anuraga karikkin vellam reenu

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 11

എഴുത്തുകാരി: റീനു

” ഇനിയിപ്പോൾ അലക്സ്‌ സാർ മത്സരിച്ചാൽ എന്താണെങ്കിലും നമ്മുടെ പാർട്ടി തോൽക്കും എന്ന് ഉറപ്പ് ആണ് .. കാരണം ഈ ഒരു കേസ് അത്രത്തോളം നാട്ടിൽ എല്ലാവരും അറിഞ്ഞു കഴിഞ്ഞു…! എൻറെ അഭിപ്രായത്തിൽ അലക്സ് സാർ മത്സരിക്കണ്ട എന്ന് തന്നെ ആണ്.. രഞ്ജിത്താണ് എഴുന്നേറ്റ് നിന്ന് പറഞ്ഞത്…. തോമസ് സർ ഒന്നും സംസാരിക്കാതെ അലക്സിന്റെ മുഖത്തേക്ക് നോക്കി….. അലക്സ് ആണെങ്കിൽ മറ്റേതൊ ഒരു ലോകത്ത് ആണെന്ന് തോന്നി, ഇതൊന്നും അയാളെ ബാധിക്കുന്നില്ല എന്നതുപോലെ…. തിടമ്പെടുത്ത ഒറ്റകൊമ്പനെ പോലെ നിന്ന ഒരു മനുഷ്യൻ, അഭിമാനം മാത്രം സ്ഫൂരിച്ചു നിന്ന ആ മുഖം ഇന്ന് അപമാനത്തിന്റെ ഇരുളിൽ അകപ്പെട്ട് പോയി…

അയാൾ ഈ ഗ്രഹത്തിൽ നിന്ന് അകന്ന് മറ്റൊരു തുരുത്തിലാണ് എന്ന് തോന്നി….! ” അലക്സ് തന്റെ അഭിപ്രായം എന്താ….? അവസാനം പലരും ഇതേ അഭിപ്രായം തന്നെ ഉന്നയിച്ചപ്പോൾ തോമസ് അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു, ” എനിക്ക് പ്രത്യേകിച്ച് അഭിപ്രായങ്ങളൊന്നുമില്ല…. പാർട്ടി പറയുന്നത് എന്തും ഞാൻ അനുസരിക്കും…. മത്സരിക്കേണ്ട എന്നാണെങ്കിൽ അതിനു ഞാൻ തയ്യാറാണ്…. അല്ലെങ്കിലും എന്റെ മാനസികാവസ്ഥയും ഒരു ഇലക്ഷനും പ്രചാരണവും ഒന്നും നേരിടാനുള്ള അവസ്ഥയിലല്ല…. അലക്സ്‌ പറഞ്ഞു…! ” എന്തുകൊണ്ടും സിദ്ധാർത്ഥ് സാർ തന്നെയാണ് ഈ സ്ഥാനത്തേക്ക് മത്സരിക്കാൻ ഇപ്പോൾ യോഗ്യത ഉള്ള ആൾ…

രഞ്ജിത്ത് വിളിച്ചു പറഞ്ഞു….. ആ നിമിഷം അലക്സിനെ കാണിക്കാൻ വേണ്ടി ഞെട്ടി എന്നതുപോലെ നന്നായി ഒന്ന് അഭിനയിച്ചിരുന്നു സിദ്ധാർത്ധ്…. ” അതെ സിദ്ധു മത്സരിക്കട്ടെ, അതാണ് നല്ലത്….. ഞാനിപ്പോൾ ഇതിൽ നിന്നെല്ലാം വിട്ടുനിൽക്കാൻ ആണ് ആഗ്രഹിക്കുന്നത്…. അത്രയും പറഞ്ഞ് ആരുടെയും മറുപടിക്ക് കാക്കാതെ അലക്സ് എഴുന്നേറ്റിരുന്നു, പിന്നെ ആരോടും പറയാതെ അയാൾ നടന്ന് അകലുമ്പോൾ സിദ്ധാർഥിന്റെ ഉള്ളിൽ മാത്രം ഒരു വിജയത്തിൻറെ ചിരി നിറഞ്ഞു നിന്നു…. പിറ്റേന്ന് രാവിലെ വീട്ടിലേക്ക് വന്ന് കയറുമ്പോൾ തന്നെ എല്ലാ മുഖങ്ങളിലും പടർന്നിരുന്ന നിരാശ അലക്സിന് മനസ്സിലായിരുന്നു…. പാർട്ടി ഓഫീസിൽ നിന്നും നേരെ പോയത് എവിടെ ആണെന്ന് ഊഹം ഇല്ലാതെ ആയിരുന്നു, എവിടേക്കോ വണ്ടി ഓടിച്ചു …

