അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 19
എഴുത്തുകാരി: റീനു
” സ്നേഹിക്കാൻ അല്ലാതെ മറ്റൊന്നും അറിയില്ല, അക്കാര്യത്തിൽ ഭാഗ്യവതി ആയിരിക്കും…. മറുപടി കേൾക്കാൻ നിൽക്കാതെ കരഞ്ഞു കൊണ്ട് ചേച്ചി ഉള്ളിലേക്ക് ഓടിയപ്പോൾ തന്നെ മനസ്സിലായിരുന്നു അത്രമേൽ തീവ്രമായി ആയിരിക്കും ചേട്ടായിയെ ചേച്ചി സ്നേഹിച്ചിട്ട് ഉണ്ടാവുക എന്ന്….. എന്നിട്ടും എന്തേ ചേച്ചി ഇങ്ങനെ ഒരു തീരുമാനമെടുത്തത്….
അതായിരുന്നു എൻറെ മനസ്സ് നിറഞ്ഞു നിന്ന ചോദ്യം, റൂമിലേക്ക് വന്നപ്പോൾ കുറേസമയം മനസ്സിൽ ചേട്ടായി തന്നെയായിരുന്നു…. ബഹുമാനം അല്ലാതെ മറ്റൊന്നും ആ മുഖത്തിനോട് ഇന്നുവരെ തോന്നിയിട്ടില്ല, ആദ്യം കാണുമ്പോൾ അധ്യാപകനായിരുന്നു…. ഒരു അധ്യാപകന് നൽകേണ്ട ബഹുമാനവും സ്നേഹവും ആയിരുന്നു അന്ന് നൽകിയിട്ടുള്ളത്….. പിന്നെ കണ്ടപ്പോൾ സുഹൃത്തിൻറെ സഹോദരനായിരുന്നു, അദ്ദേഹം തന്നെയാണ് ഇടപെട്ട് ഉള്ളത്…
ഒരിക്കൽ പോലും പ്രണയത്തിൻറെ സ്ഥാനത്തേക്ക് ആ ഒരു മുഖം മാറ്റപ്പെട്ടിട്ടില്ല…. മറ്റുള്ളവരുടെ വാക്കുകളിലൂടെ അറിയുമ്പോഴും ആ മനസ്സ് മനസ്സിലാക്കാൻ സാധിക്കുന്നില്ല…. അന്ന് ഹോസ്പിറ്റലിൽ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപ്പാലത്തിൽ കിടന്നപ്പോൾ അരികിൽ വന്ന് ഞാൻ കല്യാണം കഴിക്കട്ടെ എന്ന് ചോദിച്ച നിമിഷം പോലും ആ മനുഷ്യനോട് പ്രത്യേകിച്ചൊന്നും തോന്നില്ല, പക്ഷേ അത്രമേൽ തീവ്രമായി സ്നേഹിക്കപ്പെട്ട ഒരു ആളിൽ നിന്നും അവനെ അറിഞ്ഞ നിമിഷം മുതൽ മനസ്സിനും ഒരു ചാഞ്ചാട്ടം പോലെ….
ഒരു പക്ഷേ അത്രമേൽ ആർദ്രമായി ചേച്ചിയെ സ്നേഹിച്ചത് കൊണ്ടായിരിക്കുമല്ലോ ചേച്ചിയിൽ നിന്നും മറ്റൊരു ജീവിതത്തിലേക്ക് കടക്കാതെ ചേട്ടായി നിൽക്കുന്നത്…. ആ സ്നേഹം ഇന്നും ഒരു കനലായി ഉള്ളിൽ കിടക്കുന്നത് കൊണ്ട് ആവില്ലേ..? പത്തു വർഷത്തോളം ആ ഒരു സ്നേഹത്തിൻറെ തടവറയിൽ ആ മനുഷ്യൻ ഉരുകി തീരണമെങ്കിൽ എത്ര തീവ്രമായിരുന്നിരിക്കണം ആ അനുരാഗം, ആദ്യമായി മനസ്സ് ഒരുവനെ പറ്റി കൂടുതൽ അറിയാൻ വ്യഗ്രത കാണിക്കുന്നത് പോലെ…
ഒരുപാട് അറിയാനും അതിലേറെ സ്നേഹിക്കപ്പെടാനും അവളുടെ ഉള്ളം കൊതിക്കാൻ തുടങ്ങി, ഇന്നോളം കണ്ടിട്ടില്ലാത്ത ഒരു കണ്ണിൽ അലക്സ് അവളുടെ മനസ്സിൽ തെളിഞ്ഞു നിന്നു…. ഇരുനിറം ആണെങ്കിലും ഗംഭീര്യം നിറഞ്ഞ രൂപം…. അതിനൊത്ത ശബ്ദവും, ആ പൗരുഷം എടുത്തുകാട്ടുന്ന മുഖഭാവം…. മുണ്ടും ഷർട്ടും അണിഞ്ഞ് പൊതുവേ കാണാറുള്ളൂ, വല്ലപ്പോഴും ജീൻസിട്ട കണ്ടാലും ഒരു ബ്ലാക്ക് ഷർട്ട് ആയിരിക്കും അതിനു കോമ്പിനേഷൻ….
