അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 31
എഴുത്തുകാരി: റീനു
സന്ധ്യ സമയമായപ്പോഴേക്കും എല്ലാ തിരക്കുകളും ഒഴിഞ്ഞു ആളുകൾ എല്ലാം പോയി തുടങ്ങി… ഇതിനിടെ വീട്ടിലേക്ക് വിളിച്ചു അവിടെയും കുറച്ച് ബന്ധുക്കളൊക്കെ ഉള്ളതുകൊണ്ട് ഒരുപാട് നേരം അപ്പച്ചനോട് സംസാരിക്കാൻ പറ്റിയില്ല… എങ്കിലും എബിയോടും സംസാരിച്ചാണ് നിർത്തിയത്… അപ്പോഴേക്കും അലക്സ് കുളികഴിഞ്ഞ് ഇറങ്ങി വന്നിരുന്നു, എല്ലാവർക്കും ചായയുമായി സൂസന്നയും എത്തി, ” അളിയൻ എന്തിയേടി.. ” ആശയുടെ മുഖത്തേക്ക് നോക്കിയാണു അലക്സ് ചോദിച്ചത്, ” ചേട്ടായി ഇങ്ങനെ കല്യാണം കഴിഞ്ഞിട്ട് കിടന്നുറങ്ങിക്കോ,
എന്റെ ഇച്ചായൻ രാപകലില്ലാതെ കിടന്നു ഓടുവാ അളിയന്റെ കല്യാണത്തിന് വേണ്ടി, രസകരമായ രീതിയിൽ അവൾ പറഞ്ഞു… ” നിൻറെ കല്യാണത്തിന് വേണ്ടി ഞാൻ കുറെ ഓടിയതാ…! അതിൻറെ പലിശ ഈ ഇനത്തിൽ അങ്ങ് തീർത്തേക്കാം.. ” അലക്സ് പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചിരുന്നു, കുറച്ചുകഴിഞ്ഞ് സണ്ണി വന്നപ്പോൾ സണ്ണിയോടൊപ്പം ആയി അലക്സ് വർത്തമാനവും എല്ലാം, ആ സമയം അടുക്കളയിൽ ചെന്ന് അമ്മയോടും ജീനയോടും ആശയോടും ഒക്കെ വർത്തമാനം പറയുകയായിരുന്നു, ആൻസി ചപ്പാത്തി ഉണ്ടാക്കുവാൻ സൂസന്നയെ സഹായിക്കാൻ തുടങ്ങിയ, ഉടനെ ആശ തടഞ്ഞു. ‘ എന്നതാ കൊച്ചേ ഇത്,
കേറി വരുന്നതിനു മുൻപ് ജോലി ചെയ്യുവാണോ..? ” ” ഇനി ഞാനും കൂടി ചെയ്യണ്ടേ, അതിപ്പോൾ ഇന്നത്തെ ദിവസം തന്നെയായി എന്ന് വച്ച് എന്ത് സംഭവിക്കാൻ ആണ് ചേച്ചി.. ഒരു ചിരിയോടെ സൂസന്നയുടെ കയ്യിലിരുന്ന മാവ് കുഴക്കാൻ തുടങ്ങിയിരുന്നു ആൻസി. പെട്ടെന്നുതന്നെ എല്ലാവരും തമ്മിൽ നല്ലൊരു ബന്ധം ഉണ്ടായി, ആദ്യത്തെ ദിവസം ആണെങ്കിലും അവൾക്ക് ആരോടും അകൽച്ച തോന്നിയില്ല.. എല്ലാവരും ഒരുമിച്ചിരുന്നാണ് രാത്രിയിൽ ഭക്ഷണം കഴിച്ചത്, തിരികെ മുറിയിലേക്ക് പോകുന്നതിനു മുൻപ് ഒരു ഗ്ലാസ് പാൽ എടുത്ത് അവളോട് കുടിക്കാൻ പറഞ്ഞിരുന്നു സൂസന,
കാര്യമൊന്നും അവൾക്ക് മനസിലായില്ല, സിനിമയിലൊക്കെ പാൽ കൊടുത്തു വിടുന്നത് കണ്ടിട്ടുണ്ട്.. കുടിക്കാൻ പറയുന്നത് ആദ്യമായാണു കാണുന്നത്, അവളുടെ മുഖത്ത് അമ്പരപ്പ് കണ്ടുകൊണ്ട് എന്നതുപോലെ സൂസന മറുപടിയും പറഞ്ഞു, ‘അവന് ഇത് ഒന്നും കുടിക്കില്ല..! പിന്നെ ഈ ചടങ്ങുകൾ ഒന്നും നമ്മൾ ആരും ഇതുവരെ നോക്കിയിട്ടില്ല, ഇവിടത്തെ പെൺപിള്ളേർക്ക് എല്ലാം ഞാൻ വൈകിട്ട് ഓരോ ഗ്ലാസ് പാലു കുടിക്കാൻ കൊടുക്കും, ജീനയ്ക്കും ആശയ്ക്കും ഒക്കെ, കല്യാണത്തിന് മുമ്പും ശേഷവും കൊടുക്കാറുണ്ട്…