ആൾ താമസം ഇല്ലാത്ത ഒരു സ്ഥലത്ത് വണ്ടി നിർത്തിയിട്ട് കുറെ നേരം അങ്ങനെ തന്നെ ഇരുന്നു…. കുറച്ചു സമാധാനം കിട്ടി എന്ന് തോന്നിയപ്പോൾ എപ്പോഴോ നിദ്ര കണ്ണുകളെ ആവരണം ചെയ്യുക ആയിരുന്നു….. ഉറക്കം ഉണർന്നപ്പോഴേക്കും നേരം വെളുത്തു എന്ന് മനസ്സിലായി, അപ്പോൾ തന്നെ വീട്ടിലേക്ക് പോവുകയായിരുന്നു…. ഒരുപക്ഷേ തന്നെ കാണാത്തതിനാൽ ആയിരിക്കാം എല്ലാവരുടെയും മുഖത്ത് നിരാശ എന്നായിരുന്നു അലക്സ് കരുതിയിരുന്നത്…. ” അലക്സ്‌ ഇന്നലെ എവിടെയായിരുന്നു….? സണ്ണി ആണ് ചോദിച്ചത് ” ഞാന് ഇന്നലെ പാർട്ടി ഓഫീസിൽ നിന്ന് ഇറങ്ങി വെറുതെ ഒന്ന് ഡ്രൈവ് ചെയ്തു…. ഇടയ്ക്ക് വണ്ടിയിൽ ഒന്നു പാഞ്ഞു….

എത്രയൊ ദിവസമായി സമാധാനമായി ഒന്ന് കിടന്നുറങ്ങി, ” ഞാൻ കുറെ വിളിച്ചായിരുന്നു.. ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു… സണ്ണി പറഞ്ഞു… ” ഫോൺ ചാർജ് തീർന്ന് ഓഫ് ആയി…. അതായിരിക്കും…. അലസമായി പറഞ്ഞവൻ… ” ഒരു പ്രശ്നം ഉണ്ടല്ലോ അലക്സ്‌…. സണ്ണി അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു…. ” എന്താ സണ്ണിച്ച…. ” ആ കൊച്ച് ഒരു അബദ്ധം കാണിച്ചു അലക്സ്‌…. സണ്ണിക്ക് അത്‌ എങ്ങനെ പറയണം എന്ന് അറിയില്ലായിരുന്നു…. ” അബദ്ധമോ…? എന്ത് പറ്റി… ഒരു ഭയം തോന്നി അലക്സിന് … ” അവൾ കയ്യിലെ ഞരമ്പ് മുറിച്ചു ഇച്ചായ…. കണ്ണുനീരോടെ ജീന ആണ് അത് പറഞ്ഞത്….. ” ഈശോയെ…. എന്നിട്ട്… കേട്ട വാർത്ത അവന്റെ സർവ്വ നാഡിഞരമ്പുകളെയും തകർക്കാൻ കെല്പുള്ളത് ആയിരുന്നു….. ” എന്നായി എന്നൊന്നുമറിയില്ല, ആശുപത്രിയിലാ…. ”

ആരാ ഇത് പറഞ്ഞത് ” അവരുടെ അടുത്തുള്ള ആളുകൾ ആണ്…. ഇന്നലെ രാത്രിയിൽ ആയിരുന്നു സംഭവം… സണ്ണി പറഞ്ഞു… ” ഏത് ആശുപത്രിയിലാ, ” നീ ടെൻഷൻ അടിക്കണ്ട ഞാൻ നമ്മുടെ ആൾക്കാരെ അങ്ങോട്ട് വിട്ടിട്ടുണ്ട്, എന്താവശ്യമുണ്ടെങ്കിലും ചെയ്തു കൊടുക്കണം എന്ന് പറഞ്ഞിട്ടുണ്ട്, മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്….. ഇപ്പോൾ ഐസിയുവിൽ ആണെന്ന് പറഞ്ഞത്…. അപകടനില തരണം ചെയ്തു എന്ന് അറിയാൻ പറ്റിയിട്ടില്ല….. ” ഈശോയെ എന്തൊക്കെയാ ഞാൻ കേൾക്കുന്നത്…. ഞാനൊന്ന് അവിടേക്ക് പോയിട്ട് വരാം… ” വേണ്ട അലക്സെ ഇപ്പോൾ നീ പോകണ്ട, വീണ്ടും നാട്ടുകാരൊക്കെ കണ്ട് എന്തെങ്കിലും പറഞ്ഞാൽ…. ”