കഴിഞ്ഞു പോയ ഓരോ നിമിഷങ്ങളും അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു, ചിന്തകളിലേക്ക് അലക്സിനെ കോറി ഇടുവാൻ… അത്താഴം കഴിക്കുന്ന സമയത്താണ് വീണ്ടും ഔസേപ്പ് ആ വിഷയത്തെപ്പറ്റി ചർച്ച ചെയ്തത്, ” അലക്സിന്റെ പെങ്ങളു കൊച്ച് വന്നിട്ട് എന്താ മോളോട് പറഞ്ഞത്….? പ്രത്യേകിച്ചൊന്നും പറഞ്ഞില്ല, ആശുപത്രി വന്ന് എന്നെ കാണാൻ പറ്റില്ലല്ലോ…. അതിനെപ്പറ്റി ഒക്കെ സംസാരിക്കുകയായിരുന്നു, ” കല്ല്യാണത്തെപറ്റി അവിടെ എന്തെങ്കിലും പറഞ്ഞു എന്ന് പറഞ്ഞു…?
ആകാംക്ഷയോടെയാണ് ഔസേപ്പ് ചോദിച്ചത് . ” ചേട്ടായി വീട്ടിൽ അമ്മയോട് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു, അവളെ ഇങ്ങോട്ട് വിട്ടത് അമ്മച്ചി ആണെന്ന്….. എനിക്ക് സമ്മതം ആണോന്ന് ചോദിക്കാൻ… ” ചേച്ചി എന്തു പറഞ്ഞു…..? ഭക്ഷണം കഴിക്കുന്ന എബി ചോദിച്ചപ്പോൾ ഒരു നിമിഷം മറുപടി എന്ത് പറയണം എന്നറിയാതെ നാവുകൾക്ക് വിലങ്ങു ഇടപെടുന്നത് ആൻസി അറിഞ്ഞു…. മുൻപാണെങ്കിൽ ഒന്നും ചിന്തിക്കാതെ അങ്ങനെയൊന്നും ചേട്ടായിയെ കണ്ടിട്ടുപോലുമില്ല എന്ന് പറയാമായിരുന്നു….
പക്ഷേ ഇന്ന് അതും ഒരു കള്ളം ആയി മാറും, ഹൃദയം അവനൊരു സ്ഥാനം ഒരുക്കാൻ ത്വര കാണിക്കുന്നുണ്ട്…. സംഗീത ചേച്ചിയിൽ നിന്ന് അറിഞ്ഞ നിമിഷം മുതൽ എവിടെയോ ആ ഒരുവൻ കൂടു കൂട്ടിയില്ലേ…? അതുകൊണ്ട് കള്ളം പറയാനും വയ്യ, ” ആൾക്ക് നമ്മുടെ ബിജുമേനോന്റെ ഒരു ചായയില്ലേ,..? ആക്ടർ എബിയാണ് ചോദ്യം ചോദിച്ചത്…? ” മോൾ എന്ത് പറഞ്ഞു….. ചാച്ചന് അതറിയാൻ ആയിരുന്നു ധൃതി, ” ആലോചിച്ച് പറയാം എന്ന് പറഞ്ഞു…. ആ മുഖത്തെ ശോഭ കെട്ട അടങ്ങുന്നത് അവൾ മനസ്സിലാക്കി…. ”
ചാച്ചനു സമ്മതമാണെങ്കിൽ എനിക്ക് എതിർപ്പൊന്നുമില്ല, ചാച്ചൻ റെ മനസ്സിൽ അത് ഒരു വേദനയാണ് എനിക്കറിയാം…. ഞാൻ കാരണം ഇനി നിങ്ങൾ ഇങ്ങനെ വിഷമിക്കുന്നത് എനിക്ക് കാണാൻ വയ്യ….. അതുപറഞ്ഞ് കഴിച്ച് പ്ലേറ്റുമായി എഴുന്നേറ്റു പോകുന്നവളുടെ കൈകളിൽ ഔസേപ്പ് പിടുത്തമിട്ടു… ” ചാച്ചനും അമ്മച്ചിയും അല്ല അവൻറെ കൂടെ ജീവിക്കേണ്ടത്, കൊച്ചാണ്….
