രാജ്യവ്യാപകമായി 4ജി സൈറ്റുകൾ സ്ഥാപിക്കാനൊരുങ്ങി ബിഎസ്എൻഎൽ; കരാർ തുകയായി നൽകേണ്ടത് കോടികൾ
രാജ്യവ്യാപകമായി 4ജി സൈറ്റുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ട് പ്രമുഖ ടെലികോം സേവന ദാതാക്കളായ ബിഎസ്എൻഎൽ. ഇതിന്റെ ഭാഗമായി കരാർ കമ്പനികൾക്ക് 15,700 കോടി രൂപയാണ് ബിഎസ്എൻഎൽ കൈമാറിയത്. ടാറ്റാ കൺസൾട്ടൻസി സർവീസസ്, ഐടിഐ ലിമിറ്റഡ് തുടങ്ങിയവയാണ് 4ജി സൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള കരാറുകാർ. ഇതിൽ അഞ്ചിൽ ഒന്ന് സൈറ്റുകൾ വിന്യസിക്കുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള ഐടിഐ ലിമിറ്റഡാണെന്ന് അറിയിച്ചിട്ടുണ്ട്.
ബിഎസ്എൻഎൽ 4ജി സൈറ്റുകൾ സ്ഥാപിക്കുന്നതിൽ 20 ശതമാനം ചുമതല ഐടിഐ ലിമിറ്റഡിന്റേതാണ്. അതേസമയം, ബിഎസ്എൻഎലിന്റെ 4ജി പദ്ധതിക്കുള്ള കരാർ ലഭിച്ചത് ടിസിഎസിനാണ്. അതിനാൽ, 4ജി നെറ്റ്‌വർക്ക് വിന്യാസത്തിന് ആവശ്യമായ റേഡിയോ ആക്സസ് നെറ്റ്‌വർക്കിന്റെ വിതരണവും, സർവീസിംഗും ഈ കൺസോർഷത്തിന്റെ ഉത്തരവാദിത്വമാണ്.
4ജി എത്തുന്നതോടെ വരുമാനത്തിൽ 20 ശതമാനത്തിന്റെ വർദ്ധനവാണ് ബിഎസ്എൻഎൽ പ്രതീക്ഷിക്കുന്നത്. നിലവിൽ, ജിയോ, എയർടെൽ തുടങ്ങിയ സ്വകാര്യ ടെലികോം സേവന ദാതാക്കൾ 5ജിയിലേക്ക് ചുവടുവച്ചിട്ടുണ്ട്.