പിന്നെ നാട്ടുകാർ ഇതിൽ കൂടുതൽ എന്ത് പറയാൻ ആണ് … ആ കൊച്ച് എന്നാത്തിനാ ഇങ്ങനെയൊരു കടും കൈ ചെയ്തത്….. അങ്ങനെ ആണേൽ ഞാൻ വേണ്ടേ അത്‌ ചെയ്യാൻ…. ” നീയൊരു ആണാണ് …. അവൾ ഒരു പെണ്ണാണ്, അതാണ് വ്യത്യാസം….നിനക്കും അവൾക്കും അനുഭവിക്കേണ്ടി വരുന്നത് രണ്ടുതരത്തിലാണ്, അവളെ പോലെ ഒരു പെങ്കൊച്ചിന് അതൊന്നു ഒരുപാട് സഹിക്കാൻ കഴിഞ്ഞെന്നുവരില്ല…. സൂസന്ന പറഞ്ഞു…. ” എന്റെ കർത്താവെ ഞാൻ എന്നാ തെറ്റ് ചെയ്തിട്ടാണ്….. ഇപ്പോൾ എന്താ ഒരു പരിഹാരമാർഗ്ഗം…. അലക്സ്‌ തലയിൽ വിരലോടിച്ചു പറഞ്ഞു…. “ഒരു പരിഹാരമാർഗ്ഗം ഉണ്ട്,ഞാൻ പറഞ്ഞാൽ അലക്സ് സമ്മതിക്കുമോ…? ഞാനും അമ്മയും ഒക്കെ അതിനെപ്പറ്റി തന്നെ സംസാരിച്ചുകൊണ്ടിരുന്നത്….

സണ്ണി പറഞ്ഞു… ഒരു നിമിഷം അലക്സും ശ്രദ്ധാലുവായിരുന്നു, ” എന്താണെങ്കിലും ആ പെൺകൊച്ച് നാണക്കേട്, അച്ചായൻ പറഞ്ഞത് പോലെ തേച്ചാലും മായ്ച്ചാലും പോകാൻ പോകുന്നില്ല, അവൾക്ക് നല്ലൊരു ജീവിതം ഉണ്ടാവണം, അതിന് നീ തന്നെ വിചാരിക്കണം…. സണ്ണി പറഞ്ഞു… ” മനസ്സിലായില്ല,. അലക്സിന്റെ കണ്ണുകൾ ഒന്ന് കുറുകി….. ” മനസ്സിലാവാൻ പ്രേത്യകിച്ച് ഒന്നുമില്ല…. അവളുടെ വീട്ടുകാർക്കും അവൾക്കും സമ്മതം ആണെങ്കിൽ ആ കൊച്ചിനെ കല്യാണം കഴിക്കണം…. പിന്നെ നാട്ടുകാർ ഒന്നും പറയില്ലല്ലോ… ഒരു നിമിഷം ആ കേട്ട വാർത്തയുടെ നടുക്കത്തിൽ ആയിരുന്നു അലക്സ്….. ” ഇതു മാത്രമേയുള്ളു ഇതിനുള്ള പരിഹാരം…. സണ്ണി അടിവര ഇട്ട് പറഞ്ഞു… ” നിങ്ങൾക്കൊക്കെ ഇങ്ങനെ പറയാൻ നാണമില്ലേ…..?

അവൾക്ക് എന്ത് പ്രായം ഉണ്ടെന്ന് ആണ് ഈ പറയുന്നത്…. ഇവളുടെ പ്രായം, അതായത് എന്റെ അനുജത്തിയുടെ പ്രായം, എനിക്ക് എത്ര വയസ്സ് ഉണ്ടെന്ന് അറിയോ…? ഞങ്ങൾ തമ്മിൽ എത്ര വയസ്സിൽ വ്യത്യാസമുണ്ട് എന്നറിയോ…? അതൊക്കെ അവിടെ നിൽക്കട്ടെ, എൻറെ ജീവിതത്തിൽ ഒരു വിവാഹമില്ലെന്ന് ഞാൻ നേരത്തെ തീരുമാനിച്ചിട്ടുള്ളത് ആണ്… നല്ല പരിഹാരം, അല്പം ദേഷ്യത്തോടെ അതിലുപരി പുച്ഛത്തോടെ അലക്സ്‌ പറഞ്ഞു…. ” പിന്നെന്താ ഇതിനുള്ള പരിഹാരം….? അലക്സ്‌ തന്നെ പറ, ഇനി കൊള്ളാവുന്ന കുടുംബത്തിലെ ഏതെങ്കിലും ഒരു നല്ല ബന്ധം ആ കൊച്ചിനെ കിട്ടുമോ…?