അത് കൊണ്ട് തീരുമാനമെടുക്കേണ്ടത് എൻറെ മോളാണ്…. കുടുംബത്തിൻറെ അഭിമാനവും ഇപ്പോൾ വന്ന പ്രശ്നങ്ങളൊന്നും നീ കാര്യമാക്കണ്ട, നിനക്ക് സമ്മതമല്ലേങ്കിൽ ഇഷ്ടമില്ലാത്ത ജീവിതത്തിലേക്ക് ചാച്ചൻ ഒരിക്കലും എൻറെ കൊച്ചിനെ തള്ളിവിടുകയില്ല…. ജീവിതകാലം മുഴുവൻ ഒപ്പം ജീവിക്കേണ്ടത് നീയാണ്, പൊരുത്തപ്പെട്ട് പോകുവാൻ ഒരിക്കലും പറ്റില്ലെങ്കിൽ ജീവിതം ബുദ്ധിമുട്ടേറിയത് ആവും എന്ന് ചാച്ചന് നല്ല ഉറപ്പുണ്ട്… മാനക്കേട് ഭയന്ന് മോളെ സമ്മതം പറയെണ്ട, ” അല്ല ചാച്ചാ എനിക്ക് സമ്മതമാണ്…. ചേട്ടായി നല്ല ആളാ അത്രയും പറഞ്ഞപ്പോൾ അവൾ പോലുമറിയാതെ ഒരു പുഞ്ചിരി അവളുടെ മുഖത്ത് നിറഞ്ഞു നിന്നിരുന്നു….
അത് കണ്ട് ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഔസപ്പ് തന്നെയായിരുന്നു, നിറഞ്ഞ മുഖത്തോടെ ഔസേപ്പ് ഭാര്യയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ആ മനസ് നിറഞ്ഞിരുന്നു എന്ന് മനസ്സിൽ ആയിരുന്നു…. ഒരുപാട് ദിവസങ്ങൾക്കുശേഷം വളരെ സമാധാനപൂർണ്ണമായ ഒരു ഉറക്കം ആ വീടിനെ കടന്നുപോയി, കണ്ണടയ്ക്കുമ്പോൾ എല്ലാം മിഴിവുള്ള ഒരോർമ്മയായി ഒരുവൻ മാത്രം അവളിൽ തെളിഞ്ഞു നിന്നു…. പിറ്റേന്ന് രാവിലെ തന്നെ ആദ്യത്തെ കുർബാനയ്ക്ക് പോകാൻ അവൾ ഉണർന്നു….
നേരത്തെ തന്നെ ജോലികളെല്ലാം തീർത്ത് പള്ളിയിൽ പോകാനായി ഇറങ്ങി വരുന്നവളെ കണ്ടപ്പോൾ എല്ലാവരുടെയും മനസ്സ് നിറഞ്ഞു…. എല്ലാവർക്കും ചെറു പുഞ്ചിരി നൽകി അവൾ നേരെ പള്ളിയിലേക്ക് യാത്രയായി, നടന്നുപോയ വഴികളിൽ പലരും അർത്ഥം വെച്ച് കണ്ണുകളോടെ നോക്കിയത് ഒന്നും അവൾ കാര്യമാക്കിയിരുന്നില്ല… മനസ്സിന് എന്തോ പുതിയൊരു ധൈര്യം കൈ വന്നത് പോലെ, മറ്റാരെയും ശ്രദ്ധിക്കാതെ മറ്റൊന്നും ശ്രദ്ധിക്കാതെ അൾത്താരയിൽ മറ്റുള്ളവർക്കുവേണ്ടി ബലി ആയവനെ മാത്രം മനസ്സിലേക്ക് ആവാഹിച്ച് പ്രാർത്ഥിച്ചു,
അച്ഛൻറെ ആശിർവാദ പ്രാർത്ഥനയും കഴിഞ്ഞ് തിരിച്ച് ഇറങ്ങി നടന്ന് കപ്പേളയിൽ കയറി മാതാവിൻറെ രൂപത്തിനു മുമ്പിൽ മുട്ടുകുത്തി നിന്ന് പ്രാർത്ഥിച്ചു… തിരികെ നടക്കുമ്പോഴാണ് അപ്രതീക്ഷിതം എങ്കിലും കാണാൻ ആഗ്രഹിച്ച ഒരു മുഖം മുൻപിൽ നിൽക്കുന്നത് കണ്ടത്, ആരോടോ വർത്തമാനം പറഞ്ഞു കൊണ്ട് നിൽക്കുകയാണ്…. പെട്ടെന്നാണ് തന്നെ കണ്ടത്, ശ്രദ്ധ തന്നിലേക്ക് മാറുന്നതും ആ മുഖത്ത് ഒരു പുഞ്ചിരി വിടർന്നതും ആൻസി കണ്ടിരുന്നു….