ഇനിയിപ്പോ കൊച്ചും എന്റെ മോളല്ലേ, അതുകൊണ്ടാ, അല്ലാതെ ചടങ്ങ് ഒന്നും വെച്ച് പറഞ്ഞതല്ല, കൊച്ച് കുടിച്ചോ..! അവർ അത് പറഞ്ഞപ്പോൾ ചിരിയോടെ അവൾ അത് വാങ്ങി കുടിച്ചു കഴിഞ്ഞിരുന്നു.. അലക്സിന്റെ മുറിയിലേക്ക് പോകാൻ ഒരല്പം മടി തോന്നിയെങ്കിലും വർധിച്ച ഹൃദയമിടിപ്പോടെ അവിടേക്ക് നടന്നു. മുറിയിലേക്ക് കയറിയപ്പോൾ അലക്സ് മുറിയിൽ ഇല്ല, അകത്ത് വെള്ളം വീഴുന്ന ഒച്ച കേട്ടപ്പോൾ അവൻ ബാത്റൂമിൽ ഉണ്ടെന്ന് അവൾക്ക് മനസ്സിലായിരുന്നു…
എന്തുചെയ്യണമെന്നറിയാതെ നിന്നപ്പോഴാണ് പെട്ടെന്ന് ബാത്റൂമിലെ വാതിൽ തുറന്ന് അലക്സ് പുറത്തേക്കിറങ്ങിയത്, പെട്ടെന്ന് ആൻസിയേ മുറിയിൽ കണ്ടപ്പോൾ അവനും ഒന്ന് പകച്ചു. എങ്കിലും അത് മറച്ച് അവൻ ഒന്ന് ചിരിച്ചു കാണിച്ചിരുന്നു, ” കുറേ നേരമായോ വന്നിട്ട്… ” ഇല്ല ഞാൻ വന്നതേയുള്ളൂ, കുളിക്കുകയായിരുന്നോ ചേട്ടായി.. ” ” കുളിച്ചതല്ല, കിടക്കുന്നതിനു മുൻപ് മേല് കഴുകുന്ന ഒരു ശീലമുണ്ട്, ” അപ്പോഴാണ് അലെക്സിന്റെ ഫോൺ അടിച്ചത്, “ഒരു മിനിറ്റ്…”
അത് പറഞ്ഞ് അവൻ ഫോൺ എടുത്തു കൊണ്ട് പുറത്തേക്ക് പോയിരുന്നു, കുറച്ചു സമയങ്ങൾക്കു ശേഷം ഫോൺ വിളിച്ചു തിരികെ വന്നു, അവൻ തന്നെയാണ് വാതിൽ അടച്ചത്, അപ്പോഴും എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു ആൻസി.. അവളുടെ അമ്പരപ്പ് മനസ്സിലാക്കി എന്നതു പോലെ തന്നെയാണ് അലക്സ് സംസാരിച്ചു തുടങ്ങിയത്. കട്ടിലിൽ ഇരുന്നു കൊണ്ട് അവൻ പറഞ്ഞു, ” താൻ എന്താ ഇങ്ങനെ നിൽക്കുന്നത്… ഇരിക്ക്… കട്ടിലിന്റെ അരികിൽ അവനിൽ നിന്ന് അകലം ഇട്ട് അവളും ഇരുന്നു.. എന്തു സംസാരിച്ചു തുടങ്ങുമെന്ന് രണ്ടുപേർക്കും അറിയില്ലായിരുന്നു, ” നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമാണ് ഇന്ന് അല്ലേ, ചെറു ചിരിയോടെ അവന് ചോദിച്ചു.. ”
അതേ ചിരിയോടെ അവൾ പറഞ്ഞു.. “ആൻസിക്ക് എന്നെ കണ്ടു പരിചയം ഉണ്ട്, സംസാരിച്ച് പരിചയമുണ്ട്, അതിനപ്പുറം നമുക്ക് തമ്മിൽ വലിയ പരിചയമൊന്നുമില്ല, നമുക്ക് ഒന്നോ രണ്ടോ ദിവസം കൊണ്ടൊന്നും ഒരാളെ പരിചയപ്പെടാൻ പറ്റിയില്ല, അയാളെ അറിഞ്ഞു പതുക്കെപ്പതുക്കെ ഇപ്പോൾ തന്നെ എന്നോട് സംസാരിക്കാൻ ആൻസിക്കും ആൻസിയോട് സംസാരിക്കാൻ എനിക്ക് ഒരു ബുദ്ധിമുട്ടുണ്ട്. പരിചയക്കുറവ് ആണ് അതിന്റെ കാരണം, പതുക്കെ അത് മാറുമായിരിക്കുമല്ലേ, ചെറുചിരിയോടെ അവന് ചോദിച്ചപ്പോൾ എന്ത് മറുപടി പറയണം എന്ന് അവൾക്ക് അറിയില്ലായിരുന്നു,