ജീവിതകാലം മുഴുവൻ ഈ നാണക്കേട് പേറി ആ കൊച്ച് ഇങ്ങനെ ജീവിക്കണമെന്നോ, അത് വേണ്ടെന്നു തോന്നിയത് കൊണ്ടാണ് അവൾ തന്നെ മരണം തിരഞ്ഞെടുത്തത്…. സണ്ണി പറഞ്ഞു… ” ഒരു പെങ്കൊച്ചിന്റെ കണ്ണുനീര് അത് വീഴാൻ പാടില്ല ചേട്ടായി ആശ പറഞ്ഞു… ” ആ കൊച്ചിന്റെ വീട്ടുകാർക്കും സമ്മതമാണെങ്കിൽ നമുക്ക് ഇത് നടത്താം മോനേ…. സൂസന്ന പറഞ്ഞു… ” അവർ സമ്മതിക്കുമായിരിക്കും, പക്ഷേ അത് അവരുടെ നിസ്സഹായാവസ്ഥ കൊണ്ടാണ് അമ്മച്ചി….. ഒരുവിവാഹം എന്നൊക്കെ പറയുമ്പോൾ ഏതൊരാൾക്കും അതിനെപ്പറ്റി കുറച്ച് സ്വപ്നങ്ങളും സങ്കല്പങ്ങളൊക്കെ കാണും, ആ കുട്ടിക്ക് ഉണ്ടാകും അതൊക്കെ…. അതുമായി ഒന്നും യാതൊരു വിധത്തിലും ഒത്തുപോകുന്ന ഒരാളല്ല ഞാൻ, അതിലുപരി എനിക്കും വലിയ ബുദ്ധിമുട്ടാണ്…..

ഇതൊഴിച്ച് മറ്റെന്തു പരിഹാരവും നിങ്ങൾക്ക് തീരുമാനിക്കാം, നമുക്ക് അവളുടെ കല്യാണം നടത്താം….. ഇതൊന്നും കേട്ടാൽ വിശ്വസിക്കാത്ത നല്ല ചെറുപ്പക്കാർ ഉള്ള നാടല്ലേ ഇത്…. ആർക്കെങ്കിലും അവളുടെ മനസ്സ് മനസ്സിലാക്കാൻ സാധിക്കും, അങ്ങനെ ഒരാളെ ഞാൻ കണ്ടു പിടിച്ചോളാം…. അതും പറഞ്ഞായാൾ അകത്തേക്ക് പോയപ്പോൾ എല്ലാ മുഖങ്ങളിലും നിരാശ നിറഞ്ഞുനിന്നിരുന്നു…. ” ഞാൻ പറഞ്ഞില്ലേ അവൻ സമ്മതിക്കില്ലന്ന്… സൂസമ്മ വേദനയോടെ പറഞ്ഞു ” ഒരു കണക്കിന് ചേട്ടായി ഇങ്ങനെ പറഞ്ഞത്, നമ്മൾ സംസാരിക്കുമ്പോൾ അവർക്ക് താല്പര്യം ഇല്ല എന്നാണ് പറയുന്നതെങ്കിൽ ചേട്ടായിക്ക് അത്‌ ഒരു വിഷമമാകില്ലേ….! ”

അങ്ങനെ അവർ പറയില്ലെന്ന് ആണ് എൻറെ വിശ്വാസം…. സണ്ണി പറഞ്ഞു, ” ഏതായാലും ഒന്നുകൂടി ഒന്ന് നിർബന്ധിക്കാം, ഇപ്പൊൾ ഈ വാർത്ത കേട്ട ഞെട്ടൽ ആയിരിക്കും… സൂസമ്മ അത് പറഞ്ഞപ്പോൾ എല്ലാവരും അത് സമ്മതിച്ചിരുന്നു…. ജീന മാത്രം വല്ലാത്തൊരു വേദനയിൽ ഉരുകുകയായിരുന്നു…. താൻ കാരണമാണല്ലോ അവൾക്ക് ഇങ്ങനെ വന്നത് എന്ന് വേദനയായിരുന്നു അവൾക്ക്….. അകത്തെ മുറിയിൽ അലക്സും വല്ലാത്തൊരു കുറ്റബോധത്താൽ ഉഴറുകയായിരുന്നു….. താൻ കാരണം ഒരു പെൺകുട്ടിക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നല്ലോ എന്ന വേദനയായിരുന്നു അവനിൽ…. ഇടയ്ക്കിടെ സണ്ണിയുടെ അരികിലേക്ക് വന്ന് ആശുപത്രിയിൽ നിന്നും എന്തെങ്കിലും അറിഞ്ഞോ എന്ന് അവൻ തിരക്കുണ്ടായിരുന്നു….