പലവട്ടം തന്നെ നോക്കി പുഞ്ചിരിച്ചിട്ട് ഉണ്ടെങ്കിലും ആ ചൊടികൾ തനിക്ക് വേണ്ടി മാത്രം വിടർന്നത് ഇന്നൊരു കൗതുകത്തോടെയാണ് അവൾ നോക്കി കണ്ടത്…. അത്രമേൽ പ്രിയമായ ഒരുവനായി അവൻ അപ്പോഴേക്കും മനസ്സിനെ ഒരുഭാഗം കവർന്നു കഴിഞ്ഞുവല്ലോ.. അരികിലേക്ക് നടക്കും തോറും പാദങ്ങൾക്ക് ഒരേപോലെ വേഗതയും തളർച്ചയും തോന്നി…. ഇടനെഞ്ചിൽ നിന്നും ഒരു വെപ്രാളം മുകളിലേക്ക് ഉയരുന്നത് പോലെ, സംസാരിച്ചുകൊണ്ടിരുന്ന ആൾക്ക് മറുപടി കൊടുത്ത് അയാൾ മടങ്ങിതിനുശേഷം നേരെ തനിക്ക് നേരെ ആൾ നടക്കുന്നത് കണ്ടു… ” എവിടെ പോയതാ…?
ചിരിയോടെയാണ് ചോദ്യം, ” പള്ളിയിൽ ” നന്നായി വീട്ടിൽ തന്നെ ഇരിക്കുമ്പോൾ ആണ് ഓരോ ചിന്തകൾ…. അങ്ങനെ ആണെങ്കിൽ ഉടനെ ജോലിക്കു പോണം, ജോലി തരാൻ ഡോക്ടർ ഒക്കെ ആണ്…. ഇന്നലെ കൂടി എന്നെ വിളിച്ചു ചോദിച്ചു ഞാൻ പറഞ്ഞു ആശുപത്രിയിലാണ് എന്നൊക്കെ, ഒന്ന് ചിരിച്ചു എന്ന് വരുത്തി.. ” ജീന വന്നിരുന്നു, ഇന്നലെ…. ” ആണോ…? എന്തു പറഞ്ഞു, ” അമ്മച്ചി പറഞ്ഞു വിട്ടതാണ് എന്ന് പറഞ്ഞത്, എന്നോട് സമ്മതം ചോദിക്കാൻ…
ഒരു നിമിഷം ആ മുഖത്ത് പല സംശയങ്ങളും നിറഞ്ഞത് കണ്ടിരുന്നു, ” സമ്മതമോ..? ” കല്യാണത്തിന് സമ്മതം ചോദിക്കാൻ… ” ഹോ അതോ…! എന്നിട്ട് ആൻസി എന്ത് പറഞ്ഞു… ” അവളോട് ഞാൻ ഒന്നും പറഞ്ഞില്ല, ആലോചിച്ചു പറയാന്ന് പറഞ്ഞത്… അവൾ ഒന്ന് നിർത്തി… ” ആലോചിച്ചു…! ഇന്നലെ മുഴുവൻ ആലോചിച്ചു, തീരുമാനമെടുത്തു, ആ മുഖത്ത് പല വിധ ഭാവങ്ങൾ നിറഞ്ഞതും ഒരു ജിജ്ഞാസയോടെ തൻറെ മുഖത്തേക്ക് നോക്കുന്നതും കണ്ടു… ” എനിക്ക് സമ്മതമാണ്…! പൂർണ്ണ സമ്മതം…!….കാത്തിരിക്കൂ..?