെന്ന് പറഞ്ഞപ്പോൾ ആ മുഖം തിളങ്ങിയിരുന്നു……

പിന്നെ വൈകുന്നേരം വരെ ചാച്ചൻ വരാനുള്ള ഒരു കാത്തിരിപ്പായിരുന്നു, ഒരു 500 രൂപ എബിക്ക് ആയി മാറ്റി വച്ചു, ചാച്ചൻ വന്നതോടെ കവറുകൾ എല്ലാം എടുത്ത് ഉമ്മറത്തേക്ക് വന്നു, എന്നിട്ട് ഓരോരുത്തർക്കായി ഞാൻ വാങ്ങിയത് എല്ലാം കൊടുത്തു…. സന്തോഷംകൊണ്ട് മൂന്നുജോടി കണ്ണുകളും തിളങ്ങുന്നത് കണ്ടപ്പോൾ എന്തൊക്കെയോ ജീവിതത്തിൽ നേടിയത് പോലെ എനിക്ക് തോന്നി…… ആദ്യമായാണ് ഇത്രയും സമാധാനത്തോടെ ഒരു ദിവസം എൻറെ ജീവിതത്തിലൂടെ കടന്നു പോകുന്നത് എന്ന് തോന്നിയിരുന്നു….

ബാക്കിവന്ന കുറച്ചു നോട്ടുകൾ അലമാരിയിൽനിന്നും എടുത്തുകൊണ്ടുവന്ന് ചാച്ചന്റെ കൈകളിലേക്ക് കൊടുത്തപ്പോൾ ആ മിഴികൾ നിറഞ്ഞിരുന്നു,ഏറെ സന്തോഷത്തോടെയാണ് അന്നത്തെ രാത്രി ഉറങ്ങാൻ കിടന്നത്, പിറ്റേദിവസം എന്നെ കാത്തിരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് അറിയാതെ……… തുടരും…❤️

ഇതിനു മുന്നത്തെ പാർട്ടുകൾവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Similar Posts