നിമിനേരം കൊണ്ടാണ് തങ്ങളുടെ രണ്ടുപേരുടെയും ജീവിതം മാറിമറിഞ്ഞത് എന്ന് അലക്സ് ചിന്തിക്കുകയായിരുന്നു…. അതിലുമുപരി അവനെ ഞെട്ടലിൽ ആക്കിയത് വിവാഹം ചെയ്യാൻ പറഞ്ഞ് വീട്ടുകാരുടെ വാക്കുകളായിരുന്നു….. ഒരു നിമിഷം വിടർന്ന കണ്ണുകളും അതിൽ നിറയെ കരിമഷിയും ചുവന്ന പൊട്ടും ചൂടി മുടി മുന്നിലേക്ക് മെടഞ്ഞിട്ട് വരുന്ന ഒരു പെൺകുട്ടിയുടെ രൂപം അവൻറെ മനസ്സിൽ തെളിഞ്ഞുവന്നു….. പലവട്ടം താൽപര്യമില്ലെന്ന് പറഞ്ഞിട്ടും പിറകെ നടന്ന തന്നെ പ്രണയിച്ചവൾ, പ്രായ വ്യത്യാസത്തിന്റെ കണക്ക് പറഞ്ഞപ്പോൾ തന്റെ ഉള്ളിൽ നിറഞ്ഞ പ്രണയത്തിലും വലുതല്ലാത്ത എന്ന് തന്നെ മനസ്സിലാക്കിയവൾ…. ഇടിച്ചുകയറി തൻറെ ഹൃദയത്തിലേക്ക് ചേക്കേറിയവൾ….

ആരും കാണാതെ സ്റ്റാഫ് റൂമിലേക്ക് വന്നു തൻറെ കവിളിൽ ഉമ്മ വെച്ചു ഓടിപ്പോയവൾ, സംഗീത….! അവളിലൂടെ ആയിരുന്നു താൻ പ്രണയമെന്ന മാസ്മരികത അറിഞ്ഞത്, ആദ്യമൊക്കെ അവഗണിച്ചവളെ പിന്നീട് മനസ്സിൻറെ കോണിൽ എവിടെയൊക്കെയോ പരിഗണിക്കാൻ തുടങ്ങി…. അവളുടെ കുറുമ്പുകളും കുസൃതികളും ആസ്വദിക്കാൻ തുടങ്ങി, തന്നെക്കാൾ 10 വയസ്സിന് വ്യത്യാസമുണ്ടെന്ന് അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചപ്പോഴും പിന്മാറാൻ അവർ താല്പര്യപ്പെട്ടില്ല…. ട്യൂഷൻ പഠിപ്പിക്കുന്ന ആൾ ആണെങ്കിലും അധ്യാപകൻ അദ്ധ്യാപകൻ തന്നെയാണെന്ന് പറഞ്ഞു, അപ്പോഴും അവൾ പറഞ്ഞത് മനസ്സിൻറെ കോണിൽ കൊറിയ ചിത്രം താൻ മാത്രമാണെന്നാണ്….

അവസാനം എല്ലാ പ്രതിബന്ധങ്ങളെയും മറന്ന് താനും അവളെ പ്രണയിച്ചു തുടങ്ങിയ നിമിഷം, മോഹങ്ങൾ ഏറെ നൽകി തന്നെ തുരുത്തിൽ ആകിയവൾ….. വീട്ടുകാരോട് എതിർക്കാൻ ത്രാണി ഇല്ലെന്നു പറഞ്ഞു അവൾ തന്നിൽനിന്ന് അകന്നുപോയ ആ നിമിഷം, അന്ന് മരിച്ചതാണ് ഈ മനസ്സിൽ പ്രണയവും…. പിന്നെ വിവാഹം എന്ന സ്വപ്നം പോലും ഉണ്ടായിട്ടില്ല….. ആ സ്ഥാനത്തേക്ക് ഇനിയും മറ്റൊരാളെ പ്രതിഷ്ഠിക്കാൻ ഒരിക്കലും തനിക്ക് സാധിക്കില്ല….. ഓർമ്മകളുടെ കുത്തൊഴുക്കിൽ പെട്ട് പോയിരുന്നു ആ നിമിഷം മുതൽ അലക്സും… കാത്തിരിക്കൂ… ഇനി കുറച്ചു പാസ്റ്റ് ഉണ്ട് കേട്ടോ…!…. കാത്തിരിക്കൂ…?

ഇതിനു മുന്നത്തെ പാർട്ടുകൾവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Similar Posts