അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 7
എഴുത്തുകാരി: റീനു
അപ്പോഴേക്കും മിഴികൾ പെയ്തു തുടങ്ങിയിരുന്നു, ഒരു നിമിഷം മനസ്സും ഒന്ന് ഭയപ്പെട്ടു പോയിരുന്നു….. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുവാൻ സാധിച്ചിരുന്നില്ല എന്നതാണ് സത്യം, പോലീസ് ഉദ്യോഗസ്ഥൻ ജീപ്പിൽ നിന്ന് ഇറങ്ങിയതും അലക്സിന്റെ മുഖത്തേക്കൊന്ന് നോക്കി….. ഇരുവരും തമ്മിൽ പരിചയക്കാർ ആയിരുന്നു എങ്കിലും ഇത്രയും ആളുകൾക്കിടയിൽ ആയതിനാൽ അലക്സിന് വേണ്ടി ഒന്നും ചെയ്യാൻ സാധിക്കുമായിരുന്നില്ല. നിസ്സഹായമായ അയാളുടെ നോട്ടം അത് തന്നെയാണെന്ന് അലക്സിനു മനസ്സിലായിരുന്നു….
ഇൻസ്‌പേക്ടർക്ക് പരിചയമുള്ളതുകൊണ്ടു തന്നെ അലെക്സിന്റെ അരികിൽ എത്തിയാണ് ചോദിച്ചത്….. ” എന്താണ് അലക്സെ പ്രശ്നം….? ” പ്രശ്നം ഞങ്ങൾ പറയാം സാറേ…? നാട്ടുകാരിൽ ഒരുവനാണ് അതിന് മറുപടി പറഞ്ഞത്, ” നിങ്ങളോട് ചോദിക്കും അപ്പൊൾ പറഞ്ഞാൽ മതി…. പോലീസ് ഉദ്യോഗസ്ഥൻ അവരുടെ മുഖത്തേക്ക് നോക്കി പറഞ്ഞു…. ” എനിക്ക് അറിയില്ല സാറേ, ഈ കൊച്ചു എൻറെ പെങ്ങളുടെ കൂട്ടുകാരി ആണ്…. അവൾക്ക് ആവശ്യമുള്ള ഒരു പുസ്തകം തരാൻ വേണ്ടി ഇവിടെ വന്നതാ, മഴ ആയത് കൊണ്ട് ഞങ്ങൾ ഇവിടെ കയറി നിന്നു… മഴ കഴിഞ്ഞിട്ട് തിരിച്ചു ഈ കൊച്ചിനെ ജോലി ചെയ്യുന്ന സ്ഥലത്തെ കൊണ്ടാക്കാം എന്ന് ഞാൻ പറഞ്ഞു, അതുകൊണ്ട് ഇത് നിന്നത്….
കുറച്ചു കഴിഞ്ഞപ്പോൾ കുറെ ആൾക്കാർ വന്നു, എന്താ കാര്യം എന്ന് ചോദിച്ചത്…. പിന്നെ എന്തോ ആരൊക്കെ പ്ലാൻ ചെയ്തതു പോലെ കുറെ ആളുകൾ വന്നു, എനിക്ക് കാര്യം ഒന്നും അറിയില്ല സാർ, അലക്സ് തനിക്ക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു….! ” അല്ല സാറേ ഞങ്ങൾ ഇത്ര ചോദിക്കുന്നുള്ളൂ, ഈ ആളില്ലാത്ത സ്ഥലത്ത് വന്ന് എന്തു ബുക്ക് കൊടുക്കാനാ…? വന്നിട്ട് കുറേ സമയമായി, ഞാൻ കണ്ടതാ…. വണ്ടി അവിടെ കിടക്കാൻ തുടങ്ങിയിട്ട് ഒന്നര മണിക്കൂർ കൂടുതലായി, ഇത്രയും സമയം ഇല്ലായിരുന്നല്ലോ മഴ … മഴ തുടങ്ങിയിട്ട് കുറച്ച് സമയം ആയുള്ളൂ, പിന്നെ പണ്ടും പലരും മഴ കൊള്ളാൻ പലസ്ഥലങ്ങളിലും കയറി നിന്നിട്ടുണ്ട്….