അവൾ ഒന്ന് തലയാട്ടി കാണിച്ചു, ” വിവാഹ രാത്രിയാണ്, ഒരുപാട് പ്രതീക്ഷകൾ ഉണ്ടാവുമായിരിക്കും, തനിക്ക് എന്നെക്കുറിച്ച് എല്ലാം അറിയാമെന്നു പറഞ്ഞു, അതുകൊണ്ട് ഒരു പരിചയപെടുത്തൽ വേണ്ട, നമ്മൾ ജീവിതം തുടങ്ങാൻ തുടങ്ങി, ഇപ്പോൾ എൻറെ മനസ്സിൽ പഴയ കാര്യങ്ങൾ ഒന്നും ഇല്ല, ഈശോയുടെ രൂപത്തിന് മുന്നിൽ വച്ച് തന്റെ കഴുത്തിൽ മിന്ന് കെട്ടിയ നിമിഷം മുതൽ എൻറെ മനസ്സിൽ താൻ മാത്രമേ ഉള്ളൂ, മറ്റാരും ആരുമുണ്ടാവില്ല, ഇനി മരണംവരെ അവൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ഉറപ്പായിരുന്നു, ”
എനിക്ക് ഇങ്ങനെ സംസാരിക്കാൻ അറിയില്ല ആൻസി, പറഞ്ഞു ബോധ്യപെടുത്താൻ, അവൻറെ ബുദ്ധിമുട്ട് അവൾക്ക് മനസ്സിലായിരുന്നു, ” എനിക്ക് മനസ്സിലാകും ചേട്ടായി, ചേട്ടായി പറയുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാവും.. ” അതാണ് വേണ്ടത് ഞാൻ പറയുന്നത് എന്താണെന്ന് മനസ്സിലാക്കാൻ കഴിയണം, അവിടെ തന്നെ പകുതി പ്രശ്നങ്ങൾ കഴിഞ്ഞു. ഇനി ശരിക്കും ഞാൻ ഒരു കാര്യം ചോദിക്കട്ടെ..?? അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചപ്പോൾ ചോദ്യം അറിയാനുള്ള തിടുക്കത്തിൽ ആയിരുന്നു അവളും.. ” ശരിക്കും എന്നെ ഇഷ്ടമാണോ..?
അതോ ഇനി മറ്റൊരു വിവാഹം നടക്കില്ല എന്ന് കരുതി ആണോ ഇതിനു സമ്മതിച്ചത്, ആ ചോദ്യം അവളെ ഒന്ന് നൊമ്പരപ്പെടുത്തി, ” അവകാശപ്പെടാൻ മാത്രം പ്രണയം ഒന്നുമില്ല എനിക്ക് ചേട്ടായിയോട്, പക്ഷേ വിവാഹം കഴിക്കാമെന്ന് പറഞ്ഞ നിമിഷം മുതൽ എൻറെ മനസ്സിൽ ചേട്ടായിയൊടെ ഒരു പ്രത്യേക ഇഷ്ടം ഉണ്ട്. ഇടയ്ക്ക് കാണാൻ തോന്നിയിട്ടുണ്ട്, സംസാരിക്കാൻ തോന്നിയിട്ടുണ്ട്, അടുത്തിരിക്കാൻ തോന്നിയിട്ടുണ്ട് ഇതൊക്കെ എനിക്ക് തോന്നുന്ന ആദ്യത്തെ ഫീലിംഗ്സ് ആയിരുന്നു. പക്ഷേ മറ്റൊരു വിവാഹം കഴിക്കാതെ ഞാൻ വീട്ടിൽ നിന്ന് പോകുമെന്ന് പേടിച്ചു ഒന്നുമല്ല കല്യാണത്തിനു സമ്മതിച്ചത്, എനിക്കിഷ്ടമായിട്ട് തന്നെ ആണ്. ”
അവളുടെ തുറന്നു പറച്ചിൽ അവൻറെ ഹൃദയവും നിറച്ചിരുന്നു, അവളുടെ കൈകൾക്ക് മുകളിലേക്ക് ഒരു നിമിഷം അവൻ കൈകൾ ചേർത്തപ്പോൾ ആൻസിയും ഒന്ന് അമ്പരന്ന് പോയിരുന്നു. പെട്ടെന്ന് അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഇരുകണ്ണുകളും ചിമ്മി കാണിച്ചു അവൻ, ” കിടക്കാം ക്ഷീണം ഉണ്ടാവില്ലേ..? തൻറെ മറുപടി അവൻറെ മനസ്സു നിറച്ചു എന്ന് അവൾക്ക് ഉറപ്പായിരുന്നു, മനസ്സിലെ സംശയങ്ങളും ആകുലതകളും എല്ലാം വിട്ടൊഴിഞ്ഞ് ആയിരുന്നു രണ്ടുപേരും നിദ്രയെ പുൽകിയത്… ∞∞∞ ആറു മണിക്ക് അലാറം അടിക്കുന്ന കേട്ടാണ് ആൻസി ഉണർന്നത്.