പിന്നീട് എന്താണ് സംഭവിക്കുക എന്ന് നമുക്കൊക്കെ ഊഹിക്കാമല്ലോ….. കൂട്ടത്തിൽ ഒരുവൻ പറഞ്ഞപ്പോൾ അലക്സിന് ദേഷ്യം വന്നിരുന്നു… കൈമുട്ട് ചുരുട്ടി അയാള് അത് നിയന്ത്രിച്ചു.. ” അലക്സ് ഇങ്ങ് വന്നേ, ഞാൻ ഒരു കാര്യം പറയട്ടെ…. പോലീസുകാരൻ രഹസ്യമായി അലക്സിനെ വിളിച്ചുകൊണ്ടുപോയി…. അപ്പോഴാണ് തനിക്ക് പിന്നിൽ നിന്നവളുടെ നിറഞ്ഞു പെയ്യുന്ന മിഴികൾ അലക്സ് കണ്ടത്…. ഒരു നിമിഷം എന്ത് ചെയ്യണം എന്ന് അലക്സിനും അറിയില്ലായിരുന്നു… ” നാട്ടുകാർ ഇടപെട്ട സ്ഥിതിക്ക് ഒന്ന് പോലീസ് സ്റ്റേഷൻ വരെ വന്നേ പറ്റൂ അലക്സ്, ഇത്ര ആൾക്കാർ ഒരുമിച്ചു പറയുമ്പോൾ വരാതെ ശരിയാകില്ല… ഇൻസ്‌പെക്ടർ പറഞ്ഞു… ” പക്ഷേ സാറേ ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല, ” ഇല്ലായിരിക്കാം….
പക്ഷേ അവരെ ബോധിപ്പിക്കാൻ വേണ്ടി എങ്കിലും ഇപ്പോൾ പോലീസ് സ്റ്റേഷനിലേക്ക് അലക്സ് വന്നേ പറ്റൂ…. ” ഞാൻ വരാം, പക്ഷെ ആ കൊച്ചിനെ കൂടെ കൊണ്ടുപോകണോ.? ആ കൊച്ചു ഒരു പാവം പിടിച്ച വീട്ടിലെ കൊച്ചാ സാറേ, ഇതിനിടയ്ക്ക് വലിച്ചിഴച്ച് അതിൻറെ ഭാവി കളയരുത്…. ” ഇതിപ്പോ ഇത്രയധികം ആൾക്കാരെ കൂടിയ സ്ഥിതിക്ക് എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല… അലക്സ് തല കുടഞ്ഞു,.. ” ഞാൻ വരാം…! പോലീസുകാരന്റെ മുഖത്തും ഒരു ആശ്വാസം പടർന്നിരുന്നു, ” കുട്ടിയും ഒന്ന് സ്റ്റേഷൻ വരെ വരണം, മാന്യതയോടെ തന്നെയായിരുന്നു ആൻസിയുടെ മുഖത്തേക്ക് നോക്കി ആ പോലീസുകാരൻ അത് പറഞ്ഞത്….
പക്ഷേ അവളുടെ മിഴികൾ അപ്പോഴേക്കും പെയ്തു തുടങ്ങിയിരുന്നു…. ” കൊച്ച് പേടിക്കാതെ, നമ്മൾ ഒരു തെറ്റും ചെയ്തിട്ടില്ല, പിന്നെ നമ്മൾ ആരെ പേടിക്കാൻ ആണ്….. അവളുടെ മുഖത്തേക്ക് നോക്കി അലക്സ് പറഞ്ഞു, തലയാട്ടി യന്ത്രികമായി അവൾ പൊലീസുകാരന്റെ ഒപ്പം നടക്കുകയായിരുന്നു…. പോലീസ് ജീപ്പിലേക്ക് കയറുമ്പോൾ രണ്ടു പേർക്കുമെതിരെ കൂക്കുവിളികളും പരിഹാസ വാക്കുകളും നിറഞ്ഞിരുന്നു…. ” ഇത് നമ്മുടെ ഔസെപ്പിന്റെ മോളല്ലേ…? ആരോ ഒരാൾ വിളിച്ചു പറയുന്നത് കേട്ടു, എത്രശ്രമിച്ചിട്ടും നിയന്ത്രിക്കാതെ മിഴികൾ പെയ്യുന്നത് അവൾ അറിയുന്നുണ്ടായിരുന്നു…. അവളുടെ മുഖത്തേക്ക് നോക്കാൻ സാധിക്കാതെ ഇരിക്കുകയായിരുന്നു ആ നിമിഷം അലക്സും….
ജീനയുടെ വാക്കുകേട്ട് ഇറങ്ങിപ്പുറപ്പെട്ടത് ആ നിമിഷം ഒരു നൂറുവട്ടം അവൾ പഴിച്ചു…. ” കാര്യങ്ങളെല്ലാം നമ്മളുദ്ദേശിച്ച വഴിക്ക് തന്നെ വന്നിട്ടുണ്ട്, സിദ്ധാർദിനെ അനന്ദു വിളിച്ചുപറഞ്ഞു….. ” തീർന്നിട്ടില്ല ഇനിയുമുണ്ട് പരിപാടി, ഞാൻ കുറച്ച് മീഡിയക്കാരെ ഒക്കെ പറഞ്ഞ് പോലീസ് സ്റ്റേഷനിലേക്ക് വിടട്ടെ ….. പിന്നെ ഒരു ചെറിയ പരിപാടി രാത്രിയിൽ ഉണ്ട്, അതിന് നിന്നെ ഒന്ന് കാണണം…. ” ശരീ… “പിന്നെ ഒന്നുമറിയാത്തപോലെ അവൻറെ പെങ്ങളെ വിളിച്ച് കാര്യങ്ങളൊക്കെ നീ പറയണം… നീ വന്നപ്പോഴേക്കും കുറച്ചു താമസിച്ചു പോയി എന്നും അപ്പോഴേക്കും നാട്ടുകാർ എല്ലാം കൂടെ ചേട്ടനെയും അവടെ കൂട്ടുകാരിയെയും പിടിച്ചു എന്ന് വേണം പറയാൻ….
എന്തൊക്കെ പറഞ്ഞാലും അവൾ ഒരു കച്ചിത്തുരുമ്പ് ആണ്… നാളെ അവനെ തകർക്കാനുള്ള ഏറ്റവും വലിയ പിടിവള്ളി, അത് അത്രപെട്ടെന്ന് നിന്റെ കയ്യീന്ന് പോകാൻ പാടില്ല…. മനസ്സിലായല്ലോ, അവളുടെ വിശ്വാസം നീ നേടിയെടുത്തു കൊണ്ടേയിരിക്കണം…. സിദ്ധാർദ് കൗശലത്തോടെ പറഞ്ഞു… ” മനസ്സിലായി ” ശരി എങ്കിൽ പണി നടക്കട്ടെ, അതും പറഞ്ഞ് സിദ്ധാർദ്ധ് ഫോൺ കട്ട് ചെയ്തു…. അവൻറെ ഫോണിൽ നിന്നും കോൾ പൊയ്ക്കൊണ്ടിരുന്നു…അലക്സിന്റെ യും ആൻസിയെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു വരുമ്പോൾ അവിടെ മാധ്യമങ്ങളുടെ ഒരു വലിയ ആൾക്കൂട്ടം തന്നെ അവരെ കാത്തുനിൽപ്പുണ്ടായിരുന്നു…
ഓരോ ഫ്ലാഷ് ലൈറ്റുകളും ഇരുവർക്കും നേരെ മിന്നി… ഈ ഒരു നിമിഷം മരിച്ചു പോയാൽ മതിയായിരുന്നു എന്ന് പോലും ആൻസിക്ക് തോന്നിയിരുന്നു… വൈകുന്നേരം ചായ കുടിച്ചു കൊണ്ടിരുന്ന് ടിവി മാറ്റുമ്പോൾ ആണ് ന്യൂസ് ചാനലിൽ ജീന ആ വാർത്ത എഴുതി പോകുന്നത് കണ്ടത്… സിപിഎം നേതാവ് അലക്സ് ചാണ്ടിയും യുവതിയും അനാശാസ്യത്തിന്റെ പേരിൽ ആൾ പാർപ്പില്ലാത്ത സ്ഥലത്തുനിന്നും പിടിച്ചു, നാട്ടുകാരും പോലീസും അടങ്ങിയ സംഘമാണ് ഇരുവരെയും പിടിച്ചത്… അതോടൊപ്പം തന്നെ പോലീസ് ജീപ്പിൽ നിന്നും ഇറങ്ങുന്ന ആൻസിയുടെയും അലക്സിന്റെയും മുഖവും കാണിച്ചിരുന്നു….