അപ്പോഴേക്കും അലക്സ് എഴുന്നേറ്റിരുന്നു, ” വേണമെങ്കിൽ കുറച്ചു നേരം കിടന്നോ..? എനിക്ക് ഈ സമയം എഴുനേൽക്കണം, എന്നും ഈ സമയത്ത് തന്നെ എഴുന്നേൽക്കും ഞാൻ. ” ” വേണ്ട ചേട്ടായി… ഞാൻ ഇതിനുമുമ്പ് എഴുന്നേൽക്കും, ഇന്നലെ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി, പകൽ ഒന്നും ഇരുന്ന് ഇല്ലല്ലോ, “ഇവിടെ അത്രയും നേരത്തെ ഒന്നും എഴുനേൽക്കണ്ടടോ, ഞാൻ അല്ലാതെ വേറെ ആരും ഈ സമയത്തും ഇവിടെ എഴുന്നേൽക്കില്ല, എല്ലാവരും എഴുന്നേറ്റു വരുമ്പോൾ ഏഴു മണിയാവും, കുറച്ചു നേരം കിടന്നോ, ഇപ്പൊൾ എഴുന്നേറ്റാലും പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ” വേണ്ട ഇനി കിടന്നാൽ എനിക്ക് ഉറക്കം വരില്ല, ” എങ്കിൽ പിന്നെ പോയി പല്ല് തേച്ചിട്ട് വാ, അവന് പറഞ്ഞപ്പോഴേക്കും അവൾ എഴുന്നേറ്റിരുന്നു, ബെഡ് വൃത്തിയാക്കിയതിനുശേഷം ബാത്റൂമിൻ ഉള്ളിലേക്ക് കയറിയിരുന്നു,
മുഖം ഒന്ന് കഴുകി പല്ലുതേച്ച് തിരിച്ചിറങ്ങിയപ്പോൾ രണ്ട് ചൂടുള്ള കട്ടൻ കാപ്പി മേശപ്പുറത്തു ഇരിക്കുന്നത് കണ്ടു. പുറകെ അകത്തേക്ക് കയറി വരുന്ന അലക്സിനെയും കണ്ടു. “ഈ കാപ്പി ആരിട്ടു…? ” ഞാനിട്ടു… ” ചേട്ടായിയോ ” അതെന്താ ഞാൻ ഇടുന്നത് അത്ര വലിയ അത്ഭുതം ആണോ…? താൻ കട്ടൻ കുടിക്കും എങ്കിൽ എടുത്തു കുടിക്കടോ… ചിരിയോടെ അതും പറഞ്ഞു അവൻ കാപ്പിയുമായി പുറത്തിറങ്ങിയിരുന്നു, അവന് പിന്നാലെ കാപ്പിയും എടുത്തുകൊണ്ട് അവളും ചെന്നു, ” ചേട്ടായി പല്ല് തേച്ചോ..? ” ഞാൻ പല്ലുതേപ്പ് ഒക്കെ പൈപ്പിന് ചുവട്ടിൽ ആണ്,
എനിക്ക് തൊടിയിൽ കൂടി ഒക്കെ നടന്ന് പല്ലൊക്കെ തേച്ചു കഴിഞ്ഞാലേ എനിക്ക് തൃപ്തി വരൂ, ഇനി കുറച്ചു നേരം കുറെ പണികളുണ്ട്, പച്ചക്കറിക്ക് വെള്ളം ഒഴിക്കലും, റബ്ബർ വെട്ടലും, അങ്ങനെ കുറെ കാര്യങ്ങൾ… എല്ലാം കഴിഞ്ഞു ഞാൻ ഫ്രീ ആകുമ്പോൾ ഒരു 9 മണിയെങ്കിലും ആവും, അതാ ഞാൻ പറഞ്ഞത് കുറച്ചുനേരം കൂടെ പോയി കിടന്നോളാൻ, അപരിചിതത്വം ഇല്ലാതെ പറയുന്നവനെ അവൾ കണ്ണ് ചിമ്മാതെ നോക്കി….. കാത്തിരിക്കൂ..❤️