ഒരു നിമിഷം സ്തംഭിച്ചു പോയി ജീന.. ” അമ്മച്ചി….. അവൾ ഉറക്കെ വിളിച്ചിരുന്നു പെട്ടെന്ന് അടുക്കളയിൽ നിന്നും അവരും വന്നിരുന്നു.. ” അമ്മച്ചി ഇത് കണ്ടോ…? കണ്ണുനീർ അടങ്ങിയ ചോദ്യത്തോടെ ആയിരുന്നു അവൾ അത് ചോദിച്ചത്…. ടിവി ന്യൂസ് നോക്കിയപ്പോൾ അവരുടെ കണ്ണുകളിലും നീർ പൊടിഞ്ഞിരുന്നു…… ഇതേസമയം ആരോടും ഒന്ന് പറഞ്ഞു കരയാൻ പോലും സാധിക്കാതെ ഒരു വീട്ടിൽ മറ്റൊരു അമ്മയും കരഞ്ഞു തുടങ്ങിയിരുന്നു…. ” എന്താ മോളേ ഇതൊക്കെ…? അലക്സിനെ പറ്റി എന്നാ ഈ കേൾക്കുന്നത് ഒക്കെ…. നിറകണ്ണുകളോടെ അവർ ജീനയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു… ” എനിക്ക് അറിയില്ല അമ്മച്ചി, ഞാൻ പറഞ്ഞിട്ടാണ് അവൾ അവിടെ പോയത്….
അത് മാത്രം എനിക്കറിയാം, ” നീ പറഞ്ഞിട്ടോ …? എന്തിന്…? ഒരു നിമിഷം എന്തുപറയണമെന്നറിയാതെ ഉമിനീരിറക്കി ജീന…. ” ഞാൻ അവളോട് പറഞ്ഞിരുന്നു അവിടേക്ക് പോണം എന്ന്, ഒരു പുസ്തകം എനിക്ക് വേണം, അത് ചേട്ടായിയുടെ കൈയ്യിൽ കൊടുക്കണം എന്ന് പറഞ്ഞു… ഞാൻ പോയി വാങ്ങിച്ചോളാം എന്ന് പറഞ്ഞതാ, ചേട്ടായി ആണ് പറഞ്ഞത് വേണ്ട ചേട്ടായി വാങ്ങിക്കോളാം എന്ന്… ” അതിനുവേണ്ടിയാണ് ചേട്ടായി അവിടെ പോയത്….പിന്നെ എന്ത് സംഭവിച്ചു എന്ന് എനിക്ക് അറിയില്ല… ഒരു നിമിഷം കഴിഞ്ഞു പോയ സംഭവം ജീന അവരോട് വിശദീകരിച്ചു,അനന്ദുവിന്റെ കാര്യം ഒഴിച്ച്….
അനന്തുവിനെ ഫോൺ വിളിച്ചു കൊണ്ടിരുന്ന സമയത്താണ് പെട്ടെന്ന് അലക്സ് മുറിയിലേക്ക് കയറി വന്നു, ” വരാൻ പറ്റുമെന്ന് അറിയില്ല, എന്താണെങ്കിലും ഞാൻ നോക്കട്ടെ, ചേട്ടായി ഇപ്പോൾ പുറത്ത് എവിടെയെങ്കിലും പോകുമ്പോഴേക്കും ഞാൻ വരാം… വരുമ്പോൾ ഞങ്ങളെയാ പഴയ മില്ല് ഇല്ലേ….? അവിടെ വന്നാൽ മതി, അപ്പോൾ അധികമാരും ശ്രദ്ധിക്കാത്ത സ്ഥലം അല്ലേ….? അല്ലാതെ നമ്മൾ എവിടെയെങ്കിലും വെച്ച് ഒരുമിച്ച് കണ്ടാൽ ശരിയാവില്ലല്ലോ…. അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴാണ് വാതിൽക്കൽ നിൽക്കുന്ന അലക്സിന് അവൾ കണ്ടത്…. ഒരു നിമിഷം ആ മുഖത്തെ സംശയം കണ്ടു പേടിച്ചു പോയിരുന്നു….
അവൾ പെട്ടെന്ന് അലക്സിനെ കണ്ടു കൊണ്ട് തന്നെ ഫോണിലേക്ക് പറഞ്ഞു… ” ശരിഡി ഞാൻ പിന്നെ വിളിക്കാം… അതും പറഞ്ഞ് ഫോൺ കട്ട് ചെയ്തു, അപ്പോഴേക്കും അരികിലേക്ക് അലക്സ് വന്നിരുന്നു…. ” ആരാ വിളിച്ചത്….? ” അത് പിന്നെ ആൻസി, ” ആൻസിയൊ…? ” അതേ ഞാൻ പറഞ്ഞില്ലേ എനിക്കൊരു പരീക്ഷ ഉണ്ടെന്ന്, അതിന് ജനറൽ നഴ്സിംഗ് ഫസ്റ്റ് ഇയർ പുസ്തകം വേണം…. അത് ഞാൻ അവളോട് ചോദിക്കുവായിരുന്നു…. അവൾ കൊണ്ട് തരാം എന്ന് പറഞ്ഞു…. ” അതിനാണോ ആളൊഴിഞ്ഞ സ്ഥലം….? അലെക്സിന്റെ മുഖത്ത് സംശയം തിരതല്ലി … ” അവൾക്ക് ഇപ്പോൾ ഡ്യൂട്ടി ടൈം അല്ലെ, അപ്പൊൾ ആരെങ്കിലും കണ്ടാലോ, ജോലി പോയാലോന്നു അവൾക്ക് ഒരു പേടി…
അതാ ഞാൻ പറഞ്ഞത് നമ്മുടെ മില്ലിന്റെ അവിടെ വന്നാൽ മതി എന്ന്, അവിടെ ആകുമ്പോൾ ആരും ശ്രദ്ധിക്കില്ല, വേറെ എവിടെയെങ്കിലും വെച്ച് കണ്ടാൽ പ്രശ്നം ആയാലോ എന്ന്… ” ഒരു പുസ്തകം വാങ്ങാൻ പോകുന്നു എന്ന് പറഞ്ഞാൽ ആരും ഒന്നും പറയാൻ പോകുന്നില്ല, സത്യം പറയടി നീ വേറെ ആരെയാ വിളിച്ചത്….? അവന്റെ സ്വരം മുറുകി… ” ചേട്ടായിക്ക് എന്നെ വിശ്വാസമില്ലേ…..? വിശ്വാസമില്ലെങ്കിൽ വിളിച്ചു നോക്കൂ, ഞാൻ ആൻസിയെ തന്നെ വിളിച്ചത്…. ” ശരി ഫോൺ താ… ഒരു നിമിഷം ഹൃദയം ഒന്ന് പിടച്ചിരുന്നു….
പക്ഷേ ആ നമ്പർ ആൻസി എന്ന പേരിൽ തന്നെയാണ് സേവ് ചെയ്തിരിക്കുന്നത്, ഡിസ്പ്ലേ നമ്പറിലേക്ക് നോക്കിയപ്പോൾ ചേട്ടായിക്ക് വേറെ ഒരു ഫോൺ വന്നു…. ” നിൻറെ ഫോണ് തൽക്കാലം എൻറെ അലമാരിയിൽ വച്ചേക്കാം, എന്നിട്ട് ഞാൻ പോയി വാങ്ങിച്ചോളാം…. അങ്ങനെ പറഞ്ഞാണ് ചേട്ടായി ഇറങ്ങിയത്…. മാറ്റേണ്ട ഭാഗങ്ങൾ മാത്രം മാറ്റി നിർത്തി ബാക്കി എല്ലാം വിശദമായി തന്നെ അമ്മയോട് ജീന പറഞ്ഞു……. തുടരും…❤️